മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ കരുത്തുകാട്ടി വിജയം നേടിയെടുത്തിരിക്കുകയാണ്. അഞ്ച് മത്സര പരമ്പര 4-1നാണ് ഇന്ത്യ അലമാരയിലെത്തിച്ചത്. അഭിഷേക് ശര്‍മയും ശിവം ദുബെയും വരുണ്‍ ചക്രവര്‍ത്തിയുമെല്ലാം കരുത്തുകാട്ടിയ പരമ്പര കൂടിയാണിത്. എന്നാല്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച സഞ്ജു സാംസണിന് കാര്യമായൊന്നും ചെയ്യാനുമായില്ല. മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ നേടി സമീപകാലത്തായി സഞ്ജു തകര്‍പ്പന്‍ ഫോമിലായിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരേ 26, 5, 3, 1, 16 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് മത്സരത്തില്‍ നന്നായി തുടങ്ങാന്‍ സാധിച്ചെങ്കിലും അതിനെ വലിയ സ്‌കോറിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ആരാധകരേയും ടീം മാനേജ്‌മെന്റിനേയും തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചില്ലെന്ന് തന്നെ പറയാം. ഇതിനിടെ അവസാന മത്സരത്തിനിടെ സഞ്ജുവിന് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്.
ദ്രുവ് ജുറേലാണ് അഞ്ചാം മത്സരത്തില്‍ ഇന്ത്യക്കായി വിക്കറ്റ് കീപ്പറായത്. ഇതോടെ സഞ്ജുവിന്റെ പരിക്ക് സംബന്ധിച്ച ആശങ്കകള്‍ തുടരുകയാണ്. സഞ്ജുവിന് ഐപിഎല്ലടക്കം നഷ്ടമായേക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളുള്ളത്. സഞ്ജുവിന്റെ പരിക്കുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയാം.
സഞ്ജുവിന്റെ കൈവിരലിനാണ് പരിക്ക്
സഞ്ജു സാംസണിന് അഞ്ചാം ടി20ക്കിടെ കൈവിരലിനാണ് പരിക്കേറ്റത്. ബാറ്റ് ചെയ്യുന്നതിനിടെ ഏറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈവിരലിന്റെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റ സാഹചര്യത്തില്‍ സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങില്‍ നിന്ന് വിശ്രമം നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ സമയത്ത് സഞ്ജു സഹതാരങ്ങളോടൊപ്പം ഡഗൗട്ടിലുണ്ടായിരുന്നു.

ഐപിഎല്‍ നഷ്ടമാകുന്ന സാഹചര്യം നിലവിലില്ല. സഞ്ജുവിന് വേഗത്തില്‍ സുഖം പ്രാപിക്കാമെന്നും കൈവിരലിന് ചെറിയ വേദന മാത്രമാണുള്ളതെന്നുമാണ് വിവരം. അങ്ങനെ വന്നാല്‍ സഞ്ജുവിന് ഐപിഎല്‍ നഷ്ടമാകാന്‍ സാധ്യതയില്ല. സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് ഉയരാത്തതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയാണുള്ളത്. ഷോര്‍ട്ട് ബോള്‍ കെണിയില്‍ സഞ്ജു തുടര്‍ച്ചയായി പുറത്താവുന്നത് പുതിയ ആശങ്കകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.
സഞ്ജു രാജസ്ഥാന്‍ ക്യാംപിലേക്ക് പോകും
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കും ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടമില്ല. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണിന് ഇനി വിശ്രമത്തിന്റെ സമയമാണ്. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് എളുപ്പമല്ല. കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. ഈ കൂട്ടുകെട്ടിനെ പൊളിച്ച് സഞ്ജുവിനെ കളിപ്പിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാന്‍ ക്യാംപിലേക്ക് പോകുമെന്നാണ് വിവരം.
രാഹുല്‍ ദ്രാവിഡിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന ക്യാംപ് ആരംഭിച്ചിട്ടുണ്ട്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഐപിഎല്ലായതിനാല്‍ സഞ്ജുവിന് ഇപ്പോള്‍ രാജസ്ഥാന്‍ ക്യാംപിലേക്കെത്തിയാല്‍ കൂടുതല്‍ മുന്നൊരുക്കത്തിന് സമയം ലഭിക്കും. സഞ്ജുവിന് കീഴില്‍ ഇത്തവണ രാജസ്ഥാന്‍ കിരീടത്തില്‍ മുത്തമിടുന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജോസ് ബട്‌ലറും ആര്‍ അശ്വിനും ട്രന്റ് ബോള്‍ട്ടും യുസ് വേന്ദ്ര ചഹാലുമെല്ലാം പോയെങ്കിലും ശക്തമായ ടീം കരുത്ത് ഇപ്പോഴും രാജസ്ഥാനുണ്ട്.
ഇന്ത്യക്ക് ഇനി ഏകദിന പരീക്ഷ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. ടി20യെക്കാളും ഏകദിന പരമ്പരയാണ് ഇന്ത്യക്ക് നിര്‍ണ്ണായകം. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഏകദിനത്തിലെ ഇന്ത്യയുടെ പ്രകടനം എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഏകദിനത്തില്‍ ഇംഗ്ലണ്ട് അല്‍പ്പം കൂടി കരുത്തുകാട്ടുമെന്നുറപ്പാണ്. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ഫോം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.