ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങിയത് ഒരു മാറ്റത്തോടെയായിരുന്നു. ബാറ്റിങ് നിരയില്‍ രജത് പാട്ടീധാറിനെ ഇന്ത്യ പുറത്തിരുത്തിയപ്പോള്‍ പകരം ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം നല്‍കി. കര്‍ണാടകക്കാരനായ ദേവ്ദത്ത് സമീപകാലത്ത് മികച്ച ഫോമിലാണ്. രഞ്ജി ട്രോഫിയിലടക്കം താരം മികച്ച പ്രകടനം നടത്തിയതിനാല്‍ അരങ്ങേറ്റത്തിനുള്ള അവസരം അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം.
പരമ്പരയില്‍ മൂന്ന് മത്സരം കളിച്ച രജത്ത് തീര്‍ത്തും നിരാശപ്പെടുത്തി. പ്രതിരോധിക്കാന്‍ പോലും ഭയപ്പെടുന്ന തരത്തിലായിരുന്നു രജത്തിന്റെ ബാറ്റിങ്. എന്നാല്‍ രജത്തിനെ പുറത്തിരുത്താന്‍ കാരണം മോശം ഫോമല്ലെന്നും പരിക്കാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ. ടോസിന് പിന്നാലെയാണ് രോഹിത് ഇക്കാര്യം തുറന്ന് പറഞ്ഞത്. 'ആദ്യം ബാറ്റ് ചെയ്യണമെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. പരമ്പരയില്‍ വളരെ മികച്ച പ്രകടനമാണ് നടത്തിയത്.
അത്യുന്നതയില്‍ പരമ്പര അവസാനിപ്പിക്കാനുള്ള അവസരമാണ് മുന്നില്‍. പിച്ചില്‍ നല്ല ബൗണ്‍സുണ്ട്. ബാറ്റുചെയ്യാന്‍ അനുയോജ്യമായ പിച്ചാണിത്. ബുംറ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയപ്പോള്‍ ആകാശ് ദീപ് പുറത്തായി. ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം ലഭിക്കും. ഇന്നലെ പരിശീലനത്തിനിടെ രജത് പാട്ടീധാറിന് പരിക്കേറ്റു' എന്നാണ് രോഹിത് പറഞ്ഞത്. ഇതിന് പിന്നാലെ രോഹിത് ശര്‍മക്കെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
ടീമിന് ബാധ്യതയായ താരമാണ് രജത്. മൂന്ന് മത്സരം കളിച്ചിട്ടും നിരാശപ്പെടുത്തിയ രജത്തിനെ പുറത്താക്കുന്നതാണ് ശരി. രോഹിത്തിന്റെ വിശദീകരണം രജത്തിനെ സംരക്ഷിക്കുന്ന നിലയിലാണ്. പരിക്കേറ്റില്ലായിരുന്നുവെങ്കില്‍ രജത്തിനെ കളിപ്പിക്കുമായിരുന്നുവെന്നാണ് രോഹിത് പറഞ്ഞത്. മോശം ഫോമിലുള്ള താരങ്ങള്‍ക്ക് ഇത്തരത്തില്‍ പിന്തുണ നല്‍കേണ്ടതില്ലെന്നും മോശം ഫോം കാരണം പുറത്താക്കിയെന്ന് പറയാന്‍ നായകന്‍ ധൈര്യം കാട്ടണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

എന്തായാലും രജത്തിന് ഇനിയൊരു തിരിച്ചുവരവ് പ്രയാസമായിരിക്കും. ഇന്ത്യ എ ടീമിനൊപ്പമടക്കം മികച്ച പ്രകടനം നടത്താന്‍ രജത്തിന് സാധിച്ചിരുന്നു. എന്നാല്‍ സീനിയര്‍ ടീമിലേക്കെത്തിയപ്പോള്‍ രജത്തിന്റെ മുട്ടിടിക്കുകയാണ്. രഞ്ജി ട്രോഫിയടക്കം കളിച്ച് രജത് ഫോമിലേക്കെത്താതെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. രജത് പാട്ടീധാറിനെ പുറത്താക്കിയതിനെ ആരാധകര്‍ അംഗീകരിക്കുമ്പോഴും രോഹിത്തിന്റെ ന്യായീകരണത്തിനെതിരേ വിമര്‍ശനം ഉയരുകയാണ്.
ആകാശ് ദീപിനെ ഇന്ത്യ പുറത്തിരുത്തിയതിനെതിരേയും ചോദ്യം ഉയരുന്നു. നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കിയപ്പോഴാണ് പകരക്കാരനായി ആകാശ് ദീപ് എത്തിയത്. മൂന്ന് വിക്കറ്റുള്‍പ്പെടെ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ ആകാശ് ദീപിനായി. എന്നിട്ടും അഞ്ചാം ടെസ്റ്റില്‍ ആകാശിനെ കളിപ്പിക്കാത്തത് നിരാശപ്പെടുത്തുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. മുഹമ്മദ് സിറാജിന് വിശ്രമം നല്‍കാമായിരുന്നു.
ഇന്ത്യ ഇതിനോടകം പരമ്പര നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അഞ്ചാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിന് വിശ്രമം നല്‍കിയാലും കുഴപ്പമില്ലായിരുന്നു. ആകാശിനെപ്പോലൊരു യുവ പേസറെ വളര്‍ത്താനുള്ള സമയമാണിത്. യുവതാരത്തെ തഴഞ്ഞത് ശരിയായില്ലെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. ഇനി ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് പര്യടനം വലിയ ഇടവേളക്ക് ശേഷമാണ്. അതുകൊണ്ടുതന്നെ ആകാശ് അവസരം അര്‍ഹിച്ചിരുന്നുവെന്നാണ് ആരാധക പക്ഷം.
അതേ സമയം ഇന്ത്യ അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് നാണംകെടുത്തി സന്ദര്‍ശകരെ യാത്രയാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ടാണ് ഇംഗ്ലണ്ട് അഭിമാന ജയത്തിനായാവും ഇറങ്ങുക. വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യുക. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 2 വിക്കറ്റിന് 100 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. കുല്‍ദീപ് യാദവാണ് ഇന്ത്യക്കായി 2 വിക്കറ്റുകളും നേടിയത്. അശ്വിന്റെ 100ാം ടെസ്റ്റ് മത്സരമാണിത്.