ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ലീഡ് നേടിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ 436 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 190 റണ്‍സിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി. തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് പിന്നാലെ രവീന്ദ്ര ജഡേജ (87), കെ എല്‍ രാഹുല്‍ (86), യശ്വസി ജയ്‌സ്വാള്‍ (80) എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും ഇന്ത്യക്ക് കരുത്തായി.
ഇന്ത്യയുടെ വാലറ്റത്ത് നിര്‍ണ്ണായകമായ 44 റണ്‍സ് നേടാന്‍ അക്ഷര്‍ പട്ടേലിനായി. 100 പന്ത് നേരിട്ട് 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് അക്ഷറിന്റെ പ്രകടനം. പലപ്പോഴും രവീന്ദ്ര ജഡേജയുടെ നിഴലായി ഒതുക്കപ്പെടുന്ന താരമാണ് അക്ഷര്‍. എന്നാല്‍ അവസരം ലഭിച്ചപ്പോഴെല്ലാം താന്‍ ജഡേജക്കൊപ്പം നില്‍ക്കുന്നവനാണെന്ന് തെളിയിക്കാന്‍ അക്ഷറിനായി. എന്നാല്‍ ഈ മികവിന് അനുസരിച്ചുള്ള പരിഗണന താരത്തിന് ലഭിക്കുന്നില്ല. ഇപ്പോഴും രണ്ടാം നിര താരമായാണ് അക്ഷര്‍ പരിഗണിക്കപ്പെടുന്നത്.
എന്നാല്‍ അക്ഷര്‍ കൂടുതല്‍ പരിഗണനയും അവസരവും അര്‍ഹിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 84, 74, 12*, 15*, 79, 44 എന്നിങ്ങനെയാണ് അവസാന ആറ് ടെസ്റ്റ് ഇന്നിങ്‌സിലെ അക്ഷറിന്റെ സ്‌കോര്‍. ശരാശരി 51ന് മുകളിലാണ്. ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാണ് അക്ഷറിന്റെ ഈ പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. പല മത്സരങ്ങളിലും നിര്‍ണ്ണായക സംഭാവ ബാറ്റുകൊണ്ട് നല്‍കാന്‍ അക്ഷറിന് സാധിക്കുന്നുണ്ട്.
ബൗളിങ്ങിലും അക്ഷര്‍ മോശമാക്കിയില്ല. 13 ഓവര്‍ പന്തെറിഞ്ഞ് 33 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് അക്ഷര്‍ നേടിയത്. അശ്വിനും ജഡേജക്കും ലഭിച്ച ഓവറുകള്‍ അക്ഷറിന് ലഭിച്ചില്ലെന്നതാണ് വസ്തുത. രോഹിത് ശര്‍മയും അക്ഷറില്‍ വലിയ വിശ്വാസം അര്‍പ്പിക്കുന്നില്ല. എന്നാല്‍ ഈ പിന്തുണക്കുറവുകള്‍ക്കിടയിലും ശക്തമായ തിരിച്ചുവരവ് നടത്താനും പ്രകടനംകൊണ്ട് കൈയടി നേടാനും അക്ഷര്‍ പട്ടേലിന് സാധിക്കുന്നുണ്ട്.

നിലവില്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വ്യക്തമായ മേല്‍കൈ അവകാശപ്പെടാനാവും. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ആദ്യ ഇന്നിങ്‌സിലെക്കാള്‍ ആക്രമണോത്സകതയോടെ കളിക്കാന്‍ ഇംഗ്ലണ്ട് ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സ്പിന്‍ നിരക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. റണ്ണൊഴുക്ക് കൂടുമ്പോള്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്. ഇൗ വെല്ലുവിളിയെ മറികടക്കാനാവാത്ത പക്ഷം ജയം കടുപ്പമായിരിക്കും.
രണ്ടാം ഇന്നിങ്‌സില്‍ അക്ഷര്‍ പട്ടേലിന് ഇതേ ബൗളിങ് മികവ് കാഴ്ചവെക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വന്നപ്പോള്‍ അക്ഷറിന്റെ ബൗളിങ് പ്രകടനമാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഇത്തവണ ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിക്കുന്നു. ഇതേ മികവ് വരുന്ന മത്സരങ്ങളിലും അക്ഷര്‍ തുടര്‍ന്നാല്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ അക്ഷറിന് സാധിച്ചേക്കും.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ മൂന്ന് അര്‍ധ സെഞ്ച്വറി പിറന്നെങ്കിലും ഒരാള്‍ക്കും സെഞ്ച്വറിയിലേക്കെത്താനായില്ല. മൂന്ന് താരങ്ങളും 80 റണ്‍സ് പിന്നിട്ട ശേഷമാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ആദ്യമായാണ് ഇന്ത്യയുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ 80 റണ്‍സ് പിന്നിട്ട ശേഷം സെഞ്ച്വറിയിലേക്കെത്താതെ പോകുന്നത്.
ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 74 പന്തില്‍ 80 റണ്‍സാണ് നേടിയത്. 10 ഫോറും 3 സിക്‌സും താരം അടിച്ചെടുത്തു. കെ എല്‍ രാഹുല്‍ 123 പന്ത് നേരിട്ട് 8 ഫോറും 2 സിക്‌സുമടക്കം 86 റണ്‍സാണ് നേടിയത്.
ജഡേജ 180 പന്ത് നേരിട്ട് 87 റണ്‍സും നേടിയാണ് മടങ്ങിയത്. എന്തായാലും രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്.