അഹമ്മദാബാദ്: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ടിനു 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ അവസാന ബോളില്‍ 356 റണ്‍സെന്ന വലിയ ടോട്ടല്‍ അടിച്ചെടുത്ത് പുറത്താവുകയായിരുന്നു. ശുഭ്മന്‍ ഗില്ലിന്റെ കിടിലന്‍ സെഞ്ച്വറിയും ശ്രേയസ് അയ്യര്‍, വിരാട് കോലി എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇന്ത്യക്കു കരുത്തായത്.
52 റണ്‍സുമായാാണ് കോലി ഈ മല്‍സരത്തില്‍ ഫോമിലേക്കു മടങ്ങിയെത്തിയത്. 55 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. എന്നാല്‍ തന്റെ ഇന്നിങ്‌സിനിടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണുമായി അദ്ദേഹം ഉരസിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്തായിരുന്നു സംഭവിച്ചതെന്നു നമുക്കു നോക്കാം.

സംഭവം 15ാം ഓവറില്‍
ഇംഗ്ലീഷ് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദെറിഞ്ഞ 15ാമത്തെ ഓവറിലായിരുന്നു സംഭവം. ഇന്ത്യ ഒരു വിക്കറ്റിനു 93 റണ്‍സെടുത്തു നില്‍ക്കെയാണ് റഷീദിനെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ആദ്യമായി പന്തെറിയാന്‍ വിളിച്ചത്. 47 റണ്‍സോടെ ശുഭ്മന്‍ ഗില്ലും 38 റണ്‍സെടുത്ത വിരാട് കോലിയുമായിരുന്നു ക്രീസില്‍.
ഓവറിലെ ആദ്യത്തെ ബോള്‍ നേരിട്ടത് കോലിയാണ്. അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനാണ് കോലി ശ്രമിച്ചത്. പക്ഷെ ലെഗ് സ്റ്റംപ് ഏരിയയില്‍ പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറിയ ബോള്‍ അദ്ദേഹത്തിന്റെ പാഡില്‍ പതിക്കുകയായിരുന്നു. പിന്നാലെ ഇംഗ്ലണ്ടിന്റെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളി. ഇതോടെ ബട്‌ലര്‍ റിവ്യു എടുക്കുകയും ചെയ്തു.
ലിയാം ലിവിങ്സ്റ്റണിനെ വിരാട് കോലി തള്ളി മാറ്റുന്ന വീഡിയോ കാണാം
എന്നാല്‍ ലെഗ് സ്റ്റംപിന് അല്‍പ്പം പുറത്താണ് ബോള്‍ പിച്ച് ചെയ്തതെന്നു ബോള്‍ ട്രാക്കിങില്‍ തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ ഇംഗ്ലണ്ടിന്റെ റിവ്യു തള്ളുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു തമാശയായി കോലിയെ ലിയാം ലിവിങ്‌സ്റ്റണ്‍ പരിഹസിച്ചത്. അല്‍പ്പം വ്യത്യാസത്തിലാണ് എല്‍ബിഡബ്ല്യുവില്‍ നിന്നും രക്ഷപ്പെട്ടതെന്നു കോലിക്കു അരികിലേക്കു വന്ന് ലിവിങ്‌സ്റ്റണ്‍ ആംഗ്യം കാണിക്കുകയും പറയുകയും ചെയ്യുകയായിരുന്നു.
പക്ഷെ ഇംഗ്ലീഷ് താരത്തിന്റെ ഈ തമാശ അത്ര രസിച്ചില്ലെന്നു കോലിയുടെ അപ്പോഴത്തെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. ദേഷ്യത്തില്‍ കാണപ്പെട്ട അദ്ദേഹം തന്റെയടുത്തേക്ക് വന്ന ചിരിയോടെ ലിവിങ്സ്റ്റണിനെ തള്ളി മാറ്റുകയും ചെയ്തു. ഇതുകണ്ട് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് അമ്പരന്നു നില്‍ക്കുന്നതും കാണാമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്.

വമ്പന്‍ ടോട്ടല്‍
ആദ്യത്തെ രണ്ടു ഏകദിനങ്ങളിലും റണ്‍ചേസിനൊടുവില്‍ ജയിച്ചു കയറിയ ഇന്ത്യക്കു ഈ കളിയില്‍ ആദ്യമായി ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയായിരുന്നു. റണ്ണൊഴുകിയ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇതു നന്നായി മുതലെടുക്കുകയും ചെയ്തു. കരിയറിലെ ഏഴാം സെഞ്ച്വറി കുറിച്ച ശുഭ്മന്‍ ഗില്ലാണ് ടീമിന്റെ അമരക്കാരനായത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (1) പെട്ടെന്നു നഷ്ടമാങ്കെിലും പിന്നീട് വന്നവരെല്ലാം ടീമിനായി മികച്ച സംഭാവനകള്‍ നല്‍കി. 102 ബോളില്‍ 14 ഫോറും മൂന്നു സിക്‌സറുമടക്കം 112 റണ്‍സ് അടിച്ചെടുത്താണ് ഗില്‍ പുറത്തായത്. ശ്രേയസ് അയ്യര്‍ (78) പരമ്പരയില്‍ തന്റെ രണ്ടാം ഫിഫ്റ്റിയുമായി നാലാം നമ്പറില്‍ വീണ്ടും മിന്നിച്ചു. 64 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.