മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പറായും ഓപ്പണറായും മുഖ്യ പരിഗണന ലഭിച്ചിരിക്കുന്നത് സഞ്ജു സാംസണിനാണ്. കഴിഞ്ഞ വര്‍ഷം ഗംഭീര്‍ സഞ്ജുവിനെ ടി20യില്‍ ഓപ്പണറാക്കിയിരുന്നു. മൂന്ന് സെഞ്ച്വറികളോടെയാണ് സഞ്ജു മിന്നിച്ചത്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ രണ്ട് തുടര്‍ സെഞ്ച്വറികളാണ് അടിച്ചെടുത്തത്.
ഇംഗ്ലണ്ടിനെതിരേ സഞ്ജു സാംസണ്‍ സെഞ്ച്വറിയോടെ വീണ്ടും കൈയടി നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. ടി20യിലെ ഇന്ത്യയുടെ സെഞ്ച്വറി നേട്ടക്കാരില്‍ അഞ്ച് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ റെക്കോഡിനൊപ്പമെത്താന്‍ സഞ്ജുവിനാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ സഞ്ജു തിളങ്ങാന്‍ സാധ്യത കുറവാണ്. ഇതിന് ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
സഞ്ജുവിന്റെ സമീപകാല ഫോം മോശം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മിന്നും പ്രകടനത്തിന് ശേഷം സഞ്ജു സാംസണ്‍ കേരളത്തിനായി കളിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. കേരളത്തിനായും ഓപ്പണിങ്ങില്‍ കളിച്ച സഞ്ജു നിരാശപ്പെടുത്തി. സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിനായില്ല. ഇതിന് ശേഷം സഞ്ജു വിശ്രമത്തിലാണുള്ളത്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് സഞ്ജു വിശ്രമമെടുത്തിരിക്കുകയാണ്.
ഇപ്പോള്‍ വലിയ ഇടവേളക്ക് ശേഷമാണ് സഞ്ജു ഇംഗ്ലണ്ട് പരമ്പരക്കിറങ്ങുന്നത്. സഞ്ജുവിന് പെട്ടെന്ന് ഫോമിലേക്കെത്താന്‍ സാധിക്കുമോയെന്നത് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കുക പ്രയാസമാണെന്ന് തന്നെ പറയാം. ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.

ഇംഗ്ലണ്ടിന്റെ ബൗളിങ് കരുത്ത് ശക്തം
ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സഞ്ജു അടിച്ചുതകര്‍ത്തിരുന്നു. എന്നാല്‍ രണ്ട് ടീമിന്റേയും ബൗളിങ് കരുത്ത് അത്ര ശക്തമായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാര്‍ക്കോ യാന്‍സന്‍ മാത്രമായിരുന്നു എടുത്തു പറയാവുന്ന പേസര്‍. കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ തുടങ്ങിയ സൂപ്പര്‍ പേസര്‍മാര്‍ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തുക തകര്‍പ്പന്‍ ബൗളിങ് നിരയുമായാവുമെന്നുറപ്പാണ്.
ജോഫ്രാ ആര്‍ച്ചര്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണ് കളിക്കുന്നത്. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം ഗംഭീരമാണ്. അതിവേഗ പേസറായ ആര്‍ച്ചറെ ന്യൂബോളില്‍ നേരിടാന്‍ സഞ്ജു നന്നായി പ്രയാസപ്പെടും. മാര്‍ക്ക് വുഡും ഇംഗ്ലണ്ട് പേസ് നിരയിലുണ്ടാവും. അനുഭവസമ്പന്നനായ വുഡിനേയും ഭയക്കണം. സ്പിന്നറായി അനുഭവസമ്പന്നനായ ആദില്‍ റഷീദുണ്ട്. ബംഗ്ലാദേശ് സ്പിന്നര്‍മാരെ നേരിട്ടതുപോലെ റഷീദിനെ നേരിടുക പ്രയാസമായിരിക്കും. വലിയ വെല്ലുവിളിയാണ് സഞ്ജുവിന് മുന്നിലുള്ളത്.
സഞ്ജുവിന് മുകളില്‍ സമ്മര്‍ദ്ദമുണ്ടാവും
സഞ്ജു സാംസണിന് മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പാണ്. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും മിന്നിച്ചതുകൊണ്ട് ഇംഗ്ലണ്ടിനെതിരേയും സഞ്ജു കസറുമെന്ന പ്രതീക്ഷ ആരാധകര്‍ക്കും ടീം മാനേജ്‌മെന്റിനുമുണ്ടാവും. ഈ പ്രതീക്ഷ കാക്കാന്‍ സഞ്ജുവിന് മുകളില്‍ സമ്മര്‍ദ്ദമുണ്ടാവും. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തമായ ടീമിനെതിരേ വലിയ പ്രകടനം നടത്തുകയെന്നത് പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് വലിയ സ്‌കോര്‍ നേടുകയെന്നത് കടുപ്പമാവും.
ഈ വെല്ലുവിളികളെയെല്ലാം മറികടക്കാന്‍ കഴിവുള്ളവനാണ് സഞ്ജു. അതുകൊണ്ടുതന്നെ അഞ്ച് മത്സര പരമ്പര സഞ്ജു മുതലാക്കുമെന്ന് തന്നെ പറയാം. ഓപ്പണര്‍ സ്ഥാനം നോട്ടമിട്ട് പല പ്രമുഖരും പുറത്തുണ്ട്. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഓപ്പണര്‍ സ്ഥാനം നോട്ടമിടുന്നവരാണ്. അഭിഷേക് ശര്‍മക്ക് സ്ഥിരതയോടെ കളിക്കാനാവാത്ത സാഹചര്യത്തില്‍ സഞ്ജുവിന് മുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവും. എങ്ങനെയാവും സഞ്ജുവിന്റെ പ്രകടനമെന്നത് കാത്തിരുന്ന് കാണാം.