മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയെ കാത്തിരിക്കുന്ന വലിയ വെല്ലുവിളി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ഇന്ത്യ. പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒട്ടുമിക്ക പ്രധാന താരങ്ങളേയും ഉള്‍പ്പെടുത്തി ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമില്‍ അപ്രതീക്ഷിതമായി ഒരു താരം ഇടം പിടിച്ചു.
അത് ദ്രുവ് ജുറേലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജുറേലിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് പല പ്രമുഖരേയും തഴഞ്ഞാണ്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷര്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവരെയെല്ലാം മറികടന്ന് ജുറേലിനെ ഇന്ത്യ എന്തിനാണ് ടീമിലേക്ക് പരിഗണിച്ചത്?. വേണ്ടത്ര അനുഭവസമ്പത്തില്ലാത്ത താരത്തെ ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് മണ്ടന്‍ തീരുമാനമാണോ? അല്ലെന്ന് തന്നെ പറയാം. വ്യക്തമായ ചില പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യ ജുറേലിനെ പരിഗണിച്ചത്.
അത് എന്താണ് പരിശോധിക്കാം. ഇന്ത്യക്ക് മധ്യനിരയില്‍ റിഷഭ് പന്തിനെപ്പോലെ ഇംപാക്ട് സൃഷ്ടിക്കുന്ന താരത്തെ ആവശ്യമാണ്. ഈ സ്ഥാനത്തേക്ക് റിങ്കു സിങ്ങിനെ ഇന്ത്യ പരിഗണിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് വിക്കറ്റ് കീപ്പര്‍ താരത്തെ ആവശ്യമായി വന്നതിനാല്‍ ജുറേലിലേക്കെത്തുകയായിരുന്നു. നിലവില്‍ ഇന്ത്യ ഒന്നാം നമ്പര്‍ കീപ്പര്‍ സ്ഥാനം കെ എല്‍ രാഹുലിനാണ് നല്‍കുന്നത്. എന്നാല്‍ രാഹുലിനെ പരിക്കേറ്റാല്‍ പകരം ആരാണെന്നതാണ് ചോദ്യം.
ഇഷാന്‍ കിഷന്‍ ടീം മാനേജ്‌മെന്റിനേയും സെലക്ടര്‍മാരേയും വഞ്ചിച്ചതിനാല്‍ ടീമിന് പുറത്താണുള്ളത്. ഇനിയൊരു തിരിച്ചുവരവും കടുപ്പമാണ്. ഇന്ത്യക്ക് റിഷഭ് പന്തിനെപ്പോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനെയാണ് മധ്യനിരയില്‍ വേണ്ടത്. അതിന് ജുറേലാണ് ബെസ്റ്റ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജുറേല്‍. അതിവേഗത്തില്‍ ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള ജുറേല്‍ വ്യത്യസ്തമായ ഷോട്ട് കളിക്കാനും കെല്‍പ്പുള്ളവനാണ്.

അതുകൊണ്ടുതന്നെ വിദേശ പര്യടനങ്ങളിലേക്കടക്കം ജുറേലിനെ പരിഗണിക്കാമെന്ന വ്യക്തമായ പദ്ധതിയോടെയാണ് ഇപ്പോള്‍ ഇന്ത്യ ജുറേലിന് അവസരം നല്‍കിയിരിക്കുന്നത്. റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ വൈകും. നിലവില്‍ പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തുള്ള റിഷഭ് പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സമയമെടുക്കും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇത്തവണ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനമാണ് നടത്തുന്നത്.
ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് റിഷഭിനെപ്പോലൊരു താരത്തെ ആവശ്യമാണ്. ഇത് മുന്നില്‍ക്കണ്ടാണ് ജുറേലിനെ ഇന്ത്യ പരിഗണിച്ചിരിക്കുന്നതെന്നതാണ് ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഞ്ജു സാംസണും ഇഷാന്‍ കിഷനും സര്‍ഫറാസ് ഖാനുമൊന്നും ഈ റോളിലേക്ക് പരിഗണിക്കപ്പെടാന്‍ കെല്‍പ്പുള്ളവരല്ല. എന്നാല്‍ ദ്രുവ് ജുറേലിന് ഇതിനുള്ള മികവുണ്ടെന്ന് തന്നെ പറയാം.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജുറേലിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. കെ എല്‍ രാഹുലിനാവും ഇന്ത്യ മുഖ്യ പരിഗണന നല്‍കുക. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനും ശേഷിയുള്ള ജുറേലിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി മുന്നിലുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കസറാന്‍ കെല്‍പ്പുള്ള താരമാണ് ജുറേല്‍. ഇതേ മികവ് താരത്തിന് നിലനിര്‍ത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം - രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ , അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍