ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയുടെ സര്‍വാധിപത്യം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിനാണ് ഓള്‍ ഔട്ടായത്. മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 9 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 127 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ.
യശ്വസി ജയ്‌സ്വാളും (76*) ശുബ്മാന്‍ ഗില്ലുമാണ് (14) ക്രീസില്‍. 24 റണ്‍സെടുത്ത രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്‌സ്വാള്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെയാണ് ക്രീസില്‍ തുടരുന്നത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സാക്ക് ക്രോളിയും (20) ബെന്‍ ഡക്കറ്റും (35) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇന്ത്യയുടെ സ്പിന്നര്‍മാരെയടക്കം ഫലപ്രദമായി നേരിട്ട് ഓപ്പണിങ് നിര മുന്നോട്ട് പോകവെ ഇന്ത്യയുടെ രക്ഷകനായി അശ്വിനെത്തി. 39 പന്ത് നേരിട്ട് 7 ബൗണ്ടറി ഉള്‍പ്പെടെ അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ ഡക്കറ്റിനെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
ഓപ്പണിങ് പൊളിഞ്ഞതോടെ ചെറിയ ഇടവേളയില്‍ ഇന്ത്യ രണ്ട് വിക്കറ്റുകള്‍ കൂടി നേടി. മൂന്നാമന്‍ ഒലി പോപ്പിനെ (1) രവീന്ദ്ര ജഡേജയുടെ പന്തില്‍ രോഹിത് ശര്‍മ ക്യാച്ചിലൂടെ പുറത്താക്കി. സ്ലിപ്പില്‍ ഗംഭീര ക്യാച്ചിലൂടെയാണ് രോഹിത് പോപ്പിനെ മടക്കിയത്.
40 പന്ത് നേരിട്ട് 20 റണ്‍സെടുത്ത സാക്ക് ക്രോളിയെ അശ്വിന്‍ മുഹമ്മദ് സിറാജിന്റെ കൈയിലെത്തിച്ചു. മുന്നോട്ട് ചാടി ഡൈവിങ് ക്യാച്ചിലൂടെയാണ് സിറാജ് ക്രോളിയെ കൂടാരം കയറ്റിയത്. 1ന് 55ല്‍ നിന്ന് 60 ന് 3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.
എന്നാല്‍ നാലാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയും (37) ജോ റൂട്ടും (29) ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് നേടിക്കൊടുത്തു. 58 പന്ത് നേരിട്ട് 5 ബൗണ്ടറി ഉള്‍പ്പെടെ 37 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. അധികം വൈകാതെ ജോ റൂട്ടും മടങ്ങി. മികച്ച ഫീല്‍ഡൊരുക്കി റൂട്ടിനെ രോഹിത് സമ്മര്‍ദ്ദത്തിലാക്കി. രവീന്ദ്ര ജഡേജയെ സ്വീപ് ഷോട്ടിന് ശ്രമിച്ച റൂട്ടിന് പിഴച്ചപ്പോള്‍ ജസ്പ്രീത് ബുംറയുടെ കൈയില്‍ അവസാനിച്ചു.

വിക്കറ്റ് കീപ്പന്‍ ബെന്‍ ഫോക്‌സ് (4) അല്‍പ്പനേരം പിടിച്ചുനിന്നു. എന്നാല്‍ അക്ഷര്‍ പട്ടേലിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. റഹാന്‍ അഹമ്മദ് ബെന്‍ സ്‌റ്റോക്‌സിന് മികച്ച പിന്തുണ നല്‍കി. 13 റണ്‍സെടുത്ത റഹാനെ ജസ്പ്രീത് ബുംറ കെ എസ് ഭരത്തിന്റെ കൈയിലെത്തിച്ചു. 24 പന്ത് നേരിട്ട് 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 23 റണ്‍സ് നേടിയ ടോം ഹാര്‍ട്ട്‌ലിയെ രവീന്ദ്ര ജഡേജ ക്ലീന്‍ബൗള്‍ഡാക്കി. മാര്‍ക്ക് വുഡിനെ (11) അശ്വിന്‍ ക്ലീന്‍ബൗള്‍ഡാക്കി.
ബെന്‍ സ്‌റ്റോക്‌സ് നായകന്റെ ഇന്നിങ്‌സ് കാഴ്ചവെച്ചു. 88 പന്ത് നേരിട്ട് 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 70 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. സ്‌റ്റോക്‌സിനെ ക്ലീന്‍ബൗള്‍ഡാക്കി ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് അവസാനമിട്ടത്. 64.3 ഓവറില്‍ 246 റണ്‍സാണ് ഇംഗ്ലണ്ടിന് നേടാനായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), യശ്വസി ജയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (c), ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്