ലീഡ്‌സ്: വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവയ്ക്കു പിന്നാലെ ഇംഗ്ലണ്ടിലും കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയോടെ ഹീറോ ആയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ചന്നെയാണ് മൂന്നാം സെഷനില്‍ അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയത്. ഇതോടെ വമ്പന്‍ റെക്കോര്‍ഡുകളും ജയ്‌സ്വാളിനെ തേടിയെത്തിയിരിക്കുകയാണ്.
155 ബോളുകൡലാണ് അദ്ദേഹം കരിയറില്‍ വീണ്ടുമൊരിക്കല്‍ കൂടി മൂന്നക്കത്തിലെത്തിയത്. 159 ബോളില്‍ 16 ഫോറും ഒരു സിക്‌സറുമടക്കം 101 റണ്‍സ് നേടി ജയ്‌സ്വാള്‍ ക്രീസ് വിടുകയും ചെയ്തു. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേട്ടമാണിത്. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ടീമിനെ ശക്തമായ നിലയിലുമെത്തിച്ചിരിക്കുകയാണ്.

സച്ചിനൊപ്പമെത്തി ജയ്‌സ്വാള്‍
ലീഡ്‌സ് ടെസ്റ്റിലെ കിടിലന്‍ സെഞ്ച്വറിടോടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പമെത്തിയിരിക്കുകയാണ് യശസ്വി ജയ്‌സ്വാള്‍. 24 വയസ്സിനുള്ളില്‍ തന്നെ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ച്വറി കുറിച്ച ഇന്ത്യന്‍ ബാറ്ററെന്ന സച്ചിന്റെ റെക്കോര്‍ഡിലാണ് ജയ്്‌സ്വാളും ഇപ്പോള്‍ പങ്കാളിയായിരിക്കുന്നത്. സച്ചിനെക്കൂടാതെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മാത്രമേ നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുളളൂ.
ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യയുടെ ആദ്യത്തെ ഇടംകൈയന്‍ ഓപ്പണറെന്ന അപൂര്‍വ്വ റെക്കോര്‍ഡും ജയ്‌സ്വാള്‍ സ്വന്തമാക്കിയിരിക്കുകയാണ്. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി, നിലവിലെ കോച്ച് കൂടിയായ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു പോലും സാധിച്ചിട്ടില്ലാത്ത നേട്ടമാണ് ജയ്‌സ്വാള്‍ ഇംഗ്ലണ്ടിലെ കന്നി ടെസ്റ്റില്‍ തന്നെ സ്വന്തമാക്കിയത്. ലീഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി കുറിച്ച ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡിനും താരം അവകാശിയായി.
23ാം വയസ്സിനുള്ളില്‍ വിദേശത്തു ഇന്ത്യക്കു വേണ്ടി കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലെ മൂന്നാമനുമായിരിക്കുകയാണ് അദ്ദേഹം. ഈ ലിസ്റ്റില്‍ തലപ്പത്ത് സച്ചിനാളുള്ളത്. ഏഴു സെഞ്ച്വറികളൈണ് 23 വയസ്സാവുമ്പോഴേക്കും രാജ്യത്തിനു പുറത്ത് അദ്ദേഹം വാരിക്കൂട്ടിയത്.
നാലു സെഞ്ച്വറികളുമായി മറ്റൊരു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറാണ് ഈ ലിസ്റ്റില്‍ രണ്ടാമത്. ഫോം തുടര്‍ന്നാല്‍ ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയില്‍ തന്നെ ജയ്‌സ്വാള്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയേക്കും.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ അഞ്ചാം സെഞ്ച്വറിയാണ് ജയ്‌സ്വാള്‍ കണ്ടെത്തിയത്. നിലലിലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, മുന്‍ ഇതിഹാസം വിരാട് കോലി എന്നിവര്‍ക്കൊപ്പം അദ്ദേഹമെത്തുകയും ചെയ്തു. ഒമ്പതു സെഞ്ച്വറികളുള്ള മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. അധികം വൈകാതെ തന്നെ ഹിറ്റ്മാനെയും ജയ്‌സ്വാള്‍ മറികടക്കുമെന്നുറപ്പാണ്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍ ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡണ്‍ കാര്‍സ്, ജോഷ് ടോങ്, ഷോയിബ് ബഷീര്‍.