Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വേരുറപ്പിച്ച് ഇംഗ്ലണ്ട്, കാരണം രോഹിത്തിന്റെ പിഴവ്! വിമര്‍ശനം ശക്തം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പോരാട്ടം മുറുകുകയാണ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് സൃഷ്ടിച്ചത്. സാക്ക് ക്രോളിയെ (15) പുറത്താക്കി ആര്‍ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരുവശത്ത് ബെന്‍ ഡക്കറ്റ് കടന്നാക്രമിച്ചപ്പോള്‍ മറുവശത്ത് ക്രോളി പിന്തുണ നല്‍കുകയായിരുന്നു.

13.1 ാം ഓവറിലാണ് അശ്വിന്‍ കൂട്ടുകെട്ട് പൊളിക്കുന്നത്. 28 പന്ത് നേരിട്ട് 2 ബൗണ്ടറി ഉള്‍പ്പെടെയാണ് ക്രോളിയുടെ പ്രകടനം. ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്ന് പറയാം. ഇംഗ്ലണ്ട് കുതിപ്പ് തുടരുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ആര്‍ അശ്വിനെ പന്തെറിയിപ്പിക്കാന്‍ വൈകിയതിനാണ് രോഹിത്തിനെതിരേ വിമര്‍ശനം ഉയരുന്നത്. ഈ പരമ്പരയിലുടെനീളം രോഹിത് ഈ പിഴവ് തുടരുന്നുണ്ടെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

ഇംഗ്ലണ്ട് താരങ്ങള്‍ നിലയുറപ്പിച്ച ശേഷമാണ് രോഹിത് അശ്വിന് പന്ത് നല്‍കുന്നത്. എന്നാല്‍ ഇന്ത്യയുടെ വജ്രായുധം അശ്വിനാണ്. തുടക്കത്തിലേ അശ്വിനെ പരിഗണിച്ച് വിക്കറ്റ് നേടിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. അല്ലാതെ നിലയുറപ്പിച്ച ശേഷം അശ്വിനെത്തി കൂട്ടുകെട്ട് പൊളിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ ഇംഗ്ലണ്ടിന് അടിത്തറയായിക്കഴിഞ്ഞു. വരുന്ന താരങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള സാഹചര്യവുമുണ്ട്. രോഹിത് അല്‍പ്പം കൂടി നേരത്തെ അശ്വിനെ പന്തെറിയിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ക്രോളിയെ പുറത്താക്കിയ അശ്വിന്‍ 500 ടെസ്റ്റ് വിക്കറ്റുകളെന്ന നാഴികക്കല്ലും പിന്നിട്ടു. അനില്‍ കുംബ്ലെക്ക് ശേഷം ഇന്ത്യക്കായി ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ബൗളറായി മാറാന്‍ അശ്വിന് സാധിച്ചിരിക്കുകയാണ്. 619 വിക്കറ്റുകളാണ് കുംബ്ലെയുടെ പേരിലുള്ളത്. കരിയര്‍ അവസാനിക്കുമ്പോഴേക്കും കുംബ്ലെയെ മറികടക്കാന്‍ അശ്വിനാവുമോയെന്നാണ് കണ്ടറിയേണ്ടത്. രവീന്ദ്ര ജഡേജ ആദ്യ സെക്ഷനില്‍ പന്തെറിയാത്തതിനാല്‍ കുല്‍ദീപ് യാദവിനെവെച്ച് സ്പിന്നാക്രമണം തുടങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയായിരുന്നു.

rohit sharma

ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ 72 റണ്‍സുള്ളപ്പോള്‍ അശ്വിനെ കൊണ്ടുവരുന്ന രോഹിത്തിന്റെ തീരുമാനം മണ്ടത്തരമാണെന്നും ഇത് ഇംഗ്ലണ്ട് മുതലാക്കുന്നുണ്ടെന്നുമാണ് കമന്റേറ്റര്‍മാരടക്കം ചൂണ്ടിക്കാട്ടുന്നത്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഇംഗ്ലണ്ടിന് റണ്‍സുയര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഫ്‌ളാറ്റ് പിച്ചായതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. നായകനെന്ന നിലയില്‍ രോഹിത് കൃത്യമായ തന്ത്രങ്ങളൊരുക്കാതെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനാവില്ല.

രോഹിത് ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ മികവ് കാട്ടണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ പിച്ചില്‍ തന്ത്രങ്ങള്‍ പെട്ടെന്ന് ഫലം കാണാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. നേരത്തെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 445 റണ്‍സ് നേടിയത് രോഹിത് ശര്‍മയുടേയും (131) രവീന്ദ്ര ജഡേജയുടേയും (112) സെഞ്ച്വറിക്കരുത്തിലാണ്. 33 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നിരുന്നു. എന്നാല്‍ ഇവിടെ നിന്ന് ഇന്ത്യ കരകയറിയത് രോഹിത്-ജഡേജ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടിലാണ്.

യശ്വസി ജയസ്വാള്‍ 10 റണ്‍സില്‍ പുറത്തായപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ ശുബ്മാന്‍ ഗില്‍ ഡെക്കായി. രജത് പാട്ടീധാറിനും മികവ് കാട്ടാന്‍ സാധിക്കാതെ പോയി. 5 റണ്‍സാണ് താരം നേടിയത്. രണ്ടാം ടെസ്റ്റിലും താരത്തിന് മികവ് കാട്ടാന്‍ സാധിക്കാതെ പോയി. വിരാട് കോലിക്ക് പകരക്കാരനായെത്തിയ രജത്തിന് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരം മുന്നിലുണ്ടായിരുന്നെങ്കിലും മുതലാക്കാന്‍ സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ശുബ്മാന്‍ ഗില്ലും മോശം ഫോമില്‍ തുടരുന്നതിനാല്‍ താരത്തിന്റെ സീറ്റ് തെറിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റ ടെസ്റ്റ് ഇന്നിങ്‌സില്‍ 62 റണ്‍സ് നേടിയപ്പോള്‍ ദ്രുവ് ജുറേല്‍ 46 റണ്‍സില്‍ പുറത്തായി. ആര്‍ അശ്വിന്‍ 37 റണ്‍സാണ് നേടിയത്.

Story first published: Friday, February 16, 2024, 16:03 [IST]
Other articles published on Feb 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+