ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേക്കു പുതുതായി വിളിക്കപ്പെട്ട മൂന്നു താരങ്ങളിലൊരാളാണ് പുതുമുഖ ഓള്‍റൗണ്ടര്‍ സൗരഭ് കുമാര്‍. മറ്റൊരു പുതുമുഖ ബാറ്ററായ സര്‍ഫറാസ് ഖാന്‍, ഇതിനകം മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചു കഴിഞ്ഞ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ദേശീയ ടീമില്‍ ഇടം നേടിയ മറ്റു രണ്ടു പേര്‍. പരിക്കു കാരണം കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ അടുത്ത ടെസ്റ്റില്‍ നിന്നും പിന്‍മാറിയതോടെയാണ് പകരം മൂന്നു പേരെ സെലക്ടര്‍മാര്‍ ടീമിലെടുത്തിരിക്കുന്നത്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയായിരുന്നു രാഹുലിനും ജഡേജയ്ക്കും പരിക്കറ്റ്. നാലാം ദിനം ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിലെ ബാറ്റിങിനിടെ ജഡേജയുടെ കണംകാലിനു പരിക്കേല്‍ക്കുകയായിരുന്നു. സിംഗിളിനായി ശ്രമിക്കവെ റണ്ണൗട്ടായ അദ്ദേഹം കാല്‍പേശിക്കു പരിക്കറ്റതു കാരണം ഔട്ടായ ശേഷം മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. ഇതോടെ രണ്ടാം ടെസ്റ്റില്‍ ജഡേജ കളിക്കുന്ന കാര്യവും സംശയത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത ടെസ്റ്റില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരിക്കുന്നത്.

സര്‍ഫറാസിന്റെ പേര് ദീര്‍ഘനാളായി വാര്‍ത്തകളില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും അദ്ദേഹം ടെസ്റ്റ് ടീമില്‍ നിന്നും നിരന്തരം അവഗണിക്കപ്പെട്ടതായിരുന്നു കാരണം. പക്ഷെ സൗരഭ് കുമാറിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നതാണ് സത്യം. ആരാണ് ടീം ഇന്ത്യയിലേക്കു തികച്ചും അപ്രതീക്ഷിതമായി നറുക്കുവീണ ഈ താരം? അദ്ദേഹത്തെക്കുറിച്ച് അടുത്തറിയാം.
ജഡേജയെപ്പോലെ തന്നെ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ തന്നെയാണ് 30കാരനായ സൗരഭ് കുമാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശ് ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇടംകൈയന്‍ ബാറ്ററും ഇടംകൈയന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറുമായ സൗരഭ്. ജഡേജയുമായി വളരെയേറെ സാമ്യത പുലര്‍ത്തുന്ന താരം കൂടിയാണ് അദ്ദേഹമെന്നു ഇതില്‍ നിന്നും വ്യക്തമാണ്.
ജഡ്ഡുവിന്റെ അത്രത്തോളമെത്തില്ലെങ്കിലും ബാറ്റിങിലും ബൗളിങിലും ടീമിനായി നിര്‍ണായക സംഭാവനകള്‍ നല്‍കാനുള്ള ശേഷി സൗരഭിനുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ യുപിക്കായി അദ്ദേഹം നടത്തിയിട്ടുള്ള പ്രകടനം ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 68 മല്‍സരങ്ങളില്‍ സൗരഭ് കഴിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നു 27.11 ശരാശരിയില്‍ 73.58 സ്‌ട്രൈക്ക് റേറ്റോടെ 2061 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 12 ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 133 റണ്‍സാണ്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ 35 മല്‍സരങ്ങളില്‍ നിന്നും 83.06 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയടക്കം 314 റണ്‍സും 33 ടി20 കളില്‍ നിന്നും 128.69 സ്‌ട്രൈക്ക് റേറ്റില്‍ 148 റണ്‍സും സൗരഭിന്റെ പേരിലുണ്ട്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും അദ്ദേഹം കേമനാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 68 മല്‍സരങ്ങളില്‍ നിന്നും 2.76 ഇക്കോണമി റേറ്റില്‍ സൗരഭ് വാരിക്കൂട്ടിയത് 290 വിക്കറ്റുകളാണ്. എട്ടു തവണയാണ് അദ്ദേഹം ഒരു കളിയില്‍ 10 വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ളത്. അഞ്ചു വിക്കറ്റ് നേട്ടം 22 തവണയും നാലു വിക്കറ്റ് നേട്ടം 15 തവണയും കുറിക്കാന്‍ ഓള്‍റൗണ്ടര്‍ക്കായിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 49ഉം ടി2യില്‍ 24ഉം വിക്കറ്റുകളും സൗരഭ് വീഴ്ത്തി.
അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി സൗരഭ് കളിച്ചിരുന്നു. ഈ മല്‍സരത്തില്‍ ബാറ്റിങിലും ബൗളിങിലും താരം തിളങ്ങുകയും ചെയ്തു. ബാറ്റിങില്‍ 77 റണ്‍സ് നേടിയ അദ്ദേഹം ബൗളിങില്‍ ആറു വിക്കറ്റുകളും പിഴുതിരുന്നു. ഇതാണ് ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റിലേക്കു സൗരഭിനെ വിളിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്.