റാഞ്ചി: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ സ്വപ്‌നതുല്യമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. നാലാം ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിലായിരുന്നു താരത്തിന്റെ നേട്ടം. സിക്‌സര്‍ വേട്ടയിലാണ് ജയ്‌സ്വാള്‍ വന്‍ നാഴികക്കല്ല് പിന്നിട്ടത്. ഒരു സിക്‌സര്‍ നേടിയതോടെയാണ് അദ്ദേഹം എലൈറ്റ് ക്ലബ്ബില്‍ ഒരു സ്ഥാനം മുകളിലേക്കു കയറിയത്.
ടെസ്റ്റില്‍ ഒരു ടീമിനെതിരേ ഏറ്റവുമധികം സിക്‌സറടിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാമനായി ജയ്‌സ്വാള്‍ മാറിയിരിക്കുകയാണ്. 23 സിക്‌സറുകളാണ് വെറും ഏഴിന്നിങ്‌സുകളില്‍ നിന്നും ഇംഗ്ലണ്ടിനെതിരേ താരം വാരിക്കൂട്ടിയത്. നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് ജയ്‌സ്വാള്‍ ഓവര്‍ടേക്ക് ചെയ്തത്.

22 സിക്‌സറുകളാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. ഇതാവട്ടെ സൗത്താഫ്രിക്കയ്‌ക്കെതിരേയുമാണ്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ 23ാം സിക്‌സറും നേടിയതോടെ രോഹിത്തിനെ ജയ്‌സ്വാള്‍ മറികടക്കുകയായിരുന്നു. ഇനി ജയ്‌സ്വാളിനു മുന്നിലുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ്. 25 സിക്‌സറുകളുമായാണ് അദ്ദേഹം തലപ്പത്തുള്ളത്.
ഇത്രയും സിക്‌സറുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയതാവട്ടെ തന്റെ ഫേവറിറ്റ് എതിരാളികളായ ഓസ്‌ട്രേലിയക്കെതിരേയുമാണ്. പക്ഷെ സച്ചിന്റെ ഈ റെക്കോര്‍ഡ് സേഫല്ല. അദ്ദേഹത്തെ മറികടന്ന് പുതിയ ചരിത്രം കുറിക്കാന്‍ ജയ്‌സ്വാളിനു ഇനി മൂന്നു സിക്‌സറുകള്‍ കൂടി മതി. ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തന്നെ സച്ചിന്റെ ഈ റെക്കോര്‍ഡ് 22 കാരന്‍ തിരുത്തിയേക്കും.
സച്ചിന്‍, ജയ്‌സ്വാള്‍, രോഹിത് എന്നിവര്‍ കഴിഞ്ഞാല്‍ ഒരു ടീമിനെതിരേ ടെസ്റ്റില്‍ കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യക്കാരില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരാണ്. ഇരുവരും 21 സിക്‌സറുകള്‍ വീതം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേയാണ് കപിലും റിഷഭും ഇത്രയു സിക്‌സറുകളടിച്ചത്.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടു ടീമുകളിലെയും മറ്റു താരങ്ങളെ പിന്നിലാക്കി റണ്‍വേട്ടയില്‍ ജയ്‌സ്വാള്‍ ബഹുദൂരം മുന്നിലാണ്. ഏഴിന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 595* റണ്‍സാണ്. 118.6 എന്ന അവിശ്വസനീയ ശരാശരിയിലാണിത്. രണ്ടു ഡബിള്‍ സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. രാജ്‌കോട്ടിലെ കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ നേടിയ 214 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
23 സിക്‌സറുകള്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയപ്പോള്‍ പരമ്പരയില്‍ മറ്റൊരു താരം പോലും ആറു സിക്‌സറുകള്‍ പോലും ആകെ നേടിയിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. അഞ്ചു സിക്‌സറുകള്‍ വീതമടിച്ച ഇംഗ്ലണ്ട് താരങ്ങളായ സാക്ക് ക്രോളിയും ടോം ഹാര്‍ട്ട്‌ലിയുമാണ് രണ്ടാംസ്ഥാനത്തുള്ളത്.
ഇന്ത്യ പൊരുതുന്നു
റാഞ്ചിയില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 353 റണ്‍സിനു മറുപടിയില്‍ ഇന്ത്യ പൊരുതുകയാണ്. രണ്ടാം ദിനം രണ്ടാം സെഷനില്‍ 35 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 113 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 240 റണ്‍സ് കൂടി വേണം. ഫിഫ്റ്റിയോടെ ജയ്‌സ്വാളും (53*) റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് (2), ശുഭ്മന്‍ ഗില്‍ (38), രജത് പാട്ടിധാര്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.