റാഞ്ചി: ടീം ഇന്ത്യക്കൊപ്പം അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വരവറിയിച്ചിരിക്കുകയാണ് യുവ ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ്. ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരം ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വന്നപ്പോള്‍ ആകാശിനു ഇത്രയും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍നിര ബാറ്റര്‍മാരെയും മടക്കിയ അദ്ദേഹം എല്ലാവരുടെയും കൈയടി നേടിയിക്കുകയാണ്.
സാക്ക് ക്രോളി (42), ബെന്‍ ഡക്കെറ്റ് (11), ഓലി പോപ്പ് (0) എന്നിവരെയാണ് 12 ഓവറിനുള്ളില്‍ തന്നെ ആകാശ് ഡ്രസിങ് റൂമിലേക്കു മടക്കിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുടുംബത്തെ നോക്കുന്നതിനു വേണ്ടി തന്റെ പാഷനായ ക്രിക്കറ്റിനെ ഒരു ഘട്ടത്തില്‍ ഉപേക്ഷിച്ച ശേഷം പിന്നീട് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്ന് തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ കഥയാണ് ആകാശ് ദീപിനു പറയാനുള്ളത്. ക്രിക്കറ്ററാവുകയെന്ന മോഹം പേറുന്ന ആരെയും പ്രചോദിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര.

ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ആകാശ് ദീപ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായി മാറിയിരിക്കുന്നത്. ബിഹാറിലെ സസറെയ്‌നില്‍ നിന്നാണ് ആകാശിന്റെ വരവ്. ക്രിക്കറ്ററാവുകയെന്നത് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു. പക്ഷെ കുടുംബത്തില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. മാത്രമല്ല ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ ആകാശിനെ അച്ഛന്‍ പല തവണ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.
ഇതോടെ ജോലി കണ്ടെത്താനെന്ന വ്യാജേന അദ്ദേഹം ഗ്രാമം വിട്ട് ദുര്‍ഗാപൂരിലേക്കു പോവുകയായിരുന്നു. ക്രിക്കറ്ററാവുകയെന്ന ആകാശിന്റെ ആഗ്രഹത്തിനു കുടുംബത്തില്‍ നിന്നും പിന്തുണ നല്‍കിയത് അമ്മാവന്‍ മാത്രമായിരുന്നു. ദുര്‍ഗാപൂരിലെത്തിയ ശേഷം അവിടെയുള്ള ഒരു പ്രാദേശികെ അക്കാദമിയില്‍ ആകാശ് ചേരുകയും ചെയ്തു. ഇവിടെ വച്ചാണ് തന്റെ ബൗളിങിലെ വേഗത കൊണ്ട് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
ക്രിക്കറ്ററാവുകയെന്ന തന്റെ ലക്ഷ്യത്തിലെത്താന്‍ കഠിനാധ്വാനം ചെയ്യവെയാണ് ആകാശിനു ആദ്യത്തെ വലിയ ഷോക്ക് നേരിട്ടത്. സ്‌ട്രോക്കിനെ തുടര്‍ന്നു താരത്തിനു അച്ഛനെ നഷ്ടമായി. അതുകൊണ്ടും കഷ്ടകാലം തീര്‍ന്നില്ല. അച്ഛന്റെ വിയോഗത്തിന്റെ ഷോക്ക് മാറുമ്പോഴേക്കും രണ്ടു മാസങ്ങള്‍ക്കു ശേഷം ആകാശിന്റെ ജ്യേഷ്ഠനും മരിക്കുകയായിരുന്നു. ഇതോടെ വരുമാനമൊന്നുമില്ലാതെ കുടുംബം കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്തു.
അമ്മയുള്‍പ്പെട്ട കുടുംബത്തെ നോക്കുന്നതിനു വേണ്ടി ആകാശിനു ഇതോടെ ക്രിക്കറ്റെന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. മൂന്നു നവര്‍ഷത്തോളമാണ് ക്രിക്കറ്റില്‍ നിന്നും മാറിനിന്ന് അദ്ദേഹത്തിനു മറ്റൊരു ജോലിക്കു പോവേണ്ടി വന്നത്. ജീവിതം പടുത്തുയര്‍ത്തുന്നതിനു വേണ്ടി ക്രിക്കറ്റിനെ മാറ്റിനിര്‍ത്തേണ്ടി വന്നെങ്കിലും അതു തന്നെക്കൊണ്ട് കഴിയില്ലെന്നു ആകാശ് തിരിച്ചറിയുകയായിരുന്നു.
ഇതേ തുടര്‍ന്നു ദുര്‍ഗാപൂരിലേക്കു മടങ്ങിയെത്തിയ അദ്ദേഹം അവിടെ നിന്നും ക്രിക്കറ്റ് കരിയര്‍ പുനരാരംഭിക്കാന്‍ കൊല്‍ക്കത്തയിലേക്കു കൂടുമാറുകയായിരുന്നു. അവിടെ ചെറിയൊരു മുറി വാടകയ്‌ക്കെടുത്ത ശേഷം ഒരു ബന്ധുവിനൊപ്പം
താമസിക്കുകയും ചെയ്തു.
ആദ്യകാലത്തെല്ലാം ബാറ്റിങിലായിരുന്നു ആകാശ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത്. എന്നാല്‍ കൊല്‍ക്കത്തയില്‍ വച്ചാണ് ഫാസ്റ്റ് ബൗളിങിനെ കൂടുതല്‍ ഗൗരവമായെടുക്കുന്നത്. ഇതു താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. ഇവിടെ വച്ച് വിവിധ ടീമുകള്‍ക്കായി നടത്തിയ മികച്ച പ്രകടനങ്ങള്‍ ആകാശിനെ ബംഗാളിന്റെ അണ്ടര്‍ 23 ടീമിലെത്തിക്കുകയായിരുന്നു.

അതിനു ശേഷം രഞ്ജി ട്രോറിഫിയില്‍ ബംഗാളിനു വേണ്ടിയും അദ്ദേഹം കളിക്കുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലും ആകാശിനു ഇടം ലഭിച്ചു. നെറ്റ്‌സിലെ മിന്നുന്ന പ്രകടനം താരത്തെ വൈകാതെ ആര്‍സിബി പ്ലെയിങ് ഇലവനിലുമെത്തിക്കുകയായിരുന്നു. മുന്‍ ആര്‍സിബി ക്യാപ്റ്റനായ വിരാട് കോലിയാണ് ആകാശിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ടീമിലേക്കു കൊണ്ടുവരുന്നതില്‍ മുന്‍കൈയെടുത്തത്.
കരിയറിന്റെ തുടക്കലാലത്തു മാത്രമല്ല. ലോകം മുഴുന്‍ കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സമയത്തും ആകാശിനു വളരെയധികം നഷ്ടങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിരുന്നു. കൊവിഡ് പിടിപെട്ട് അദ്ദേഹത്തിന്റെ സഹോദര ഭാര്യയും അമ്മാവനുമെല്ലാം മരണത്തിനു കീഴടങ്ങി.
അമ്മയാവട്ടെ മരണത്തിന്റെ വക്കില്‍ നിന്നാണ് ജീവിതത്തിലേക്കു മടങ്ങി വന്നത്. പക്ഷെ ഈ പ്രതിസന്ധികളൊന്നും ആകാശിനെ തളര്‍ത്തിയില്ല. ഇപ്പോള്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യം സാധിച്ചെടുത്ത ആകാശ് അന്താരാഷ്ട്ര ക്രിക്കറ്റിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ്.