ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടേറ്റ അപ്രതീക്ഷിത പരാജയം ഇന്ത്യന്‍ ക്യാംപിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. നാട്ടില്‍ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യ ആദ്യ ടെസ്റ്റില്‍ തീര്‍ച്ചയായും ജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ടീം മാനേജ്‌മെന്റ്. ആദ്യത്തെ രണ്ടു ദിവസം ജയത്തിനായി ശക്തമായ അടിത്തറയിടാനും ടീമിനായിരുന്നു. പക്ഷെ തുടര്‍ന്നുള്ള രണ്ടു ദിവസം കൊണ്ട് കളി കീഴ്‌മേല്‍ മറിയുകയും ഇംഗ്ലണ്ട് ഇന്ത്യക്കു അപ്രതീക്ഷിത ഷോക്ക് നല്‍കുകയുമായിരുന്നു. ഇതോടെ വെള്ളിയാഴ്ച വിശാഖപട്ടണത്തു ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
ഈ മല്‍സരവും തോല്‍ക്കുകയാണെങ്കില്‍ പിന്നീട് പരമ്പരയിലേക്കു തിരിച്ചുവരികയെന്നത് രോഹിത് ശര്‍മയ്ക്കും സംഘത്തിനും കൂടുതല്‍ ദുഷ്‌കരമായി മാറുകയും ചെയ്യും. ഈ മല്‍സരത്തില്‍ ജയിച്ചേ തീരൂവെന്നതിനാല്‍ ഏതു തരത്തിലുള്ള പിച്ചായിരിക്കും ഇന്ത്യ തയ്യാറാക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇവിടുത്തെ ചരിത്രം എങ്ങനെയാണെന്നും ഇന്ത്യ എന്തു തന്ത്രമായിരിക്കും പരീക്ഷിക്കുകയെന്നും നമുക്കു പരിശോധിക്കാം.

വിശാഖപട്ടണത്തെ ഡോ. വൈഎസ് രാജശേഖര റെഡ്ഡി സ്‌റ്റേഡിയത്തിനു ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെന്നു കാണാം. വെറും രണ്ടു ടെസ്റ്റ് മല്‍സരങ്ങള്‍ക്കു മാത്രമേ നേരത്തേ ഈ സ്റ്റേഡിയം വേദിയായിട്ടുള്ളൂ. ആദ്യ ടെസ്റ്റ് 2016ല്‍ ഇംഗ്ലണ്ടിനെതിരേയും രണ്ടാമത്തേയും അവസാനത്തെയും 2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയുമായിരുന്നു. രണ്ടു ടെസ്റ്റുകളിലും റണ്ണൊഴുകുന്ന ബാറ്റിങ് പിച്ചുകളായിരുന്നു ഇന്ത്യ തയ്യാറാക്കിയത്.
രണ്ടു ടെസ്റ്റുകളിലും ഇന്ത്യ ആധികാരിക വിജയവും ആഘോഷിച്ചിരുന്നു. ഇംഗ്ലണ്ടിനെ 246 റണ്‍സിനായിരുന്നു ഇന്ത്യ തകര്‍ത്തെറിഞ്ഞത്. അതിനു ശേഷം 2019ല്‍ സൗത്താഫ്രിക്കയെ ഇതേ ഗ്രൗണ്ടില്‍ 203 റണ്‍സിനും ഇന്ത്യ തുരത്തിയിരുന്നു. രണ്ടു ടെസ്റ്റുകളിലും വിരാട് കോലിയായിരുന്നു ഇന്ത്യയെ നയിച്ചത്. ഇത്തവണ രോഹിത്തിനു കീഴില്‍ ഇന്ത്യ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെയിറങ്ങുമ്പോള്‍ ചരിത്രം വഴി മാറുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇവിടെ ഏകദിനം കളിച്ച ഇന്ത്യക്കു ഓസ്ട്രേലിയയോടു പരാജയം നേരിട്ടിരുന്നു. അഞ്ചു വിക്കറ്റുകളുമായി മിച്ചെല്‍ സ്റ്റാര്‍ക്ക് കസറിയപ്പോള്‍ ഓസ്‌ട്രേലിയ ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു. അതിനു ശേഷം ഓസീസിനെതിരേ തന്നെ നവംബറില്‍ വിശാഖപട്ടണത്തു ടി20 കളിച്ചപ്പോള്‍ റണ്‍ മഴയാണ് കണ്ടത്. 400ന് മുകളില്‍ റണ്‍സായിരുന്നു ഈ മല്‍സരത്തില്‍ പിറന്നത്.

സ്ലോ പിച്ചുകളില്‍ ടെസ്റ്റ് കളിച്ചപ്പോഴെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറിയിട്ടുള്ളതായി കാണാന്‍ സാധിക്കും. ഹൈദരാബാദിലായാലും അഹമ്മദാബാദിലായാലും ഇതു തന്നെയാണ് ഇന്ത്യക്കു നേരിട്ടത്. പക്ഷെ രണ്ടാം ടെസ്റ്റിനു ബാറ്റിങ് ട്രാക്കൊരുക്കിയാല്‍ അതു ഇന്ത്യക്കു അതിനേക്കാള്‍ വലിയ ക്ഷീണമാവും. കാരണം ബാസ് ബോള്‍ ശൈലി പിന്തുടരുന്ന നിലവിലെ ഇംഗ്ലീഷ് ടീം ഇവിടെ റണ്‍സ് വാരിക്കൂട്ടാന്‍ ഇതു വഴിയൊരുക്കും. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന ടേണിങ് പിച്ചുകളൊരുക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളില്ല.
ടേണിങ് ട്രാക്കുകളിലെ ടെസ്റ്റ് റെക്കോര്‍ഡ് നോക്കിയാല്‍ 3.7 ഡിഗ്രി ടേണുള്ള പിച്ചുകളില്‍ 41 വിജയങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 4.2 ഡിഗ്രി ടേണുള്ള പിച്ചുകളിലാവട്ടെ അഞ്ചു പരാജയങ്ങള്‍ ഇന്ത്യക്കു നേരിടുകയും ചെയ്തു. ആദ്യ ടെസ്റ്റ് നടന്ന ഹൈദരാബാദ് പിച്ചിലെ ടേണ്‍ 4.2 ഡിഗ്രിയായിരുന്നു.
അതിനിടെ പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും സൂപ്പര്‍ താരമായ കെഎല്‍ രാഹുലിനെയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. ഇതിഹാസ ബാറ്റര്‍ വിരാട് കോലി നേരത്തേ തന്നെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയിരുന്നു. പ്രമുഖ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും പരിക്കു കാരണം ടീമിലുള്‍പ്പെട്ടിട്ടില്ല.