വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ കൈയടി നേടിയിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. ഇന്ത്യയുടെ പേരുകേട്ട സൂപ്പര്‍ താരങ്ങളെല്ലാം ഒരുവശത്ത് നിരാശപ്പെടുത്തിയപ്പോള്‍ ഒറ്റക്ക് പൊരുതിയ ജയ്‌സ്വാള്‍ 209 റണ്‍സാണ് അടിച്ചെടുത്തത്. 290 പന്ത് നേരിട്ട് 19 ഫോറും 7 സിക്‌സറും ഉള്‍പ്പെടെയാണ് ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനം. വലിയ തകര്‍ച്ചയിലേക്ക് പോകാതെ ഇന്ത്യയെ പിടിച്ചുനിര്‍ത്തിയ ഇന്നിങ്‌സാണിതെന്ന് പറയാം.
ജെയിംസ് ആന്‍ഡേഴ്‌സണെ ക്രീസില്‍ നിന്ന് കയറി സിക്‌സര്‍ പറത്താനുള്ള ജയ്‌സ്വാളിന്റെ ശ്രമം ജോണി ബെയര്‍സ്‌റ്റോയുടെ കൈയില്‍ അവസാനിക്കുമ്പോഴേക്കും ഇന്ത്യ 383 എന്ന ഭേദപ്പെട്ട നിലയിലേക്ക് എത്തിയിരുന്നു. 19 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് ജയ്‌സ്വാളിന്റെ കിടിലന്‍ പ്രകടനം. ഇതോടെ ഇംഗ്ലണ്ടിനെതിരേ മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ജയ്‌സ്വാള്‍. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരേ 7 സിക്‌സര്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്.
ഇന്ത്യയുടെ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോസായ വിരാട് കോലിക്കും രോഹിത് ശര്‍മക്കും സാധിക്കാത്ത നേട്ടമാണ് ജയ്‌സ്വാള്‍ നേടിയെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ക്ക് പോലും ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല. ഇംഗ്ലണ്ട് താരങ്ങള്‍ പോലും അഭിനന്ദിച്ച തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ജയ്‌സ്വാളിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
22കാരനായ ജയ്‌സ്വാള്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി പ്രകടനം നടത്തുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായിരിക്കുകയാണ്. 21 വയസും 32 ദിവസവും പ്രായമുള്ളപ്പോള്‍ വിനോദ് കാംബ്ലി ഈ നേട്ടത്തിലേക്കെത്തിയിരുന്നു. 21 വയസും 277 ദിവസവുമുള്ളപ്പോള്‍ ഇരട്ട സെഞ്ച്വറി നേടിയ സുനില്‍ ഗവാസ്‌കറാണ് രണ്ടാം സ്ഥാനത്ത്. 22 വയസും 37 വയസുമാണ് നിലവിലെ കുല്‍ദീപിന്റെ പ്രായം.

സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാളും വിരാട് കോലിയെക്കാളും മുമ്പ് ഇന്ത്യക്കായി ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടാന്‍ ജയ്‌സ്വാളിനായി എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ മറ്റൊരു താരവും 50ലധികം റണ്‍സ് നേടാത്ത സാഹചര്യത്തിലാണ് ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറി പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. 34 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം 50ല്‍ കുറവ് റണ്‍സെടുത്ത മത്സരത്തില്‍ കൂടുതല്‍ റണ്‍സടിക്കുന്ന താരമായി മാറാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. 2003ല്‍ ഓസ്‌ട്രേലിയക്കെതിരേ വീരേന്ദര്‍ സെവാഗ് 195 റണ്‍സ് നേടിയതായിരുന്നു ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. ഇതാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. ഇംഗ്ലണ്ടിനെതിരേ വിനോദ് ക്ലാംബി ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ 184 റണ്‍സുമടിച്ചു. വിവിഎസ് ലക്ഷ്മണ്‍ ഓസ്‌ട്രേലിയക്കെതിരേ 167 റണ്‍സും വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 153 റണ്‍സും നേടിയിട്ടുണ്ട്.
ഇവരുടെയെല്ലാം റെക്കോഡ് പഴങ്കഥയാക്കാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. ജയ്‌സ്വാള്‍ 209 റണ്‍സ് നേടിയപ്പോള്‍ ടീമിലെ മറ്റ് താരങ്ങളെല്ലാം ചേര്‍ന്ന് നേടിയത് വെറും 185 റണ്‍സാണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. രോഹിത് ശര്‍മയ്ക്കും (14) ശുബ്മാന്‍ ഗില്ലിനും (34) ശ്രേയസ് അയ്യര്‍ക്കും (27) ഇന്ത്യയുടെ രക്ഷകരാവാന്‍ സാധിക്കാത്തിടത്താണ് 22കാരന്‍ ഇന്ത്യയുടെ ഹീറോയായി മാറിയത്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഹീറോയായി ജയ്‌സ്വാള്‍ മാറിക്കഴിഞ്ഞു.
നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറാണ് ജയ്‌സ്വാള്‍. സമ്മര്‍ദ്ദം നിറഞ്ഞ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ ഹീറോയായി മാറാന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. പിച്ച് ബാറ്റിങ്ങിന് അനുകൂലമായിട്ടും ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.