രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യ ശക്തമായ നിലയിലാണുള്ളത്. രോഹിത് ശര്‍മയുടേയും (131) രവീന്ദ്ര ജഡേജയുടേയും (112) സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് കരുത്തായത്. 3ന് 33 എന്ന നിലയില്‍ വലിയ തകര്‍ച്ചയെ ഇന്ത്യ മുന്നില്‍ക്കണ്ടെങ്കിലും രോഹിത്-ജഡേജ കൂട്ടുകെട്ടാണ് ടീമിനെ രക്ഷിച്ചത്. ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുകളോടെ ഇരുവരും ഇന്ത്യയുടെ രക്ഷകരാവുകയായിരുന്നു. വിരാട് കോലിയുടേയും കെ എല്‍ രാഹുലിന്റേയും അഭാവത്തില്‍ ജഡേജ അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ ക്ഷമയോടെ കളിച്ച് ടീമിന് അടിത്തറ പാകാന്‍ ജഡേജക്കായി. ഇതോടെ പല വമ്പന്‍ റെക്കോഡുകളും അദ്ദേഹം സ്വന്തം പേരിലാക്കി. നിലവിലെ ഇന്ത്യയുടെ മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായ താരം രവീന്ദ്ര ജഡേജയാണെന്ന് പറയാം. 2022മുതലുള്ള കണക്ക് പ്രകാരം ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരം ജഡേജയാണ്. വിരാട് കോലിയും റിഷഭ് പന്തും രണ്ട് സെഞ്ച്വറികള്‍ വീതം നേടിയപ്പോള്‍ ജഡേജ മൂന്ന് സെഞ്ച്വറികളാണ് സ്വന്തം പേരിലാക്കിയത്.
13 മത്സരങ്ങളാണ് 2022ല്‍ ജഡേജ കളിച്ചത്. 18 ഇന്നിങ്‌സ് കളിച്ച താരം 50.62 ശരാശരിയില്‍ നേടിയത് 810 റണ്‍സാണ്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടും. പുറത്താവാതെ 175 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. നിലവില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളായി ജഡേജയെ പരിഗണിക്കാം. ഇന്ത്യയുടെ പല സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരേക്കാളും മികച്ച കണക്കുകള്‍ ജഡേജക്ക് അവകാശപ്പെടാനാവുമെന്നതാണ് എടുത്തു പറയേണ്ടത്.
ഇംഗ്ലണ്ടിനെതിരേ ജഡേജയുടെ കണക്കുകള്‍ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഇംഗ്ലണ്ടിനെതിരേ കളിച്ച അവസാന അഞ്ച് ടെസ്റ്റ് ഇന്നിങ്‌സില്‍ 104, 23, 87, 2, 112 എന്നിങ്ങനെയാണ് ജഡേജയുടെ സ്‌കോര്‍. രാജ്‌കോട്ട് ജഡേജയുടെ തട്ടകമാണ്. ഇത് മുതലാക്കി കളിക്കാന്‍ ജഡേജക്ക് സാധിക്കുകയും ചെയ്തു. 225 പന്ത് നേരിട്ട് 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ജഡേജയുടെ തകര്‍പ്പന്‍ ബാറ്റിങ്. ഇന്ത്യ പ്രതിസന്ധിയിലാകുന്ന സാഹചര്യത്തില്‍ രക്ഷകനാവാന്‍ ജഡേജക്ക് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

സര്‍ഫറാസ് ഖാന്റെ റണ്ണൗട്ടിന് കാരണമായെന്നതാണ് ജഡേജയെ സംബന്ധിച്ച് രാജ്‌കോട്ടില്‍ നിരാശപ്പെടുത്തുന്ന കാര്യം. 66 പന്തില്‍ 62 റണ്‍സുമായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന സര്‍ഫറാസിനെ ജഡേജ തെറ്റായ കോളിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ തൊപ്പിയൂരി എറിഞ്ഞാണ് ഡ്രസിങ് റൂമിലിരുന്ന് നിരാശ പ്രകടിപ്പിച്ചത്. ആദ്യ ദിനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെ ജഡേജ തന്റെ തെറ്റ് ഏറ്റുപറയുകയും ചെയ്തിരുന്നു.
ഫ്‌ളാറ്റ് പിച്ചൊരുക്കിയ ഇന്ത്യ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ടോപ് ഓഡര്‍ താരങ്ങള്‍ക്കായില്ല. രണ്ടാം ടെസ്റ്റിലെ ഇരട്ട സെഞ്ച്വറിക്കാരന്‍ യശ്വസി ജയ്‌സ്വാള്‍ 10 റണ്‍സിന് പുറത്തായപ്പോള്‍ സെഞ്ച്വറിയോടെ തിളങ്ങിയ ശുബ്മാന്‍ ഗില്‍ ഡെക്കിനാണ് മടങ്ങിയത്. വിരാട് കോലിയുടെ പകരക്കാരന്‍ രജത് പാട്ടീധാറിന് അവസരം മുതലാക്കാന്‍ സാധിക്കുന്നില്ല. രണ്ടാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയ താരം മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി.
അഞ്ച് റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. വലിയ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കസറാന്‍ രോഹിത് ശര്‍മക്കായി. 196 പന്ത് നേരിട്ട് 14 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് കസറിയത്. മധ്യനിരയില്‍ ആര്‍ അശ്വിനും ദ്രുവ് ജുറേലും നടത്തിയ കൂട്ടുകെട്ടും ഇന്ത്യക്ക് കരുത്താകുന്നു. ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ അകമഴിഞ്ഞ് പിന്തുണച്ചതും ഇന്ത്യക്ക് കരുത്തായി. രോഹിത് ശര്‍മക്ക് രണ്ട് ലൈഫ് ലഭിച്ചപ്പോള്‍ ജുറേലിനെ ഒരു തവണയും കൈവിട്ടു.