ധരംശാല: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ അവിശ്വസനീയ ഫോം തുടരുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. പരമ്പരയില്‍ റണ്‍വേട്ട നടത്തി കുതിക്കുന്ന 22 കാരന്‍ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും നിരാശപ്പെടുത്തിയില്ല. വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചാണ് താരം ക്രീസ് വിട്ടത്. പതിവുപോലെ അറ്റാക്കിങ് ഇന്നിങ്‌സ് കാഴ്ചവച്ച ജയ്‌സ്വാള്‍ 57 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. വെറും 58 ബോളുകളില്‍ നിന്നായിരുന്നു ഇത്. അഞ്ചു ഫോറുകളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലായിരുന്നു.
ഈ കിടിലന്‍ ഇന്നിങ്‌സിനിടെ ഒരു വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡും തകര്‍ത്തിരിക്കുകയാണ് ജയ്‌സ്വാള്‍. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്ന ഓള്‍ടൈം റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേരത്തേ സച്ചിന് സ്വന്തമായിരുന്നു. ഇതാണ് ധരംശാല ടെസ്റ്റില്‍ ആദ്യദിനം തന്നെ ജയ്‌സ്വാള്‍ തട്ടിയെടുത്തത്.

25 സിക്‌സറുകളുമായിട്ടാണ് സച്ചിന്‍ നേരത്തേ തലപ്പത്തുണ്ടായിരുന്നത്. തന്റെ ഫേവറിറ്റ് എതിരാളികളായ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു സച്ചിന്‍ ഇത്രയും സിക്‌സറുകളടിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ കളിച്ച അഞ്ചാം ടെസ്റ്റില്‍ തന്നെ ജയ്‌സ്വാള്‍ ഈ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്. 26 സിക്‌സറുകളുമായാണ് യുവ ഓപ്പണര്‍ ഇപ്പോള്‍ ഒന്നാംസ്ഥാനത്തുള്ളത്. ജയ്‌സ്വാളും സച്ചിനും കഴിഞ്ഞാല്‍ ലിസ്റ്റിലെ മൂന്നാമന്‍ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ്.
22 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് ഹിറ്റ്മാന്‍ ഇത്രയും സിക്‌സറുകള്‍ നേടിയത്. എലൈറ്റ് ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ്. ഇരുവരും 21 വീതം സിക്‌സറുകളടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേയാണ് കപിലും റിഷഭും ഇത്രയും സിക്‌സറുകള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്.
സച്ചിന്റെ ഓള്‍ടൈം സിക്‌സര്‍ റെക്കോര്‍ഡ് തകര്‍ക്കുന്നതിനോടൊപ്പം മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ വമ്പന്‍ നേട്ടത്തിനൊപ്പവും ജയ്‌സ്വാള്‍ ഈ ടെസ്റ്റില്‍ എത്തിയിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ 700ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേരത്തേ ഗവാസ്‌കറിനു മാത്രം അവകാശപ്പെട്ടതായിരുന്നു. അദ്ദേഹത്തിനു രണ്ടു തവണ ഇതു സാധിക്കുകയും ചെയ്തിട്ടുണ്ട്.

1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഗവാസ്‌കര്‍ ആദ്യമായി 700പ്ലസ് റണ്‍സ് കുറിച്ചത്. അതിനു ശേഷം 1978-79ല്‍ വിന്‍ഡീസിനെതിരേ തന്നെ അദ്ദേഹം ഇതാവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോള്‍ ജയ്‌സ്വാളും ഈ അപൂര്‍വ്വ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ്. അഞ്ചു ടെസ്റ്റുകളിലെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും താരത്തിന്റെ സമ്പാദ്യം 712 റണ്‍സാണ്. 89 ശരാശരിയില്‍ 79.91 സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു ഡബിള്‍ സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 214 റണ്‍സുമാണ്.
പിടിമുറുക്കി ഇന്ത്യ
ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റിലും പിടിമുറുക്കിയിരിക്കുകയാണ് ഇന്ത്യ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഒന്നാംദിനം 218 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കായിരുന്നു. മറുപടി ബാറ്റിങില്‍ ആദ്യ ദിനം ഒരു വിക്കറ്റിനു 135 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.
57 റണ്‍സെടുത്ത ജയ്‌സ്വാളാണ് പുറത്തായത്. 52 റണ്‍സോടെ രോഹിത്തും 26 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്. ഒമ്പതു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനോടൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 83 റണ്‍സ് കൂടി മതി.