For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റെക്കോഡ് 'ഡബിള്‍', വിജയ രഹസ്യമെന്ത്? ആരുടേയും ഉപദേശമല്ല- ജയ്‌സ്വാള്‍ പറയുന്നു

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുമ്പോള്‍ ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടുകയാണ് യശ്വസി ജയ്‌സ്വാള്‍. ഈ പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കവെ രണ്ടാം ഇരട്ട സെഞ്ച്വറി താരം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ഏഴ് ടെസ്റ്റില്‍ നിന്ന് മൂന്ന് സെഞ്ച്വറിയടക്കം നേടി ഇന്ത്യയുടെ വിശ്വസ്തനായി ജയ്‌സ്വാള്‍ മാറിക്കഴിഞ്ഞു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍.

അന്താരാഷ്ട്ര ക്രിക്കറ്റിലെ പല വമ്പന്‍ റെക്കോഡുകളേയും കടപുഴക്കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചിരിക്കുന്നത്. തന്റെ കരിയറിലെ വിജയ രഹസ്യത്തെക്കുറിച്ച് ഒരിക്കല്‍ ജയ്‌സ്വാള്‍ വെളിപ്പെടുത്തിയിരുന്നു. അത് എന്താണെന്ന് പരിശോധിക്കാം. 'ഭയമില്ലാതെ കളിക്കുകയെന്നതാണ് എന്റെ വിജയ രഹസ്യം. എന്റെ എല്ലാ ഷോട്ടുകളും കളിക്കാന്‍ ശ്രമിക്കുന്നു. എന്റെ തീരുമാനങ്ങളില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പരിശീലകരോടടക്കം ഇത് പറയാറുണ്ട്.

അവരെല്ലാം ഇന്ത്യ തീരുമാനത്തോട് അനുകൂലമായാണ് സംസാരിക്കാറുള്ളത്. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ നിന്നാണ് ഞാന്‍ ക്രിക്കറ്റ് താരമായി വളര്‍ന്നത്. ഇത് എനിക്ക് ഗുണകരമായ കാര്യമാണ്. കാരണം ഒന്നും നഷ്ടപ്പെടാനില്ലാത്ത മനോഭാവമാണ് എനിക്കുള്ളത്. കൂടാതെ കഠിനമായി പൊരുതാനുള്ള മനോവീര്യവും നല്‍കും. ക്രിക്കറ്റല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിലില്ല. ക്രിക്കറ്റാണ് എന്റെ ജീവിതം. എന്റെ ലക്ഷ്യത്തിലേക്കെത്താന്‍ 100 ശതമാനവും സമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാണ്' എന്നാണ് ജയ്‌സ്വാള്‍ പറഞ്ഞത്.

താരം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഇതാണ്. ഭയമില്ലാതെ കടന്നാക്രമിക്കുകയാണ് ചെയ്തത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ജെയിംസ് ആന്‍ഡേഴ്‌സനെ മൂന്ന് തുടര്‍ സിക്‌സുകള്‍ പറത്താന്‍ ജയ്‌സ്വാളിനായി. ടെസ്റ്റിലെ ഇതിഹാസ ബൗളര്‍മാരിലൊരാളായ ആന്‍ഡേഴ്‌സന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നത്. ഇതിന് കാരണം 22 കാരനായ ജയ്‌സ്വാളാണെന്ന് പറയാം. ബൗളറുടെ വലുപ്പം നോക്കാതെ കടന്നാക്രമിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നു.

Yashasvi Jaiswal

സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്നാണ് ജയ്‌സ്വാള്‍ വളര്‍ന്നുവന്നത്. അങ്കിളിനൊപ്പമുള്ള താമസം വിട്ട് മൈതാനത്തിനരികെ താമസിച്ച് കഠിനമായി അധ്വാനിച്ചാണ് ജയ്‌സ്വാള്‍ വളര്‍ന്നുവന്നത്. അദ്ദേഹത്തിന്റെ പിതാവ് പാനിപ്പൂരി വില്‍ക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിന് പരിശീലന സാമഗ്രികള്‍ പോലും ജയ്‌സ്വാളിനില്ലായിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം അതിജീവിച്ച് ഇന്നത്തെ നിലയിലേക്ക് വളരാന്‍ താരത്തിനായി.

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ജയ്‌സ്വാള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. പവര്‍പ്ലേയില്‍ കടന്നാക്രമിക്കുന്ന ജയ്‌സ്വാളിന്റെ ധൈര്യമാണ് ദേശീയ ടീമിലേക്കും അദ്ദേഹത്തിന് വിളി നല്‍കിയത്. ഇപ്പോള്‍ കളിക്കുന്ന എല്ലാ ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ ജയ്‌സ്വാളിന് സാധിക്കുന്നു. മികച്ച ഇടം കൈയന്‍ ഓപ്പണര്‍മാരുടെ അഭാവം ഇന്ത്യക്കുണ്ടായിരുന്നു. ഈ വിടവ് നികത്തിയാണ് ജയ്‌സ്വാള്‍ ഇപ്പോള്‍ ടീമില്‍ വേരുറപ്പിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി ജയ്‌സ്വാള്‍ മാറിയിരിക്കുകയാണ്. 22 വയസിനുള്ളില്‍ രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായും ജയ്‌സ്വാള്‍ മാറി. സുനില്‍ ഗവാസ്‌ക്കറാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. 12 സിക്‌സുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ പറത്തിയത്. ഇന്ത്യക്കായി ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായി ജയ്‌സ്വാള്‍ മറിക്കഴിഞ്ഞു.

സെവാഗിനും രോഹിത് ശര്‍മക്കുമടക്കം നേടാനാവാത്ത റെക്കോഡാണ് യുവതാരം നേടിയിരിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സ്, ഫോര്‍, ശരാശരി തുടങ്ങിയ പ്രധാനപ്പെട്ട റെക്കോഡുകളെല്ലാം ജയ്‌സ്വാളിന്റെ പേരിലാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമായി ജയ്‌സ്വാള്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്.

Story first published: Sunday, February 18, 2024, 15:28 [IST]
Other articles published on Feb 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+