ചെന്നൈ: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ രണ്ടാമങ്കത്തില്‍ ഇന്ത്യ ജയിച്ചുകയറിയെങ്കിലും പണി കിട്ടിയിരിക്കുന്നത് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനാണ്. പുതിയ സീസണ്‍ മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെ തങ്ങളുടെ കോടികള്‍ വെള്ളത്തിലായോ എന്ന ഞെട്ടലിലാണ് റോയല്‍സിന്റെ പിങ്ക് ആര്‍മി. കാരണം അവരുടെ പ്രധാനപ്പെട്ട മൂന്നു കളിക്കാരാണ് ഈ മല്‍സരത്തില്‍ ഫ്‌ളോപ്പായി മാറിയത്.
ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലീഷ് ടീം ഒമ്പതു വിക്കറ്റിന് 165 റണ്‍സ് സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും യുവതാരം തിലക് വര്‍മ ക്രീസില്‍ ഒറ്റയാള്‍ പോരാട്ടം തന്നെ നടത്തി. 55 ബോളില്‍ 72 റണ്‍സോടെ പുറത്താവാതെ നിന്ന അദ്ദേഹം ടീമിന്റെ വിജയ റണ്‍സും കുറിച്ചാണ് ക്രീസ് വിട്ടത്.

ഫ്‌ളോപ്പായ റോയല്‍സുകാര്‍
പ്രഥമ ഐപിഎല്‍ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മൂന്നു താരങ്ങളാണ് രണ്ടാം ടി20യില്‍ ഇരു ടീമുള്‍ക്കുമായി കളിക്കാനിറങ്ങിയത്. റോയല്‍സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മലയാളി താരം സഞ്ജു സാംസണ്‍, മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ എന്നിവരാണ് ഇന്ത്യന്‍ കുപ്പാമയണിഞ്ഞ റോയല്‍സുകാര്‍. മറുഭാഗത്ത് ഇംഗ്ലീഷ് ടീമിലെ റോയല്‍സ് സാന്നിധ്യം ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുമാണ്.
പക്ഷെ മൂന്നു പേര്‍ക്കും ചെപ്പോക്കിലെ രണ്ടാം ടി20യില്‍ യാതൊരു ഇംപാക്ടും കളിക്കളത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചതുമില്ല. റോയല്‍സ് നായകനായ സഞ്ജു കളിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ മാത്രമല്ല ഓപ്പണറും കൂടിയായിരുന്നു, പക്ഷെ ഇംഗ്ലണ്ടിന്റെ മൂര്‍ച്ചയേറിയ ന്യൂബോള്‍ പേസാക്രമണത്തില്‍ അദ്ദേഹം ശരിക്കും പതറി. വെറും ഏഴു ബോളുകളുടെ ആയുസ് മാത്രമേ സഞ്ജുവിനുണ്ടായള്ളൂ.
ഒടുവില്‍ മൂന്നാമത്തെ ഓവറില്‍ തന്നെ ആര്‍ച്ചര്‍ക്കെതിരേ സഞ്ജു വീഴുകയും ചെയ്തു. ഓഫ്സ്റ്റംപിനു പുറത്തെറിഞ്ഞ ഷോട്ട് ബോളില്‍ സിക്‌സറിനു തുനിഞ്ഞ അദ്ദേഹത്തെ ബ്രഡന്‍ കാര്‍സ് അനായ ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു. ഒരു ഫോര്‍ പോലും അടിക്കാന്‍ കഴിയാതെയാണ് താരം അഞ്ചു റണ്ണെടുത്ത് വിക്കറ്റ് കൈവിട്ടത്.
ഇതിനു ശേഷമാണ് അഞ്ചാമായി ജുറേല്‍ ക്രീസിലക്കു വരുന്നത്. മികച്ചൊരു ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അഞ്ചു ബോളില്‍ നാലു റണ്‍സ് മാത്രമെടുത്ത് ജുറേല്‍ മടങ്ങുകയും ചെയ്തു. കാര്‍സിന്റെ ബൗളിങില്‍ പകരക്കാരനായി എത്തിയ രഹാന്‍ അഹമ്മദാണ് താരത്തെ പിടികൂടിയത്.

ഫ്‌ളോപ്പായി ആര്‍ച്ചറും
അടുത്ത ഐപിഎല്ലില്‍ ട്രെന്റ് ബോള്‍ട്ടിന്റെ അഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പേസക്രമണത്തിനു ചുക്കാന്‍ പിടിക്കാനിരിക്കുന്നയാളാണ് ജോഫ്ര ആര്‍ച്ചര്‍. പക്ഷെ ഐപിഎല്ലില്‍ തന്നില്‍ നിന്നും വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് ഈ കളിയില്‍ അദ്ദേഹം നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ നന്നായി പന്തെറിയാനായെങ്കിലും പിന്നീട് ആര്‍ച്ചര്‍ ശരിക്കും ചെണ്ടയായി മാറി.
നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ അദ്ദഹം 15 ഇക്കോണമി റേറ്റില്‍ വാരിക്കോരി നല്‍കിയത് 60 റണ്‍സാണ്. വൈഡിനത്തിലൂടെയുള്ള ഒരു എക്സ്ട്രാ റണ്‍സും ഇതിലുള്‍പ്പെടും. ആര്‍ച്ചര്‍ക്കു വീഴ്ത്താനായത് സഞ്ജു സാംസണിന്റെ ഒരേയൊരു വിക്കറ്റ് മാത്രം.
അഞ്ചാം ഓവറില്‍ രണ്ടു സിക്‌സറും ഒരു ഫോറുടമടക്കം 15ഉം, 16ാം ഓവറില്‍ രണ്ടു സിക്‌സും ഒരു ഫോറുമടക്കം 19ഉം റണ്‍സാണ് ആര്‍ച്ചര്‍ ദാനം ചെയ്തത്. കഴിഞ്ഞ മെഗാ ലേലത്തില്‍ 12.50 കോടി മുടക്കിയാണ് അദ്ദേഹത്തെ റോയല്‍സ് സ്വന്തമാക്കിയത്. ഈ തുക വെള്ളത്തിലായോ എന്ന ആശങ്കയിലാണ് റോയല്‍സ് മാനേജ്‌മെന്റും ആരാധകരും.