വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ പ്ലേയിങ് 11 പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. പരിക്കേറ്റ സ്പിന്നര്‍ ജാക്ക് ലീച്ചിന് പകരം യുവ സ്പിന്നറായ ഷൊയ്ബ് ബഷീറും പേസര്‍ മാര്‍ക്ക് വുഡിന് പകരം സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് പ്ലേയിങ് 11ലേക്കെത്തിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്ന പ്ലേയിങ് 11നെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യ ടെസ്റ്റില്‍ ഇന്ത്യ പതറിയത് യുവ സ്പിന്നറായ ടോം ഹാര്‍ട്ട്‌ലിക്ക് മുന്നിലാണ്. അരങ്ങേറ്റക്കാരനായ ഹാര്‍ട്ട്‌ലി ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ 7 വിക്കറ്റുമായി ഇന്ത്യയുടെ അന്തകനായി. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റിനെക്കാള്‍ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരിക. കാരണം സ്പിന്‍ നിരയിലേക്ക് ഷൊയ്ബ് ബഷീര്‍ എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നേരിട്ട് യാതൊരു പരിചയവുമില്ലാത്ത ബൗളറാണ് ഷൊയ്ബ് ബഷീര്‍.
അതുകൊണ്ടുതന്നെ ഇന്ത്യ ഷൊയ്ബിന്റെ ബൗളിങ്ങിനെ ഭയക്കണം. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ അന്തകനായത് ഹാര്‍ട്ട്‌ലിയാണെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ഷൊയ്ബിനെയും ഇന്ത്യ കരുതണം. ഇന്ത്യയിലെ അനുഭവസമ്പത്തില്ലാത്ത യുവതാരങ്ങളുടെ ബൗളിങ്ങിന്റെ ലൈനും ലെങ്തും മനസിലാക്കുക ബാറ്റ്‌സ്മാന്‍മാര്‍ക്ക് വളരെ പ്രയാസമാവും. ഇത് മനസിലാക്കിയതുകൊണ്ടുതന്നെ ഇംഗ്ലണ്ട് മൂന്ന് യുവ സ്പിന്നര്‍മാരുമായാണ് കളിക്കാനിറങ്ങുന്നത്.
അതേ സമയം ഇന്ത്യയുടെ ബൗളിങ് നിരയില്‍ മിക്കവരേയും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിട്ട് മുന്‍പരിചയമുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. ഈ പ്രശ്‌നം പരിഹരിച്ച് ഇംഗ്ലണ്ടിനെ വട്ടം കറക്കാന്‍ ഇന്ത്യ സൗരഭ് കുമാറിനെ കളത്തില്‍ ഇറക്കേണ്ടതായുണ്ട്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ സൗരഭ് ഇന്ത്യക്ക് ജയം നേടിക്കൊടുക്കാന്‍ കഴിവുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ യുപിയുടെ താരമായ സൗരഭ് 68 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നായി 2061 റണ്‍സാണ് നേടിയത്.

2 സെഞ്ച്വറിയും 12 ഫിഫ്റ്റിയും ഇതിലുണ്ട്. 290 ഫസ്റ്റ്ക്ലാസ് വിക്കറ്റ് നേടിയ താരം എട്ട് തവണയാണ് ഒരു കളിയില്‍ 10 വിക്കറ്റ് പ്രകടനം നടത്തിയത്. 22 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ജഡേജയുടെ ഉത്തമ പകരക്കാരനെന്ന് വിളിക്കാനാവില്ലെങ്കിലും ഓള്‍റൗണ്ട് ഷോകൊണ്ട് ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുണ്ട്. അതുകൊണ്ടുതന്നെ സൗരഭിനെ ഇന്ത്യ കളിപ്പിക്കണം. ഇംഗ്ലണ്ട് ബാറ്റിങ് നിരക്ക് യാതൊരു മുന്‍പരിചയവും ഇല്ലാത്ത ബൗളറാണ് സൗരഭ്.
ഇത് മുതലാക്കി താരത്തിന് അവസരം കൊടുക്കേണ്ടതാണ്. ഇംഗ്ലണ്ട് കാട്ടുന്ന ധൈര്യം ഇന്ത്യന്‍ ടീമും കാട്ടേണ്ടതായുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍ പന്തുകൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സൗരഭിനെ പിന്തുണക്കണം.
എന്നാല്‍ ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണത്തിലുള്ള ഇന്ത്യ ഇത്തരമൊരു സാഹസത്തിന് ധൈര്യപ്പെടുമോയെന്നത് കണ്ടറിയണം. രണ്ടാം മത്സരം തോറ്റാല്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ചീട്ടുകീറാനും സാധ്യതയുണ്ട്. ജയിക്കാന്‍ ഇന്ത്യക്ക് നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറപ്പ്.