മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതിയ ബിസിസിഐ കരാര്‍ വന്നപ്പോള്‍ ചില സൂപ്പര്‍ താരങ്ങളുടെ അഭാവം നിഴലിച്ച് നിന്നിരുന്നു. ഇന്ത്യയുടെ യുവ താരനിരയിലെ പ്രമുഖരായ ശ്രേയസ് അയ്യരേയും ഇഷാന്‍ കിഷനേയുമാണ് ബിസിസി ഐ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കിയത്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ശ്രേയസും ഇഷാനും രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതാണ് ഇരുവരുടേയും കേന്ദ്ര കരാര്‍ റദ്ദാക്കാന്‍ കാരണം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ ഇന്ത്യ ടീമില്‍ നിന്ന് തഴയുകയും രഞ്ജി ട്രോഫി കളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ വിശ്രമമെടുത്ത താരം രഞ്ജി കളിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇപ്പോള്‍ രഞ്ജി ട്രോഫി സെമി കളിക്കാന്‍ ശ്രേയസ് തയ്യാറായിട്ടുണ്ട്. മുംബൈ ടീമിനൊപ്പം ശ്രേയസുണ്ട്. എന്നിട്ടും കരാറില്‍ നിന്ന് അദ്ദേഹത്തെ ബിസിസിഐ പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ടത്.
എന്താണ് ശ്രേയസിന്റെ കരാര്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം?. അത് രഞ്ജി ട്രോഫി കളിക്കാത്തത് മാത്രമല്ലെന്നും ഇതിന് പിന്നില്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന സൂചന. ഇതിന് ഒരു കാരണവുമുണ്ട്. ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് ശ്രേയസിനെ ഒഴിവാക്കിയപ്പോള്‍ രഞ്ജി ട്രോഫി കളിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ശ്രേയസ് പുറം വേദനയാണ് കാരണമായി പറഞ്ഞിരുന്നത്.
എന്നാല്‍ ശ്രേയസ് ഇതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാംപില്‍ പങ്കെടുത്തിരുന്നു. ഗൗതം ഗംഭീറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതില്‍ ടീം മാനേജ്‌മെന്റിന് അതൃപ്തിയുണ്ടായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് ശ്രേയസ്. പരിശോധനയില്‍ ശ്രേയസിന് പരിക്കില്ലെന്ന് വ്യക്തമായതോടെ താരം കള്ളം പറയുകയാണെന്ന് വ്യക്തമായി. ഇതും സെലക്ടര്‍മാരെ ചൊടിപ്പിച്ചു.
രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും താരങ്ങളെ പിന്തുണക്കുകയും ചെയ്തില്ല. ഇവരോടൊപ്പം അഗാര്‍ക്കറും കടുത്ത നിലപാടെടുക്കുകയായിരുന്നു. കരാര്‍ റദ്ദാക്കുന്നതിന് മുമ്പ് അഗാര്‍ക്കറുമായി ബിസിസി ഐ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ അഗാര്‍ക്കര്‍ ഇവരുടെ കരാര്‍ റദ്ദാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇഷാന്‍ കിഷനേയും പുറത്താക്കാന്‍ കാരണം ഐപിഎല്‍ ക്യാംപില്‍ പങ്കെടുത്തതാണ്. മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറാണ് ഇഷാന്‍.

ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം പരിശീലനം നടത്തിയിരുന്നു. എന്നിട്ടും രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറായില്ല. ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കെത്താന്‍ ഇഷാനെ വിളിച്ചപ്പോള്‍ താരം വിസമ്മതിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇതും താരത്തിന്റെ കരാര്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ഇരുവര്‍ക്കും ഇനി തിരിച്ചെത്തുക പ്രയാസമായിരിക്കും.
ബിസിസിഐയും ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും എല്ലാവരും ഇവര്‍ക്ക് എതിരാണ്. അതുകൊണ്ടു തന്നെ കരാറിലേക്ക് മടങ്ങിയെത്താന്‍ അത്യുജ്ജ്വല പ്രകടനം തന്നെ ശ്രേയസിനും ഇഷാനും കാഴ്ചവെക്കേണ്ടതായുണ്ട്. 3 കോടിയോളം രൂപ വാര്‍ഷിക പ്രതിഫലത്തില്‍ ഇരുവര്‍ക്കും നഷ്ടമുണ്ടാവും. കൂടാതെ ദേശീയ ക്രിക്കറ്റ് അക്കാദമി ഇനി ഇവര്‍ക്ക് ഉപയോഗിക്കാനാവില്ല. കരാറിലുള്ള താരങ്ങള്‍ക്ക് മാത്രമേ ഇവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കൂ.
അതുകൊണ്ടുതന്നെ കരാറിലേക്കെത്താതെ ഇഷാനും ശ്രേയസിനും ഇത് ഉപയോഗിക്കാനാവില്ല. ഇരുവരുടേയും ടി20 ലോകകപ്പിലെ സാധ്യതകളും മങ്ങിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ കരാറിലില്ലാത്ത താരങ്ങളെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെ വരുമ്പോള്‍ ഇഷാനും പുറത്തിരിക്കേണ്ടി വരും. ശ്രേയസിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന് മുന്നില്‍ അവസരമുണ്ടായിരുന്നു. പക്ഷെ കരാര്‍ റദ്ദാക്കിയതോടെ താരം തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍.