ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. 231 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 202 റണ്‍സിനുള്ളില്‍ കൂടാരം കയറി. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഉണ്ടായിട്ടും ഭാഗ്യ മൈതാനത്ത് ഇന്ത്യക്ക് കാലിടറിയിരിക്കുകയാണ്. 69 വര്‍ഷത്തിനിടെ ഇന്ത്യ ഹൈദരാബാദില്‍ തോല്‍ക്കുന്നത് ഇതാദ്യമായാണ്.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വലിയ നാണക്കേടായി ഈ തോല്‍വി മാറിയിരിക്കുകയാണ്. ഇന്ത്യ അനായാസം ജയം ഉറപ്പിച്ചിരുന്നിടത്തുനിന്നാണ് കളി തോറ്റതെന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വിരാട് കോലി സാമൂഹ്യ മാധ്യമങ്ങളില്‍ ട്രന്റിങ്ങായിരിക്കുകയാണ്. കോലി നായകനായിരിക്കെയുള്ള കണക്കുകളും രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷമുള്ള കണക്കുകളുമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
വിരാട് കോലി നായകനായിരുന്നപ്പോള്‍ ഇന്ത്യ നാട്ടില്‍ ആകെ തോറ്റത് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ്. എന്നാല്‍ രോഹിത് ശര്‍മ നായകനായപ്പോള്‍ ഇന്ത്യ നാട്ടില്‍ കളിച്ച അവസാന മൂന്ന് ടെസ്റ്റില്‍ രണ്ടിലും തോല്‍ക്കുകയും ഒരു മത്സരം സമനിലയാവുകയും ചെയ്തിരിക്കുകയാണ്. രോഹിത് ശര്‍മക്ക് നാട്ടില്‍ ടീമിന് ജയം നേടിക്കൊടുക്കാനാവുന്നില്ലെന്നും അങ്ങനെയുള്ള രോഹിത്തിന് വിദേശത്ത് ഇന്ത്യയെ ജയിപ്പിക്കാനാവില്ലെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ജയം ഭാഗ്യംകൊണ്ടാണെന്നും ഈ പ്രകടനം കൊണ്ട് ഓസ്‌ട്രേലിയയില്‍ പര്യടനത്തിന് പോകാനാവില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യ റണ്‍ചേസില്‍ ഒന്നുമല്ലെന്നും കോലിയുടെ വില ഇന്ത്യ ശരിക്കും അറിയുന്നുണ്ടെന്നുമാണ് പ്രതികരണങ്ങളെത്തുന്നത്. വിരാട് കോലിയുണ്ടായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റ് ഇന്ത്യ ജയിക്കുമായിരുന്നുവെന്നും അഭിപ്രായങ്ങളുയരുന്നു.

രണ്ടാം ടെസ്റ്റിലും വിരാട് കോലിയില്ല. നിലവില്‍ കെ എല്‍ രാഹുലാണ് കോലിക്ക് പകരം നാലാം നമ്പറില്‍ കളിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ രാഹുല്‍ മികവ് കാട്ടിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായ ഘട്ടത്തില്‍ മികവ് കാട്ടാന്‍ രാഹുലിന് സാധിച്ചില്ല. വിരാട് കോലിക്ക് പകരം ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത് രജത് പാട്ടീധാറാണ്. താരത്തിന് ആദ്യ മത്സരത്തില്‍ അവസരം നല്‍കിയിട്ടുമില്ല. രണ്ടാം മത്സരത്തില്‍ രജത് കളിച്ചാലും കോലിയുടെ മികവിന് പകരം വെക്കാനാവില്ല.
കോലിയെ ഇന്ത്യ വീണ്ടും ടെസ്റ്റ് നായകനാക്കണമെന്നും ഒരു പക്ഷം ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനുള്ള സാധ്യത വിരളമാണെന്ന് പറയാം. കോലി ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് മടങ്ങിയെത്തുന്നത് ഇംഗ്ലണ്ടിന് സമ്മര്‍ദ്ദം നല്‍കുകയും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യും. കോലിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്റെ ആക്രമണോത്സകത ഉയര്‍ത്തും. രോഹിത്തിന് കീഴില്‍ ഇന്ത്യ നനഞ്ഞ പടക്കമാണ്. ഇംഗ്ലണ്ടിനെ ആക്രമണോത്സകതയോടെ സമ്മര്‍ദ്ദത്തിലാക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല.
വിശാഖ പട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരും. ഇതിന് ചില കാരണങ്ങളുമുണ്ട്. ഒന്നാമത്തെ കാര്യം രവീന്ദ്ര ജഡേജയുടെ പരിക്കാണ്. കാലിന് പരിക്കേറ്റ ജഡേജ രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായി മാറും. ജഡേജ പ്ലേയിങ് 11ന് പുറത്തായാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെയാണ് കൂടുതലായും ബാധിക്കുക. കോലിയുടെ അഭാവത്തിലാണ് ഇന്ത്യ ജഡേജയേയും അക്ഷറിനേയും ഒരുമിച്ച് കളിപ്പിച്ചത്.
ജഡേജക്ക് പരിക്കേറ്റാല്‍ പകരം കുല്‍ദീപ് യാദവ് പ്ലേയിങ് 11ലേക്കെത്തും. എന്നാല്‍ കുല്‍ദീപിനെക്കൊണ്ട് ബാറ്റിങ്ങില്‍ കാര്യമായൊന്നും ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ ജഡേജ കളിക്കാതിരുന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നായകനെന്ന നിലയില്‍ രോഹിത്തിന്റെ ജോലി ഭാരം കൂടുമെന്ന കാര്യം ഉറപ്പാണ്.