For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: നാലാം ടി20യില്‍ ഡെക്കായാലും പേടിക്കേണ്ട! സഞ്ജുവിന്റെ സീറ്റ് പോവില്ല! കാരണമിതാണ്

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ഇന്ന് പൂനെയില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ആരാവും പരമ്പര നേടുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം ആശങ്ക സൃഷ്ടിക്കുന്നതാണ്. സൂപ്പര്‍ താരങ്ങളൊന്നും ഫോമിലല്ല. ഓപ്പണിങ് മുതല്‍ മധ്യനിരയില്‍ വരെ ആര്‍ക്കും സ്ഥിരതയില്ല.

പരമ്പര പുരോഗമിക്കവെ കൂടുതല്‍ ചര്‍ച്ചയാവുന്നത് സഞ്ജു സാംസണിന്റെ മോശം ഫോമാണ്. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സെഞ്ച്വറികളോടെ കസറിയ സഞ്ജുവിന് ഇംഗ്ലണ്ടിന്റെ അതിവേഗ പേസര്‍മാര്‍ക്ക് മുന്നില്‍ കാലിടറിയിരിക്കുകയാണ്. ജോഫ്രാ ആര്‍ച്ചറാണ് മൂന്ന് മത്സരത്തിലും സഞ്ജുവിനെ പുറത്താക്കിയത് എന്നതാണ് എടുത്തു പറയേണ്ടത്. 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നവര്‍ക്ക് മുന്നില്‍ സഞ്ജു പ്രയാസപ്പെടുകയാണ്.

ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ ഇന്ത്യ തഴയുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാലാം ടി20യിലെ സഞ്ജു സാംസണിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. എന്നാല്‍ നിരാശപ്പെടുത്തിയാലും സഞ്ജുവിനെ പരിശീലകന്‍ ഗൗതം ഗംഭീര്‍ തഴയില്ല. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ടി20 ഓപ്പണറാവുമ്പോള്‍ ഇത് സ്വാഭാവികം

ടി20യില്‍ ഓപ്പണറാവുമ്പോള്‍ സ്ഥിരത കാട്ടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതിവേഗത്തില്‍ തകര്‍ത്തടിക്കുകയെന്ന ഡ്യൂട്ടിയാണ് ഓപ്പണര്‍ക്കുള്ളത്. ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ തല്ലിത്തകര്‍ത്ത് പരമാവധി റണ്‍സ് നേടുകയെന്നതാണ് സഞ്ജുവിന്റെ ഉത്തരവാദിത്തം. ഇതിനുള്ള സ്വാതന്ത്ര്യം ഓപ്പണര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇതിന് ശ്രമിക്കുമ്പോള്‍ ചില മത്സരങ്ങളില്‍ പതറുന്നതുകൊണ്ട് സഞ്ജുവിനെ എഴുതിത്തള്ളാനാവില്ല.

ടി20യിലെ സഞ്ജുവിന്റെ സമീപകാല കണക്കുകള്‍ മറ്റൊരു ഓപ്പണര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്. ദക്ഷിണാഫ്രിക്കയില്‍ സഞ്ജു രണ്ട് ടി20 സെഞ്ച്വറി നേടിയതിനെ വിലകുറച്ച് കാണാനാവില്ല. കാരണം ഈ നേട്ടത്തിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരനാണ് സഞ്ജു. പിന്നാലെ തിലക് വര്‍മയും ഈ റെക്കോഡിലേക്കെത്തി. അതിവേഗ പേസര്‍മാരെ നിരവധി തവണ പഞ്ഞിക്കിട്ട ചരിത്രം സഞ്ജുവിനുണ്ട്. അതുകൊണ്ടുതന്നെ അതിവേഗ പേസര്‍മാര്‍ക്കെതിരേ പതറുന്നുവെന്നത് ബാലിശമായ ആരോപണമാണ്.

നിലവിലെ ടി20 പേസ് നിരയിലെ ഏറ്റവും മിടുക്കനായ ജസ്പ്രീത് ബുംറയെപ്പോലും പഞ്ഞിക്കിട്ട ചരിത്രം സഞ്ജുവിന്റെ ഐപിഎല്ലിലെ കണക്കുകളില്‍ കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ നിലവിലെ മോശം ഇന്നിങ്‌സുകളുടെ പേരില്‍ വലിയൊരു തഴയല്‍ ഇപ്പോള്‍ ഉണ്ടായേക്കില്ലെന്നുറപ്പാണ്.

suryakumar yadav gautam gambhir

വിശ്വസിക്കാവുന്ന മറ്റ് വലം കൈയന്മാരില്ല

ടി20 ഓപ്പണിങ്ങില്‍ ഇന്ത്യക്ക് വിശ്വസിക്കാവുന്ന മറ്റ് വലം കൈയന്‍ ഓപ്പണര്‍മാരില്ലെന്നതാണ് മറ്റൊരു വസ്തുത. റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍ എന്നിവരാണ് വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായ മറ്റ് ഓപ്പണര്‍മാര്‍. ഇവരെക്കാളും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. അവസാന 10 ഇന്നിങ്‌സില്‍ നിന്ന് 44.44 ശരാശരിയില്‍ 400 റണ്‍സാണ് സഞ്ജു നേടിയത്. 184.33 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ പ്രകടനം. മൂന്ന് തവണ 30ലധികം റണ്‍സ് നേടി.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഒരോവറില്‍ 22 റണ്‍സടക്കം 26 റണ്‍സ് നേടാന്‍ സഞ്ജുവിനായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലാണ് അല്‍പ്പം പിന്നോട്ട് പോയത്. എന്നാല്‍ ഇന്ത്യയുടെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും ഇതേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ മാത്രം ഇപ്പോള്‍ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ല. തുടര്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

അനാവശ്യ വിവാദങ്ങള്‍ സഞ്ജുവിനെ ബാധിച്ചു

സമീപകാലത്തുണ്ടായ അനാവശ്യ വിവാദങ്ങള്‍ സഞ്ജു സാംസണെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. കേരള ക്രിക്കറ്റ് അസോസിയേഷനും സഞ്ജു സാംസണും തമ്മിലുണ്ടായ ഭിന്നത വലിയ നാണക്കേടായി മാറിയിരുന്നു. കൂടാതെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സഞ്ജു തഴയപ്പെടുകയും ചെയ്തു. ഇതെല്ലാം സഞ്ജുവിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. എന്തായാലും ഇതിലും വലിയ പ്രതിസന്ധികളെ മറികടന്ന് വരാന്‍ സഞ്ജുവിനായിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ തിരിച്ചുവരവ് ഇനിയും ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, January 31, 2025, 15:19 [IST]
Other articles published on Jan 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+