രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുളള ടി20 പരമ്പര പെട്ടെന്നു തന്നെ വരുതിയിലാക്കുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞിരിക്കുകയാണ്. ഹാട്രിക്ക് ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയാണ് ഇംഗ്ലണ്ടില്‍ നിന്നും നേരിട്ടത്.
26 റണ്‍സിന്റെ മിന്നും ജയവുമായി പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവാണ് ജോസ് ബട്‌ലറും സംഘവും നടത്തിയിരിക്കുന്നത്. ഇതോടെ പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളും നിര്‍ണായകമായി മാറുകയും ചെയ്തു.
യഥാര്‍ഥത്തില്‍ രാജ്‌കോട്ടിലെ തോല്‍വിക്കു ഇന്ത്യക്കു സ്വയം പഴിക്കാനേ സാധിക്കുകയുള്ളൂ. കാരണം കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കാണിച്ച ചില മണ്ടത്തരങ്ങളാണ് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടതെന്നു നിസംശയം പറയാം. മൂന്നാമങ്കത്തില്‍ ഇരുവരും കാണിച്ച പ്രധാനപ്പെട്ട അബദ്ധങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ആദ്യത്തെ പിഴവ്
ഇന്ത്യന്‍ ടീം കാണിച്ച ആദ്യത്തെ മണ്ടത്തരം ടീമിന്റെ തുറുപ്പുചീട്ടായ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനു കളിയില്‍ വിശ്രമം നല്‍കിയെന്നതാണ്. പരമ്പര ഇത്രയും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ നില്‍ക്കെ അദ്ദേഹത്തിനു വിശ്രമം നല്‍കാനുള്ള ഗൗതം ഗംഭീറിന്റെയും സൂര്യകുമാര്‍യ യാദവിന്റെയും തീരുമാനം വലിയ അദ്ധമാണെന്നതില്‍ സംശയമില്ല.
ഈ പരമ്പരയില്‍ ഇന്ത്യ 3-0ന്റെയോ, 4-0ന്റെയോ അപരാജിത ലീഡ് നേടിയ ശേഷമാണ് അര്‍ഷ്ദീപിനു ഒരു ബ്രേക്ക് നല്‍കിയതെങ്കില്‍ അതു നമുക്കു അംഗീകരിക്കാം. പക്ഷെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന് മാത്രം മുന്നിലുള്ളപ്പോള്‍ സ്‌ട്രൈക്ക് ബൗളര്‍ക്കു വിശ്രമം നല്‍കുകയെന്നത് മറ്റൊരു ടീമും കാണിക്കാത്ത മണ്ടത്തരമായിരിക്കും.
കാരണം ശേഷിച്ച മൂന്നു കളികളും ജയിച്ച് പരമ്പര 3-2നു തട്ടിയെടുക്കാന്‍ ഇംഗ്ലണ്ടിനു ഇനിയും സാധിക്കും. അര്‍ഷ്ദീപിനു പകരം സ്റ്റാര്‍ പേസറായ മുഹമ്മദ് ഷമിയെയാണ് പ്ലെയിങ് ഇലവനിലേക്കു ഈ കളിയില്‍ ഇന്ത്യ കൊണ്ടുവന്നത്. പക്ഷെ പരിക്കു കാരണം 14 മാസത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെയാണ് ബൗളിങ് ആക്രമണത്തിന്റെ ദൗത്യം ഇന്ത്യ ഏല്‍പ്പിച്ചത്?
ഷമിയെ കളിപ്പിച്ചതില്‍ തെറ്റൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന്റെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ സംശയമുള്ള സമയത്ത് അര്‍ഷ്ദീപ് കൂടി ഉറപ്പായും ടീമില്‍ വേണ്ടിയിരുന്നു. എങ്കില്‍ ഷമിക്കു പാളിയാലും ഈ കുറവ് നികത്താന്‍ മറുഭാഗത്ത് അദ്ദേഹമുണ്ടാവും. പക്ഷെ ഷമിയില്‍ മാത്രം പൂര്‍ണവിശ്വാസം കാണിക്കാനുള്ള ഗംഭീറിന്റെയും സൂര്യയുടെയും തീരുമാനം വലിയ ദുരന്തത്തിനു വഴിയൊരുക്കി.
മൂന്നോവറുകളാണ് കളിയില്‍ ഷമി ബൗള്‍ ചെയ്തത്. 8.3 ഇക്കോണമി റേറ്റില്‍ 25 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല. തന്റെ പഴയ ഫോമിലേക്കും താളത്തിലേക്കും തിരിച്ചെത്താന്‍ ഷമിക്കു ഇനിയും കുറച്ചു കൂടി സമയം വേണ്ടി വരുമെന്നാണ് ഈ കളിയിലെ പ്രകടനം കാണിക്കുന്നത്.
ന്യൂബോളില്‍ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ ഉറപ്പായും ഇന്ത്യക്കു നേടിത്തരാറുള്ള ബൗളറാണ് അര്‍ഷ്ദീപ്. ഈ കളിയില്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ ആദ്യ ഓവറില്‍ വിക്കറ്റ് നേടിയെങ്കിലും മറുഭാഗത്തു ഷമിയില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. ഇതോടെ രണ്ടാം വിക്കറ്റില്‍ 76 റണ്‍സ് ഇംഗ്ലണ്ട് വാരിക്കൂട്ടുകയും ചെയ്തു
പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും അര്‍ഷ്ദീപിന്റെ അസാന്നിധ്യം ഇന്ത്യന്‍ ബൗളിങില്‍ പ്രകടമായിരുന്നു. ഇംഗ്ലണ്ട് 16ാം ഓവറില്‍ എട്ടിനു 127ലേക്കു വീണിട്ടും പിന്നീട് ടോട്ടല്‍ 171 വരെയെത്തിയത് ഡെത്ത് ഓവറുകളിലെ മോശം ബൗളിങ് കാരണമാണ്.
രണ്ടാമത്തെ പിഴവ്
ഇന്ത്യന്‍ ടീം വരുത്തിയ രണ്ടാമത്തെ പിഴവ് ബാറ്റിങ് ഓര്‍ഡറില്‍ അനാവശ്യമായി നടത്തുന്ന പരീക്ഷണങ്ങളാണ്. ഇടംകൈ-വലം കൈ ബാറ്റിങ് കോമ്പിനേഷനുണ്ടെങ്കിലേ കളി ജയിക്കൂയെന്ന സമീപനം ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും മാറ്റിയേ തീരൂ. നേരത്തേ ഒന്നോ, രണ്ടോ ഇടംകൈയന്‍മാരെ വച്ച് വിജയക്കുതിപ്പ് നടത്തിയ ടീമാണ് ഇന്ത്യ.

മൂന്നാം ടി20യില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ധ്രുവ് ജുറേലിനെ എട്ടാം നമ്പറിലാണ് ഇന്ത്യ കളിപ്പിച്ചത്. ഇതൊരിക്കലും അംഗീകരിക്കാവുന്നതല്ല. ആദ്യ അഞ്ചിലെങ്കിലും താരത്തെ നിര്‍ബന്ധമായും കളിപ്പിച്ചേ തീരൂ. നേരത്തേ ക്രീസിലെത്തിയാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയുന്ന താരമാണ് ജുറേല്‍. പക്ഷെ എട്ടാമനായി വന്ന താരത്തിന് വെറും രണ്ടു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഈ മല്‍സരത്തില്‍ അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയയെയും തുടര്‍ന്ന് ഇടംകൈയന്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെയുമാണ് ഇന്ത്യ ബാറ്റിങിന് അയച്ചത്. ഹാര്‍ദിക്കിന് മുമ്പ് തൊട്ടു പിന്നാലെയോ ജുറേലിനെ തീര്‍ച്ചയായും കളിപ്പിക്കേണ്ടത് പ്രധാനമായിരുന്നു.