രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം 15ന് രാജ്‌കോട്ടില്‍ ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. നിലവില്‍ ഇരു ടീമും പരമ്പരയില്‍ ഒപ്പമാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇരു ടീമിനെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. ഇന്ത്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
പരിക്ക് ഇന്ത്യയെ വലക്കുകയാണ്. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും പരിക്കിന്റെ പിടിയില്‍ തുടരുകയാണ്. മോശം ഫോമിലുള്ള ശ്രേയസ് അയ്യരെ ഇന്ത്യ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് തഴയുമെന്നാണ് വിവരം. താരത്തിന് പരിക്കാണെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് ശ്രേയസിനെ പുറത്തിരുത്താനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കമെന്നാണ് വിവരം. ശ്രേയസിനെ ഇന്ത്യ പുറത്തിരുത്തിയാല്‍ പകരം ആരെന്നതാണ് ചോദ്യം.
രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍ എന്നിവരുണ്ടെങ്കിലും ഇവരെ കളിപ്പിക്കുക എളുപ്പമാവില്ല. ശ്രേയസ് അയ്യര്‍ക്ക് പകരം ഇന്ത്യ ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരിലൊരാളെ തിരിച്ചുവിളിക്കേണ്ടതായുണ്ടോ?. നിലവിലെ സാഹചര്യത്തില്‍ പുജാരയെ ഇന്ത്യ തിരികെ വിളിക്കുന്നതാണ് നല്ലത്. പുജാര മൂന്നാം നമ്പറില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരമാണ്. എന്നാല്‍ മോശം ഫോമും മെല്ലപ്പോക്ക് ബാറ്റിങ്ങും പരിഗണിച്ച് ഇന്ത്യ പുജാരയെ ടീമില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്.
പക്ഷെ ടീമിന്റെ നിലവിലെ അവസ്ഥയും വരാനിരിക്കുന്ന പരമ്പരകളും പരിഗണിക്കുമ്പോള്‍ പുജാര ടീമിലേക്ക് വരേണ്ടത് അത്യാവശ്യമാണ്. പുജാര മികച്ച ഫോമിലാണുള്ളത്. രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെയാണ് ഇത്തവണ പുജാര വരവറിയിച്ചത്. ഇപ്പോള്‍ വീണ്ടുമൊരു സെഞ്ച്വറിയും നേടി താരം ഫോം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പുജാരയെ ടീമിലേക്ക് തിരിച്ചുവിളിക്കാവുന്നതാണ്.

വിരാട് കോലിയും ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ പുജാര കളിക്കുകയും താരത്തിന്റെ പ്രകടനത്തിനോട് ചേര്‍ന്ന് മറ്റുള്ളവര്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയും ചെയ്യാവുന്നതാണ്. ക്രീസില്‍ ഏറെ നേരം പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് പുജാര. അദ്ദേഹം ഒരുവശത്ത് പിടിച്ചുനില്‍ക്കുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക് റണ്‍സുയര്‍ത്താനാവും. രോഹിത്തിന് വലിയ സമ്മര്‍ദ്ദമാവും മുന്നിലുണ്ടാവുക.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ നിരയെ യുവതാരങ്ങളെ മാത്രം ഉപയോഗിച്ച് പ്രതിരോധിക്കുക കടുപ്പമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കൊപ്പം സീനിയര്‍ താരങ്ങള്‍ വേണ്ടത് അത്യാവശ്യമാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ പുജാരക്ക് തിരിച്ചുവരവിന് അവസരം നല്‍കുന്നതില്‍ തെറ്റില്ല. അജിന്‍ക്യ രഹാനെക്ക് മടങ്ങിവരവ് അവസരം ലഭിച്ചേക്കില്ല. താരത്തിന്റെ രഞ്ജി ട്രോഫിയിലെ പ്രകടനം മോശമാണ്.
ആദ്യ രണ്ട് ടെസ്റ്റും കളിക്കാതിരുന്ന കോലി മൂന്നാം ടെസ്റ്റിലൂടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന കോലിക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍കൂടി നഷ്ടമാകുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായി മാറും. രജത് പാട്ടീധാറും സര്‍ഫറാസ് ഖാനും പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളാണ്. എന്നാല്‍ അനുഭവസമ്പത്തിന്റെ കുറവുണ്ട്.
രണ്ടാം ടെസ്റ്റില്‍ രജത്തിന് കാര്യമായ മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ പ്ലേയിങ് 11ലേക്ക് ആരെയൊക്കെ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇനിയും കെ എസ് ഭരത്തിന് അവസരം ലഭിച്ചേക്കില്ല. നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഭരത് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ മൂന്നാം ടെസ്റ്റില്‍ ഭരത്തിന് പകരം ഇന്ത്യ ദ്രുവ് ജുറേലിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.