ഒരു ഇടവേളയ്ക്കു ശേഷം ടീം ഇന്ത്യ വീണ്ടും ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശത്തിലേക്കു കടക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു അടുത്തയാഴ്ച തുടക്കമാവും. 20 മുതല്‍ ഹെഡിങ്‌ലേയിലെ ലീഡ്‌സിസാണ് ഒന്നാമങ്കം നടക്കാനിരിക്കുന്നത്. വിജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ ഇംഗ്ലീഷ് പര്യടനത്തിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
ഇതിഹാസ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ബാറ്റിങ് നിരയുടെ പ്രകടനമായിരിക്കും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായി മാറുക. പരമ്പരയില്‍ ആരാവും ടീമിന്റെ ടോപ്‌സ്‌കോററാവുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതേക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok).

സാധ്യതാ ലിസ്റ്റില്‍ 5 പേര്‍
ഇന്ത്യന്‍ ടോപ്‌സ്‌കോററായി മാറിയേക്കാവുന്ന ഇന്ത്യന്‍ താരങ്ങളുടെ സാധ്യതാ ലിസ്റ്റില്‍ പ്രധാനമായും അഞ്ചു കളിക്കാരെയാണ് എഐ പരാമര്‍ശിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഓരോരുത്തരും ഇതിള്‍ ഉള്‍പ്പെട്ടുവെന്നതിനെ കുറിച്ചും ഗ്രോക്ക് (Grok) വിശദീകരിക്കുന്നു. യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ലിസ്റ്റിലെ ആദ്യത്തെയാള്‍.
ടീമിന്റെ റണ്‍വേട്ടക്കാരനാവാന്‍ സാധ്യതയുള്ള മുന്‍നിരയിലാണ് ജയ്‌സ്വാളെന്നു ഇതില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ 54.74 ശരാശരിയില്‍ 1478 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. 36 സിക്‌സറും ഇതിലുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ താരമായും ജയ്‌സ്വാള്‍ മാറി.
അദ്ദേഹത്തിന്റെ അഗ്രസീവ് ശൈലി ടെസ്റ്റിനു ഏറെ യോജിച്ചതാണ്. അവസാനം കളിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 559 റണ്‍സ് താരം നേടിയിരുന്നു. ഇനി ടെസ്റ്റ് പരമ്പരയില്‍ ഫോം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ജയ്‌സ്വാള്‍.
കെഎല്‍ രാഹുലാണ് എഐയുടെ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ഇംഗ്ലണ്ടില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 2021ലെ ഇംഗ്ലീഷ് പര്യടനത്തില്‍ 315 റണ്‍സാണ് താരം നേടിയത്.
കൂടാതെ കഴിഞ്ഞയാഴ്ച സമാപിച്ച ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ രാഹുല്‍ സെഞ്ച്വറിയും (116) കുറിച്ചിരുന്നു. മികച്ച ബാറ്റിങ് ടെക്‌നിക്ക് ഇംഗ്ലണ്ടിലെ സാഹചര്യങ്ങില്‍ അദ്ദേഹത്തെ ഏറെ സഹായിക്കുന്ന ഘടകം കൂടിയാണ്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് സാധ്യതാ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. വിരാട് കോലിയുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറിലാവും അദ്ദേഹം ഇനി കളിച്ചേക്കുക. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം ഗില്ലിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നാണ് അറിയേണ്ടത്.
അതു മാത്രമല്ല, ഏഷ്യക്കു പുറത്തുള്ള പിച്ചുകളില്‍ കളിച്ചപ്പോഴെല്ലാം താരം പതറിയിട്ടുമുണ്ട്. ഇത്തവണ കൂടുതല്‍ മികച്ച തയ്യാറെടുപ്പോടെയാണോ ഗില്‍ എത്തിയതെന്നു കാത്തിരുന്നു തന്നെ കാണണം.
വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെയാണ് ലിസ്റ്റില്‍ നാലാമതായി എഐ ഉള്‍പ്പെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ തുറുപ്പുചീട്ടെന്നു തന്നെ അദ്ദേഹത്തെ വിളിക്കാം. ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡാണ് റിഷഭിനുള്ളത്.
രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും അദ്ദേഹം ഇതിനകം ഇവിടെ നേടിക്കഴിഞ്ഞു. സെനാ രാജ്യങ്ങളില്‍ റിഷഭിന്റെ റെക്കോര്‍ഡും വളരെ മികച്ചതാണ്. വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാണ് എഐ പ്രവചിച്ച ഇന്ത്യന്‍ താരങ്ങളുടെ സാധ്യതാ ലിസ്റ്റിലെ അഞ്ചാമന്‍.

പ്രവചനം ഇങ്ങനെ
അഞ്ചു താരങ്ങളുടെ സാധ്യാ ലിസ്റ്റില്‍ നിന്നും റണ്‍വേട്ടക്കാരനായി എഐ പ്രവചിച്ചത് യശസ്വി ജയ്‌സ്വാളിനെയാണ്. യുവത്വയും മിന്നുന്ന ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ കരിയറിലെ ആദ്യ ടെസ്റ്റില്‍ തന്നെ ബാറ്റ് കൊണ്ട് ആധിപത്യം നേടാനുള്ള ദാഹം ജയ്‌സ്വാളിനുണ്ടായിരിക്കും.
കൗണ്ടര്‍ അറ്റാക്ക് ചെയ്യാനുള്ള ജയ്‌സ്വാളിന്റെ കഴിവ് തുടക്കത്തില്‍ തന്നെ ഇംഗ്ലീഷ് ബൗളിങിനെ തുറന്നു കാണിച്ചേക്കും. പ്രത്യേകിച്ചും തുടക്കത്തില്‍ സാഹചര്യങ്ങള്‍ ബാറ്റിങിന് അനുകൂലമായാല്‍ ജയ്‌സ്വാള്‍ അപകടകാരിയായി മാറുമെന്നും എഐ പ്രവചിക്കുന്നു.