രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുകയാണ്. നാലാം ദിനം പുരോഗമിക്കവെ ഇന്ത്യ ശക്തമായ ലീഡിലേക്കെത്തിക്കഴിഞ്ഞു. ഇന്ത്യയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ഡ്രൈവിങ് സീറ്റിലേക്കെത്താനും ടീമിനായി. മൂന്നാം ദിനം ഇന്ത്യയുടെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയത് കുല്‍ദീപ് യാദവായിരുന്നു. മൂന്നാം ദിനം വിക്കറ്റ് കാത്ത കുല്‍ദീപ് നാലാം ദിനം സിക്‌സറടക്കം നേടി കൈയടി വാങ്ങിച്ചു.
91 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടിയാണ് കുല്‍ദീപ് പുറത്തായത്. മികച്ച ചെറുത്തുനില്‍പ്പ് കാഴ്ചവെക്കാന്‍ കുല്‍ദീപിനായെങ്കിലും ഇപ്പോള്‍ ആരാധകരുടെ വിമര്‍ശനം താരത്തിനെതിരേ ഉയരുകയാണ്. അത് ശുബ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി നിഷേധിച്ചുവെന്ന കാരണത്താലാണ്. കുല്‍ദീപ് കാരണം ശുബ്മാന്‍ ഗില്‍ റണ്ണൗട്ടായതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. 151 പന്ത് നേരിട്ട് 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 91 റണ്‍സ് നേടിയ ഗില്‍ റണ്ണൗട്ടായാണ് മടങ്ങിയത്.
ബെന്‍ സ്റ്റോക്‌സിന്റെ മികച്ച ത്രോയില്‍ ടോം ഹാര്‍ട്ട്‌ലിയാണ് ഗില്ലിനെ റണ്ണൗട്ടാക്കിയത്. അനായാസമായി നേടാവുന്ന റണ്‍സായിരുന്നു ഇത്. ഹാര്‍ട്ട്‌ലിയെ ക്രീസില്‍ നിന്ന് കയറിക്കളിച്ച കുല്‍ദീപ് ലോങ് ഓഫിലേക്കാണ് പന്തടിച്ചത്. റണ്ണിനായി കുല്‍ദീപ് കോള്‍ ചെയ്‌തെങ്കിലും അല്‍പ്പം മുന്നോട്ടോടി കുല്‍ദീപ് നിന്നു. പാതി പിന്നിട്ട ഗില്‍ തിരിച്ചോടി ക്രീസിലെത്താന്‍ ഡൈവ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ റണ്ണൗട്ടാവുകയായിരുന്നു. കുല്‍ദീപ് ഓടിയിരുന്നെങ്കില്‍ അനായാസം ക്രീസിലെത്താമായിരുന്നു.
എന്നാല്‍ താരത്തിന്റെ തീരുമാനം അര്‍ഹിച്ച സെഞ്ച്വറി നിഷേധിച്ച് ഗില്ലിനെ റണ്ണൗട്ടാക്കി. പരമ്പരയിലെ രണ്ടാം സെഞ്ച്വറി സ്വപ്‌നംകണ്ട ഗില്ലിന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു റണ്ണൗട്ട്. കടുത്ത നിരാശയിലാണ് താരം ക്രീസ് വിട്ടത്. മൂന്നാം നമ്പറില്‍ സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന ഗില്ലിന് സെഞ്ച്വറി വളരെ പ്രധാനപ്പെട്ടതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഡെക്കിന് മടങ്ങിയ ഗില്‍ സെഞ്ച്വറിയോടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു.

അപ്പോഴാണ് റണ്ണൗട്ട് വില്ലനായെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ രവീന്ദ്ര ജഡേജയുടെ തെറ്റായ കോളില്‍ റണ്ണൗട്ടായായിരുന്നു. ഇതിന് പിന്നാലെയാണ് ശുബ്മാന്‍ ഗില്ലും റണ്ണൗട്ടായത്. രണ്ട് പേരും സെഞ്ച്വറിയിലേക്കെത്തേണ്ടതായിരുന്നുവെങ്കിലും പങ്കാളിയുടെ മോശം തീരുമാനത്തിന്റെ ബലിയാടാവുകയായിരുന്നു. ഇതോടെ ആരാധകരും വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. എന്തായാലും ഇന്ത്യ മത്സരത്തില്‍ ശക്തമായ നിലയിലാണ്.
ലീഡ് 400 പിന്നിട്ട ഇന്ത്യ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. നാലാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 314 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 440 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. ലീഡ് 500 പിന്നിട്ട് ഡിക്ലയര്‍ ചെയ്യാനുള്ള കണക്കുകൂട്ടലിലാണ് ഇന്ത്യ. ഇംഗ്ലണ്ട് അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരുടെ നിരയാണ്. ആക്രമണ ക്രിക്കറ്റ് കാഴ്ചവെക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരേ വമ്പന്‍ സ്‌കോര്‍ തന്നെ ഇന്ത്യക്ക് മുന്നോട്ട് വെക്കേണ്ടതായുണ്ട്.
രണ്ടാം ഇന്നിങ്‌സില്‍ ആര്‍ അശ്വിന്റെ അഭാവം ഇന്ത്യയെ ബാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കുടുംബ സംബന്ധമായ കാരണത്താല്‍ രണ്ടാം ദിനം അശ്വിന്‍ ടീം വിടുകയായിരുന്നു. അശ്വിന്റെ അഭാവത്തിലും ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ശോഭിച്ചിരുന്നു. മുഹമ്മദ് സിറാജ് നാല് വിക്കറ്റടക്കം നേടി കസറിയിരുന്നു. രണ്ടാം ഇന്നിങ്‌സിലും ഇതേ മികവ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാഴ്ചവെക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇംഗ്ലണ്ട് സമനിലക്കായി കളിക്കാന്‍ സാധ്യത കുറവാണ്. പിച്ച് ഇപ്പോള്‍ ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. എന്തായാലും വാശിയേറിയ പോരാട്ടത്തിലേക്കാണ് മത്സരം നീങ്ങുന്നത്. ആര് ജയിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.