ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ വലിയ വിര്‍ശനങ്ങളാണ് ഇന്ത്യന്‍ ടീമിനു നേരെ ഉയരുന്നത്. പല മുന്‍ താരങ്ങളും ടീമിന്റെ പരിതാപകരമായ പ്രകടനത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലുമുണ്ട്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്.
ആദ്യ രണ്ടു ദിവസം ആധിപത്യമുണ്ടായിട്ടും അതു കളഞ്ഞുകുളിച്ച് രോഹിത് ശര്‍മയും സംഘവും തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. മല്‍സരശേഷം ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിനെതിരേ പാര്‍ഥീവ് പട്ടേല്‍ രംഗത്തു വന്നത്. അതോടൊപ്പം ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ബൗളിങില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ മുഹമ്മദ് സിറാജിനെതിരേ പാര്‍ഥീവ് പട്ടേല്‍ ആഞ്ഞടിച്ചു. രണ്ടിന്നിങ്‌സുകളിലും ഒരു വിക്കറ്റ് പോലും സിറാജിനു ലഭിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ നാലോവറില്‍ 28 റണ്‍സും രണ്ടാമിന്നിങ്‌സില്‍ ഏഴോവറില്‍ ഒരു മെയ്ഡനടക്കം 22 റണ്‍സുമാണ് അദ്ദേഹം വിട്ടുകൊടുത്തത്.
ബൗളറെന്ന നിലയില്‍ വേണ്ട രീതിയില്‍ സിറാജിനെ ഇന്ത്യ ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പാര്‍ഥീവ് പട്ടേലിന്റെ ചോദ്യം. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മൂന്നു സ്പിന്നര്‍മാര്‍ മതിയെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ എനിക്കു വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. ടെസ്റ്റിലുടനീളം മുഹമ്മദ് സിറാജിനെ 6-7 ഓവറുകള്‍ മാത്രമാണ് ഇന്ത്യ ബൗളിങില്‍ ഉപയോഗിച്ചിട്ടുള്ളത്.
ബാറ്റിങിലെ മിടുക്ക് കാരണം കുല്‍ദീപ് യാദവിനു പകരം അക്ഷര്‍ പട്ടേലിനെ ഇന്ത്യ ഈ ടെസ്റ്റിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ ടെസ്റ്റിനു മുമ്പ് രോഹിത് ശര്‍മ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ക്കു ബൗളിങില്‍ വൈവിധ്യമാണ് ആവശ്യമെങ്കില്‍ അക്ഷറിനു പകരം കുല്‍ദീപിനെയാണ് കളിപ്പിക്കേണ്ടതെന്നു പാര്‍ഥീവ് ആവശ്യപ്പെട്ടു.
മുഹമ്മദ് സിറാജിനെ ഇന്ത്യ വേണ്ടത്ര ഉപയോഗിക്കുന്നില്ലെങ്കില്‍ പകരം എന്തു കൊണ്ട് ഒരു എക്‌സ്ട്രാ ബാറ്ററെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിക്കൂടായെന്നും അദ്ദേഹം ചോദിക്കുന്നു. സിറാജിനെ ബൗളിങില്‍ ഇന്ത്യക്കു ആവശ്യമില്ലെങ്കില്‍ പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ കൊണ്ടുവരുന്നതായിരിക്കും നല്ലത്.
അക്ഷര്‍ പട്ടേലിനു പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തിനൊപ്പം ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങി മൂന്നു വ്യത്യസ്ത തരത്തിലുള്ള ബൗളര്‍മാര്‍ ടീമിലുണ്ടാവും. സിറാജിനു പകരം ഒരു ബാറ്റര്‍ കൂടി വന്നാല്‍ അതു ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുകയും ചെയ്യും ഒരാള്‍ക്കു ഏഴോവറുകള്‍ മാത്രമാണ് നിങ്ങള്‍ ബൗളിങില്‍ നല്‍കുന്നതെങ്കില്‍ അയാളെ കളിപ്പിക്കുന്നതില്‍ ഒരു കാര്യവുമില്ലെന്നും പാര്‍ഥീവ് പട്ടേല്‍ വിലയിരുത്തി.

ഒന്നാം ടെസ്റ്റിലേറ്റ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്താനായിരിക്കും ഇനി ഇന്ത്യയുടെ ശ്രമം. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയായതിനാല്‍ തന്നെ തിരിച്ചുവരാന്‍ ഇന്ത്യയുടെ പക്കല്‍ സമയവും ധാരാളമുണ്ട്. വെള്ളിയാഴ്ച മുതല്‍ വിശാഖപട്ടണത്താണ് പരമ്പരയിലെ അടുത്ത മല്‍സരം.
അതേസമയം, ഒന്നാം ടെസ്റ്റില്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെന്‍ സ്റ്റോക്‌സും സംഘവും ഇന്ത്യക്കു നല്‍കിയത്. ഈ സ്‌കോര്‍ ചെയ്യുക ഇന്ത്യക്കു അസാധ്യമായിരുന്നില്ല. മുഴുവന്‍ വിക്കറ്റുകളും ഒന്നര ദിവത്തോളവും ഇന്ത്യയുടെ പക്കലുണ്ടായിരുന്നു.
പക്ഷെ റണ്‍ ചേസില്‍ അമിത പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാണ് ഇന്ത്യന്‍ ടീം സ്വീകരിച്ചത്. ഒന്നാമിന്നിങ്‌സിലേതു പോലെ ഒരു അഗ്രസീവ് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ടീം ശ്രമിച്ചില്ല. ഇതോടെ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ എളുപ്പമായി മാറുകയും ചെയ്തു. നാലാം ദിനം തന്നെ 202 റണ്‍സില്‍ ഇന്ത്യന്‍ ടീം കൂടാരം കയറുകയായിരുന്നു.