രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര പുരോഗമിക്കുകയാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും ഇന്ത്യ ഗംഭീര ജയമാണ് നേടിയെടുത്തത്. എന്നാല്‍ ചില ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ രണ്ട് മത്സരത്തിലും വിജയിപ്പിച്ചത്. പ്രധാന താരങ്ങളില്‍ മിക്കവരും നിരാശപ്പെടുത്തുകയാണ്. അതിലൊരാളാണ് സഞ്ജു സാംസണ്‍. സമീപകാലത്തായി മിന്നും ഫോമിലാണ് സഞ്ജു ഉണ്ടായിരുന്നത്. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടാന്‍ സഞ്ജുവിനായി.
എന്നാല്‍ ഇംഗ്ലണ്ടിനെതിരേ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുകയാണ്. ആദ്യ മത്സരത്തില്‍ 22 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സാണ് നേടിയത്. രണ്ട് മത്സരത്തിലും ജോഫ്രാ ആര്‍ച്ചറിന്റെ പന്തിലാണ് സഞ്ജു പുറത്തായത്. അതിവേഗത്തിലെത്തുന്ന ഷോട്ട് ബോളുകളില്‍ സഞ്ജുവിന് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ രാജ്‌കോട്ടിലെ പ്രകടനം സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ വ്യത്യസ്തമായ പരിശീലനമാണ് രാജ്‌കോട്ടില്‍ നടത്തിയത്. 45 മിനുട്ടോളം പ്ലാസ്റ്റിക് പന്തില്‍ സഞ്ജു സാംസണ്‍ പരിശീലനം നടത്തിയിട്ടുണ്ടെന്നാണ് പിടി ഐയുടെ റിപ്പോര്‍ട്ട്. സഞ്ജു പ്ലാസ്റ്റിക് പന്തില്‍ പരിശീലനം നടത്തുന്നത് എന്തിനാണെന്ന് അറിയാമോ?. ഇത് എങ്ങനെ സഞ്ജുവിനെ സഹായിക്കുമെന്ന് പരിശോധിക്കാം.
ബൗണ്‍സിനെ എളുപ്പത്തില്‍ നേരിടാന്‍ സഹായിക്കും
പ്ലാസ്റ്റിക് പന്തില്‍ പരിശീലനം നടത്തുന്നതിന്റെ പ്രധാന കാരണം ബൗണ്‍സിനെ നേരിടുന്നതിനായാണ്. പ്ലാസ്റ്റിക് പന്ത് കട്ടിയുള്ള ഒരു പലകയിലോ സിമന്റ് പ്രതലത്തിലോ മറ്റും കുത്തിയാണ് എറിയുക. അങ്ങനെ വരുമ്പോള്‍ ഷോര്‍ട്ട് ബോളുകള്‍ വേഗത്തില്‍ ബാറ്റ്‌സ്മാന്റെ നേര്‍ക്ക് എത്തും. ഇതില്‍ പരിശീലനം നടത്തുന്നത് ഷോര്‍ട്ട് ബോളുകളെ എളുപ്പത്തില്‍ നേരിടാന്‍ ബാറ്റ്‌സ്മാനെ സഹായിക്കും. സഞ്ജു സാംസണ്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും ഷോര്‍ട്ട് ബോളിലാണ് പുറത്തായത്.

അതുകൊണ്ടുതന്നെ ഇത്തരമൊരു പരിശീലനം ഷോര്‍ട്ട് ബോളുകളെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ സഞ്ജുവിനെ സഹായിക്കും. കൂടാതെ ആദ്യ മത്സരങ്ങളില്‍ ഷോര്‍ട്ട് ബോളില്‍ മികച്ച ടൈമിങ് സഞ്ജുവിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തരമൊരു പരിശീലനത്തിലൂടെ പഴയ ടൈമിങ് വീണ്ടെടുക്കാന്‍ സഞ്ജുവിന് സാധിക്കും. പരിശീലനത്തില്‍ സഞ്ജുവിന് മിക്ക പന്തുകളും നന്നായി കണക്ട് ചെയ്യാനായിട്ടുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്.
അതിവേഗ പന്തുകളെ ആത്മവിശ്വാസത്തോടെ നേരിടാം
സഞ്ജു സാംസണിന്റെ ആദ്യ രണ്ട് മത്സരത്തിലെ പ്രകടനം നോക്കുമ്പോള്‍ അതിവേഗ പേസര്‍മാര്‍ക്കെതിരേ പതറുകയാണെന്ന് കാണാനാവും. ജോഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും ശരാശരി 145 വേഗം നിലനിര്‍ത്തിയാണ് പവര്‍പ്ലേയില്‍ പന്തെറിയുന്നത്. അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണ്‍ പതറുകയാണ്. പവര്‍പ്ലേയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ട സഞ്ജുവിന് അത് സാധിക്കാതെ പോവുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും പ്ലാസ്റ്റിക് പന്തിലെ പരിശീലനം സഹായിക്കും.
പ്ലാസ്റ്റിക് പന്തുകളില്‍ നല്ല വേഗത്തിലെത്തും. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ പ്ലാസ്റ്റിക് പന്തുകള്‍ നേരിട്ട് പരിശീലിക്കുമ്പോള്‍ പേസര്‍മാര്‍ക്കെതിരേ കൂടുതല്‍ ആത്മവിശ്വാസം ബാറ്റ്‌സ്മാന്‍മാര്‍ക്ക് ലഭിക്കുന്നു. സ്റ്റിച്ച് പന്തില്‍ അതിവേഗ പന്തുകള്‍ പരിശീലിച്ചാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ പ്ലാസ്റ്റിക് പന്ത് പരിക്കേല്‍ക്കാനുള്ള സാധ്യത കുറക്കുന്നു. എന്തായാലും സഞ്ജുവിന്റെ വ്യത്യസ്തമായ പരിശീലനം അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് തന്നെ കരുതാം.
സഞ്ജുവിന് മൂന്നാം മത്സരം നിര്‍ണ്ണായകം
സഞ്ജു സാംസണെ സംബന്ധിച്ച് മൂന്നാം മത്സരം വളരെ നിര്‍ണ്ണായകമാണ്. ഓപ്പണിങ്ങില്‍ അവസരം കാത്ത് പല താരങ്ങളും പുറത്തിരിക്കുകയാണ്. പരിശീലകന്‍ ഗൗതം ഗംഭീറിന്റേയും നായകന്‍ സൂര്യകുമാര്‍ യാദവിന്റേയും പിന്തുണയുണ്ടെങ്കിലും സഞ്ജു സാംസണിന് കാര്യങ്ങള്‍ എളുപ്പമല്ല. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടതായി വരും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാന്‍ വരുന്ന മത്സരങ്ങളില്‍ സഞ്ജുവിന് തിളങ്ങേണ്ടത് അത്യാവശ്യമാണ്.