For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 3ന് 430ല്‍ നിന്ന് 471ന് ഔട്ട്, ഇന്ത്യയുടെ വില്ലനെ കിട്ടി!! കുറിച്ചത് വന്‍ നാണക്കേട്

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ടോട്ടലുമായി സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനുള്ള സുവര്‍ണാവസരം പാഴാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 500-600 റണ്‍സെങ്കിലും അടിച്ചെടുക്കാമായിരുന്ന സാഹചര്യത്തില്‍ നിന്നും ഇന്ത്യ രണ്ടാം ദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ 471 റണ്‍സിനു കൂടാരം കയറിയിരിക്കുകയാണ്.

മൂന്നു വിക്കറ്റിനു 430 റണ്‍സെന്ന അതിശക്തമായ നിലയില്‍ നിന്നാണ് 41 റണ്‍സിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും കളഞ്ഞുകുളിച്ച് ഇന്ത്യന്‍ ടീം അവിശ്വസനീയ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. ഈ കൂട്ടത്തകര്‍ച്ചയ്ക്കു പിന്നാലെ നാണക്കേടിന്റെ റെക്കോര്‍ഡും ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ്.

RISHABH PANT

ആ നാണക്കേട് ഇനി ഇന്ത്യക്ക്

ഒരിന്നിങ്‌സില്‍ ടീമിലെ മൂന്ന് താരങ്ങള്‍ സെഞ്ച്വറികള്‍ നേടിയിട്ടും ഒരു ടീം നേടിയ ഏറ്റവും ചെറിയ ടോട്ടലിനു അവകാശികളായി മാറിയിരിക്കുകയാണ് ഇന്ത്യ. നായകന്‍ ശുഭ്മന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ സെഞ്ച്വറികളടിച്ചിട്ടും ഇന്ത്യന്‍ ടോട്ടല്‍ 500 കടന്നില്ല.

സൗത്താഫ്രിക്കയുടെ പേരിലായിരുന്ന മോശം റെക്കോര്‍ഡ് ഗില്ലിന്റെ ഇന്ത്യന്‍ യുവനിര ലീഡ്‌സില്‍ തിരുത്തിയത്. ടീമിലെ മൂന്നു കളിക്കാര്‍ സെഞ്ച്വറികള്‍ കുറിച്ചിട്ടും സെഞ്ചൂറിയനില്‍ ഇംഗ്ലണ്ടിനെതിരേ സൗത്താഫ്രിക്ക 475 റണ്‍സിനു ഓള്‍ഔട്ടായതായിരുന്നു നേരത്തേയുള്ള മോശം റെക്കോര്‍ഡ്. ഇതാണ് 471ന് ഓള്‍ഔട്ടായി ഇന്ത്യന്‍ ടീം തിരുത്തിയത്.

ഈ ലിസ്റ്റില്‍ ഇന്ത്യ, സൗത്താഫ്രിക്ക എന്നിവര്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കാണ് മൂന്നു സെഞ്ച്വറികളുണ്ടായിട്ടും 500ല്‍ താഴെ റണ്‍സിനു പുറത്താവേണ്ടി വന്നത്. ഓസീസ് 1924ല്‍ ഇംഗ്ലണ്ടിനെതിരേ 494ഉം വിന്‍ഡീസ് 2002ല്‍ ഇന്ത്യക്കെതിരേ 497നും ഓള്‍ഔട്ടാവുകയായിരുന്നു.

ഇന്ത്യയുടെ വില്ലനാര്?

രണ്ടാംദിനം ആദ്യ സെഷനില്‍ ശുഭ്മന്‍ ഗില്ലും റിഷഭ് പന്തും തലേദിവസം നിര്‍ത്തിയ ഇടത്തു നിന്നു തന്നെയാണ് തുടങ്ങിയത്. മികച്ച കൂട്ടുകെട്ടുമായി ഈ ജോടി ടീമിനെ 500ലേക്കു നയിക്കവെയാണ് 430ല്‍ വച്ച് ഗില്ലിന്റെ പുറത്താവല്‍. റണ്‍സ് അനായാസം വന്നു കൊണ്ടിരിക്കെ സ്പിന്നര്‍ ഷുഐബ് ബഷീറിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ഒരു കൂറ്റന്‍ സ്‌കോറിനു അദ്ദേഹം തുനിയുകയായിരുന്നു.

SHUBMAN GILL

പക്ഷെ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ബൗണ്ടറി ലൈനിന് അരികെ ജോഷ് ടോങ് അതു അനായാസം പിടികൂടി. ഇന്ത്യന്‍ ടീമിന്റെ തകര്‍ച്ചയുടെ തുടക്കവും അവിടെയാണ്. പിന്നീട് ഇംഗ്ലണ്ട് ടീം ആഗ്രഹിച്ചതു പോലെ തന്നെ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് ദാനം ചെയ്തു കൊണ്ടിരുന്നു.

മറുനാടന്‍ മലയാളി താരം കരുണ്‍ നായരാണ് അടുത്തതായി മടങ്ങിയത്. ഓഫ്സ്റ്റംപിന് ഒരുപാട് പുറത്തുകൂടി പോയ ബെന്‍ സ്‌റ്റോക്‌സിന്റെ ബോളില്‍ അനാവശ്യ ഡ്രൈവിനു ശ്രമിച്ച് താരം വിക്കറ്റ് നഷ്ടപ്പെടുത്തി. തീര്‍ച്ചയായും ഒഴിവാക്കാമായിരുന്ന പുറത്താവലായിരുന്നു അത്. അല്‍പ്പനേരം കൂടി ക്രീസില്‍ നിന്ന ശേഷം മോശം ബോളുകള്‍ക്കായി കാത്തുനിന്ന ശേഷം ഷോട്ടുകള്‍ കളിക്കുകയായിരുന്നു കരുണ്‍ ചെയ്യേണ്ടിയിരുന്നത്.

കാരണം ടീമിലെ അവസാന സ്‌പെഷ്യലിസ്റ്റ് ബാറ്ററാണ് അദ്ദേഹം. ആദ്യദിനം ഓപ്പണര്‍മാരായ കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും കളിച്ചതു പോലെയൊരു ശ്രദ്ധാപൂര്‍വ്വമുള്ള ഇന്നിങ്‌സായിരുന്നു കരുണ്‍ കളിക്കേണ്ടിയിരുന്നത്.

കാരണം സെഞ്ച്വറിയുമായി ക്രീസിന്റെ മറുഭാഗത്ത് റിഷഭ് പന്തുള്ളതിനാല്‍ റണ്‍സ് വന്നുകൊണ്ടിരിക്കുമെന്നുറപ്പായിരുന്നു. പക്ഷെ കൂടുതല്‍ അഗ്രസീവായി ശ്രമത്തില്‍ കരുണിനു വിക്കറ്റ് കൈവിടേണ്ടി വന്നു. പിന്നീട് ചീട്ടുകൊട്ടാരം കണക്കെ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിഞ്ഞു.

റിഷഭ് (134) വിക്കറ്റിനു മുന്നില്‍ കുരുങ്ങിയപ്പോള്‍ അടുത്ത ഓവറില്‍ ശര്‍ദ്ദുല്‍ ടാക്കൂറും (1) മടങ്ങി. കരുണിനെപ്പോലെ തന്നെ ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ അലക്ഷ്യമായ ഷോട്ട് കളിച്ചാണ് എഡ്ജായി അദ്ദേഹം ക്യാച്ച് സമ്മാനിച്ചത് (ഏഴിന് 454).

ലഞ്ച് ബ്രേക്കിനു ശേഷം ജസ്പ്രീത് ബുംറ (0), രവീന്ദ്ര ജഡേജ (11), പ്രസിദ്ധ് കൃഷ്ണ (1) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പ് നടത്താതിരുന്നതോടെ ഇന്ത്യയുടെ പോരാട്ടം 471 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

Story first published: Saturday, June 21, 2025, 21:21 [IST]
Other articles published on Jun 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+