IND vs ENG: ഗില്ലി, സങ്ക, ധോണി- ഇവര്‍ക്കൊപ്പം റിഷഭിനെ കൂട്ടാമോ? ഇതാ കണക്കുകള്‍
ഇന്ത്യക്കു വേണ്ടി വെറും 31 ടെസ്റ്റുകളില്‍ മാത്രമേ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളിച്ചിട്ടുള്ളൂ. എന്നാല്‍ ഇതിനകം ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം റിഷഭിന്റെയും പേര് ചേര്‍ത്തു വായിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ അദ്ദേഹത്തെ ലോകം മുഴുവന്‍ വാഴ്ത്തുകയാണ്.
ടി20 ശൈലിയിലായിരുന്നു റിഷഭ് ബാറ്റ് വീശിയത്. വെറും 111 ബോളില്‍ 20 ബൗണ്ടറികളും നാലു സിക്‌സറുമടക്കം 146 റണ്‍സ് റിഷഭ് വാരിക്കൂട്ടിയിരുന്നു. മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരായ ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്, ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര, ഇന്ത്യയുടെ എംഎസ് ധോണി എന്നിവരുമായി റിഷഭിനെ താരതമ്യം ചെയ്തു നോക്കാം.

ലോക ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരിലെ ഇതിഹാസങ്ങളെയെടുത്താല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും ഇടംപിടിക്കുന്ന മൂന്നു പേരായിരിക്കും ഗില്‍ക്രിസ്റ്റ്, സങ്കക്കാര, ധോണി എന്നിവര്‍. ലോകോത്തര വിക്കറ്റ് കീപ്പര്‍മാര്‍ മാത്രമല്ല അപകടകാരികളായ ബാറ്റര്‍മാര്‍ കൂടിയായിരുന്നു ഇവരെല്ലാം.
31 ടെസ്റ്റുകള്‍ക്കു ശേഷമുള്ള പ്രകടനമെടുത്താല്‍ ധോണി, ഗില്‍ക്രിസ്റ്റ്, സങ്കക്കാര, റിഷഭ് എന്നിവരെ താരതമ്യം ചെയ്താല്‍ സങ്കക്കാരയാണ് മുന്നില്‍. ശ്രീലങ്കയുടെ മുന്‍ നായകന്‍ കൂടിയായ സങ്കക്കാര 31 ടെസ്റ്റുകളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 2211 റണ്‍സാണ്.

ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് ആദം ഗില്‍ക്രിസ്റ്റാണ്. 31 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം 2160 റണ്‍സെടുത്തിരുന്നു. എന്നാല്‍ മൂന്നാംസ്ഥാനത്തു റിഷഭ് പന്തുണ്ട്. 2066 റണ്‍സോടെയാണ് താരം ഇവിടെ നില്‍ക്കുന്നത്. എംഎസ് ധോണി റിഷഭിനും താഴെയാണ്. ധോണിക്കു കരിയറിലെ 31 ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ നേടാനായത് 1587 റണ്‍സ് മാത്രമായിരുന്നു. ആദ്യത്തെ മൂന്നു പേര്‍ക്കും അരികില്‍പ്പോലും ധോണിയില്ലെന്നു കാണാം.
ഇപ്പോള്‍ നടക്കുന്ന എഡ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ 94 റണ്‍സെുക്കാനായാല്‍ ഗില്‍ക്രിസ്റ്റിനെ മറികടന്ന് റിഷഭിനു ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തേത്തു കയറാം.

ഇനി ഈ നാലു പേരില്‍ 31 ടെസ്റ്റുകള്‍ക്കു ശേഷമുള്ള സെഞ്ച്വറി വീരന്‍മാരുടെ ലിസ്റ്റെടുത്താല്‍ അവിടെ ഒന്നാമന്‍ ആദം ഗില്‍ക്രിസ്റ്റാണ്. ആറു സെഞ്ച്വറികള്‍ 31 ടെസ്റ്റുകളില്‍ നിന്നും നേടാന്‍ അദ്ദേഹത്തിനായിരുന്നു.
ഇവിടെ ഗില്ലക്കു തൊട്ടു പിറകെ റിഷഭ് പന്ത് രണ്ടാംസ്ഥാനത്തുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. അഞ്ചു സെഞ്ച്വറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. നാലു സെഞ്ച്വറികളുമായ സങ്കക്കാര മൂന്നാംസ്ഥാനത്തും ഒരു സെഞ്ച്വറി മാത്രമുള്ള ധോണി അവസാന സ്ഥാനത്തുമാണ്.

അതേസമയം, ടെസ്റ്റിലെ ഇതുവരെയുള്ള പ്രകടനങ്ങളെടുത്താല്‍ ചില കാര്യങ്ങള്‍ റിഷഭ് പന്തിനെ വളരെ സ്‌പെഷ്യലാക്ക മാറ്റുന്നു. അദ്ദേഹം ഇതുവരെ നേടിയ അഞ്ചു ടെസ്റ്റ് സെഞ്ച്വറികളില്‍ നാലും ഏഷ്യക്കു പുറത്താണ്. ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറും ഏഷ്യക്കു പുറത്ത് ഇത്രയും സെഞ്ച്വറികളടിച്ചിട്ടില്ല.
സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രലിയ) രാജ്യങ്ങളില്‍ സെഞ്ച്വറി നേടുകയെന്നത് നേരത്തേ കടുപ്പമേറിയ കാര്യമായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. പക്ഷെ കരിയറിലെ ചുരുങ്ങിയ കാലം കൊണ്ട് റിഷഭ് സെഞ്ച്വറികള്‍ അനായാസം ഇവിടെയല്ലാം അടിച്ചെടുക്കുകയാണ്.

ന്യൂസിലാന്‍ഡില്‍ മാത്രമേ അദ്ദേഹത്തിനു സെഞ്ച്വറി നേടാന്‍ സാധിക്കാതിരുന്നിട്ടുള്ളൂ. ഇംഗ്ലണ്ടിലെ ഓവലിലായിരുന്നു റിഷഭ് കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്. കൂടാതെ ഓസ്‌ട്രേലിയയിലെ സിഡ്‌നി, സൗത്താഫ്രിക്കയിലെ കേപ്ടൗണ്‍ എന്നീവിടങ്ങളിലും താരം സെഞ്ച്വറിയടിച്ചിട്ടുണ്ട്.
അതേസമയം, എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 416 റണ്‍സില്‍ അവസാനിച്ചിരിക്കുകയാണ്. റിഷഭിനെക്കൂടാതെ രവീന്ദ്ര ജഡേജയും (104) ഇന്ത്യക്കു വേണ്ടി സെഞ്ച്വറി കണ്ടെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications