മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ ടി20യിലെ പ്രകടനങ്ങളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ നിലവിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനങ്ങളെല്ലാം കിരീട പ്രതീക്ഷ സജീവമാക്കുന്നവയാണ്. ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവ് എത്തിയ ശേഷം ടീം പരമ്പര തോറ്റിട്ടില്ല. ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരേയും പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.
നാലാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുന്നതില്‍ നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്തെ സൂര്യയുടെ ബാറ്റിങ് പ്രകടനങ്ങള്‍ നോക്കുമ്പോള്‍ നിരാശയാണ് ഫലം. ഇംഗ്ലണ്ട് പരമ്പരയിലൂടെനീളം താരം നിരാശപ്പെടുത്തി. ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് സൂര്യ ശോഭിക്കുമ്പോള്‍ ഇന്ത്യക്ക് നഷ്ടമാവുന്നത് സൂപ്പര്‍ ബാറ്റ്‌സ്മാനെയാണ്. ഇന്ത്യ സൂര്യകുമാറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കേണ്ടതായുണ്ട്. കാരണങ്ങള്‍ പരിശോധിക്കാം.
സൂര്യയുടെ ബാറ്റിങ് മോശമാണ്
ക്യാപ്റ്റന്‍സിയില്‍ കസറുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ സൂര്യ പിന്നോട്ട് പോവുകയാണ്. സൂര്യകുമാര്‍ യാദവ് എന്ന നായകനെക്കാള്‍ ഇന്ത്യക്കാവശ്യം ബാറ്റ്‌സ്മാനെയാണ്. സൂര്യയെപ്പോലെ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ കുറവാണെന്ന് തന്നെ പറയാം. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യയുടെ മികവ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല. സൂര്യ ഫ്‌ളോപ്പാവുന്നത് ഇന്ത്യയുടെ ബാറ്റിങ്ങിനെ കാര്യമായി ബാധിക്കുന്നുണ്ട്.
നായകസ്ഥാനത്തിന്റെ സമ്മര്‍ദ്ദം സൂര്യയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഈ സമയത്ത് സൂര്യക്ക് നായകസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ അവസരം നല്‍കി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അവസരം ഒരുക്കേണ്ടതായുണ്ട്. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ സൂര്യയെ ഫോമിലേക്ക് കൊണ്ടുവരാന്‍ സാഹചര്യം ഒരുക്കണം. അതുകൊണ്ടുതന്നെ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുന്നതാണ് ഇപ്പോള്‍ നല്ലത്.

ഹാര്‍ദിക് നായകസ്ഥാനം അര്‍ഹിക്കുന്നു
ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റന്‍. ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പടിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്തിയപ്പോള്‍ തന്റെ ഇഷ്ട താരമായ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കുകയായിരുന്നു. ഇന്ത്യയുടെ നായകസ്ഥാനം അര്‍ഹിക്കുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയതോടെ ഹാര്‍ദിക് തഴയപ്പെടുകയായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ വലിയ ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടാന്‍ ശേഷിയുള്ളവനാണ്. ഐസിസി ടൂര്‍ണമെന്റുകളിലടക്കം ഹാര്‍ദിക് മികവ് കാട്ടുന്നു. ടീം തകര്‍ച്ച നേരിടുമ്പോള്‍ ടീമിനെ രക്ഷിക്കാന്‍ ഹാര്‍ദിക്കിന് ശേഷിയുണ്ട്. ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന ഹാര്‍ദിക് തന്ത്രശാലിയായ ക്യാപ്റ്റന്‍കൂടിയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യക്ക് നായകസ്ഥാനം നല്‍കി പിന്തുണക്കേണ്ടതായുണ്ട്.
ആക്രമണോത്സകതയുള്ള ക്യാപ്റ്റന്‍
സൂര്യകുമാര്‍ യാദവ് പൊതുവേ ശാന്തനായ താരമാണ്. ആക്രമണോത്സകതയോടെ ടീമിനെ നയിക്കാന്‍ സൂര്യക്ക് മികവുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ആക്രമണോത്സകതയോടെ എതിരാളികളെ വിറപ്പിക്കുന്ന നായകനാണ്. ടീമിന്റെ വിജയത്തിനായി ഏതറ്റംവരെയും പോകുന്ന താരമാണ് ഹാര്‍ദിക്. ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ സൂര്യകുമാറിന്റെ അനുഭവസമ്പത്ത് കുറവ് ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ടി20 ലോകകപ്പിന് മുമ്പ് ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതായുണ്ട്. എന്നാല്‍ ഗൗതം ഗംഭീര്‍ ഹാര്‍ദിക്കിനെ പിന്തുണക്കാന്‍ സാധ്യതയില്ല. പരിശീലകന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന നായകനല്ല ഹാര്‍ദിക്. തന്റേതായ നിലപാട് ഹാര്‍ദിക് എടുക്കും. ഇത് പല പരിശീലകര്‍ക്കും ഇഷ്ടമല്ല. ഗംഭീര്‍ പരിശീലകനായിരിക്കുമ്പോള്‍ ഹാര്‍ദിക്കിന് നായകസ്ഥാനത്തേക്കെത്താനാവില്ലെന്ന് തന്നെ പറയാം.