റാഞ്ചി: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ബാക്ക്ഫൂട്ടിലായിരിക്കുകയാണ് ടീം ഇന്ത്യ. 353 റണ്‍സ് പിന്തുടരുന്ന ഇന്ത്യ രണ്ടാംദിനം മൂന്നാം സെഷനില്‍ 55 ഓവറുകള്‍ കഴിയുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെന്ന നിലയില്‍ പതറുകയാണ്. നാലു വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു 177 റണ്‍സ് കൂടി വേണം. 10 റണ്‍സുമായി ധുവ് ജുറേലും ഒരു റണ്ണെടുത്ത ആര്‍ അശ്വിനുമാണ് ക്രീസിലുള്ളത്. ഇന്ത്യയുടെ അവസാനത്തെ അംഗീകൃത ബാറ്റിങ് ജോടി കൂടിയാണിത്.
മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിക്കു പകരം നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ച രജത് പാട്ടിധാര്‍ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായിരിക്കുകയാണ്. 42 ബോളുകളില്‍ നിന്നും നാലു ഫോറുള്‍പ്പെടെ 17 റണ്‍സെടുത്ത അദ്ദേഹം പുറത്താവുകയായിരുന്നു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ബാറ്റിങില്‍ ക്ലിക്കാവാതിരുന്ന പാട്ടിധാര്‍ ഇത്തവണ അതിനു പ്രായശ്ചിത്തം ചെയ്യുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും വീണ്ടുമൊരിക്കല്‍ക്കൂടി മോശമല്ലാത്ത തുടക്കം ലഭിച്ച ശേഷം താരം വിക്കറ്റ് കൈവിടുകയായിരുന്നു.

സ്പിന്നര്‍ ഷുഐബ് ബഷീറാണ് പാട്ടിധാറിനെ പുറത്താക്കിയത്. പിച്ച് ചെയ്ത ശേഷം ടേണ്‍ ചെയ്തു അകത്തേക്കു കയറിയ ബോള്‍ താരത്തിന്റെ പാഡില്‍ പതിക്കുകയായിരുന്നു. ഇതോടെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. പാട്ടിധാര്‍ ഇതിനെതിരേ റിവ്യു എടുത്തെങ്കിലും അംപയറുടെ കോള്‍ തേര്‍ഡ് അംപയറും ശരിവച്ചതോടെ പാട്ടിധാര്‍ ഞെട്ടലോടെ ക്രീസ് വിടുകയായിരുന്നു.
ഈ പരമ്പരയില്‍ അഞ്ചിന്നിങ്‌സുകളിലാണ് പാട്ടിധാര്‍ ഇതിനകം ബാറ്റ് ചെയ്തത്. പക്ഷെ ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് വെറും 63 റണ്‍സ് മാത്രമാണ്. 12.60 എന്ന ദയനീയ ശരാശരിയിലാണിത്. ഉയര്‍ന്ന സ്‌കോര്‍ അരങ്ങേറ്റ ടെസ്റ്റിലെ കന്നി ഇന്നിങ്‌സില്‍ നേടിയ 32 റണ്‍സാണ്. 72 ബോളുകളില്‍ നിന്നായിരുന്നു ഇത്. പിന്നീടുള്ള ഇന്നിങ്‌സുകളില്‍ 9 (19 ബോള്‍), 5 (15), 0 (10), 17 (42) എന്നിങ്ങനെയാണ് പാട്ടിധാറിന്റെ പ്രകടനം. സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം ശരിക്കും പതറുന്നതാണ് പരമ്പരയിലുടനീളം കാണാനായത്.
നാലാം നമ്പറിലാണ് ഇതുവരെയുള്ള ടെസ്റ്റുകളിലെല്ലാം പാട്ടിധാറിനെ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ നിരന്തരം അദ്ദേഹം സ്പിന്‍ കെണിയില്‍ കുരുങ്ങുകയാണ്. അതുകൊണ്ടു തന്നെ പാട്ടിധാറിനെ നാലാം നമ്പറില്‍ നിന്നും അഞ്ചാം നമ്പറിലേക്കു ഇറക്കി പകരം സര്‍ഫറാസ് ഖാനെ ഈ റോളിലേക്കു ഇന്ത്യക്കു പ്രൊമോട്ട് ചെയ്യാവുന്നതാണ്.

സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ പാട്ടിധാറിനേക്കാള്‍ കേമനാണ് സര്‍ഫറാസ്. അതുകൊണ്ടു തന്നെ നാലാം നമ്പറില്‍ സര്‍ഫറാസിനെ പരീക്ഷിക്കുന്നത് ഇന്ത്യക്കു ഗുണം ചെയ്‌തേക്കും. പാട്ടിധാര്‍ പെട്ടെന്നു പുറത്താവുന്നത് പിന്നീട് ബാറ്റിങിനിറങ്ങുന്ന സര്‍ഫറാസ്, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ അടക്കമുള്ളവരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍ അടുത്ത ഇന്നിങ്‌സിലെങ്കിലും പാട്ടിധാറിനേക്കാള്‍ മുമ്പ് സര്‍ഫറാസിനെ ഇന്ത്യക്കു ബാറ്റിങില്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.
അതേസമയം, റാഞ്ചി ടെസ്റ്റില്‍ ഇന്ത്യക്കു ലീഡ് വഴങ്ങേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യക്കു വലിയൊരു ലീഡ് വഴങ്ങേണ്ടതായി വരും. യശസ്വി ജയ്‌സ്വാള്‍ (73), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), ശുഭ്മന്‍ ഗില്‍ (38), രജത് പാട്ടിധാര്‍ (17) രവീന്ദ്ര ജഡേജ (12), സര്‍ഫറാസ് ഖാന്‍ (14) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്.
നേരത്തേ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 353 റണ്‍സാണ് നേടിയത്. പരമ്പരയില്‍ ആദ്യമായി തിളങ്ങിയ ജോ റൂട്ടിന്റെ (122*) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ മികച്ച ടോട്ടലിലെത്തിച്ചത്. 274 ബോളുകള്‍ നേരിട്ട അദ്ദേഹം 10 ഫോറുകളടിച്ചു. വാലറ്റത്ത് ഓലി റോബിന്‍സണ്‍ (58) കന്നി ഫിഫ്റ്റി നേടിയപ്പോള്‍ ബെന്‍ ഫോക്‌സ് (47), സാക്ക് ക്രോളി (42) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.