Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബാറ്റിങ്ങില്‍ എങ്ങനെ മുന്നേറി? സഹായിച്ചത് സഞ്ജു- ഉപദേശത്തെക്കുറിച്ച് ജയ്‌സ്വാള്‍

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച് ജയ്‌സ്വാള്‍ ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ്. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചിലാണ് ജയ്‌സ്വാളിന്റെ റെക്കോഡ് പ്രകടനം. 22കാരനായ താരം 290 പന്ത് നേരിട്ട് 19 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 209 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ 34 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലാണെന്നതാണ് എടുത്തു പറയേണ്ടത്.

ഇന്ത്യയുടെ സൂപ്പര്‍ താരപദവിയിലേക്ക് ഇതിനോടകം ഉയരാന്‍ ജയ്‌സ്വാളിനായിട്ടുണ്ട്. ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് ജയ്‌സ്വാള്‍. 2020ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയ താരം തുടര്‍ന്ന് നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. രാജസ്ഥാനില്‍ ജയ്‌സ്വാളിന് വലിയ പിന്തുണ സഞ്ജു നല്‍കിയിരുന്നു. ബാറ്റിങ് മെച്ചപ്പെടുത്താല്‍ സഞ്ജു ഉപദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും ജയ്‌സ്വാള്‍ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ കരിയറിന്റെ തുടക്ക സമയത്ത് ബാറ്റിങ് മെച്ചപ്പെടാന്‍ സഞ്ജു സാംസണ്‍ നല്‍കിയ ഉപദേശം എങ്ങനെയാണ് തന്നെ സഹായിച്ചതെന്ന് ജയ്‌സ്വാള്‍ വെളിപ്പെടുത്തിയത് വീണ്ടും വൈറലായിരിക്കുകയാണ്. 'വലിയ ഇന്നിങ്‌സ് കളിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സഞ്ജു ഭായ് പറഞ്ഞുതന്നു. ഷോട്ട് സെലക്ഷനാണ് പ്രധാനപ്പെട്ടത്. മികച്ച തുടക്കത്തിന് ശേഷം വലിയ സ്‌കോറാക്കി ഇതിനെ മാറ്റാന്‍ സാധിച്ചിരുന്നില്ല.

ഇതിന് പരിഹാരം കാണാന്‍ ക്ഷമയോടെ നില്‍ക്കുകയാണ് വേണ്ടതെന്നും ഏത് ഷോട്ടാണ് കളിക്കേണ്ടതെന്നത് തിരഞ്ഞെടുക്കുന്നത് വളരെ നിര്‍ണ്ണായകമാണെന്നും സഞ്ജു ഭായ് പറഞ്ഞുതന്നെ. രാജസ്ഥാനിലെ തുടക്ക സമയത്ത് സഞ്ജു ഭായിയോട് സംസാരിക്കുന്നത് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു' എന്നാണ് ജയ്‌സ്വാള്‍ അവസാന ഐപിഎല്ലിനിടെ പറഞ്ഞത്. ഇതാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. സഞ്ജു ആരാധകരുടെ ഗ്രൂപ്പുകളിലെല്ലാം ജയ്‌സ്വാളിന്റെ ഈ വാക്കുകള്‍ വൈറലായിട്ടുണ്ട്.

Yashasvi Jaiswal

എന്നാല്‍ ഇതിനെ പരിഹസിച്ചും പ്രതികരണങ്ങളുണ്ട്. സഞ്ജുവിന്റെ ഉപദേശങ്ങള്‍ക്കൊണ്ട് ഇന്ന് സഞ്ജുവിന് ടീമില്‍ സ്ഥാനമില്ലെന്നാണ് വിരോധികളുടെ പരിഹാസം. എന്തായാലും ഇതിനോടകം സഞ്ജുവിന്റെ രാജസ്ഥാന്റെ ഏറ്റവും നിര്‍ണ്ണായക താരമായി വളരാന്‍ ജയ്‌സ്വാളിനായിട്ടുണ്ട്. ഭാവിയില്‍ രാജസ്ഥാന്റെ നായകനായിവരെ എത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ജയ്‌സ്വാള്‍. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി വളരാനും പ്രതിഭയുണ്ട്.

ഭയമില്ലാത്ത ബാറ്റ്‌സ്മാനാണെന്നതാണ് ജയ്‌സ്വാളിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സമ്മര്‍ദ്ദ സാഹചര്യത്തിലും വലിയ ഷോട്ട് കളിക്കാന്‍ കഴിവുണ്ട്. ഇടം കൈയന്‍ ഓപ്പണറെ ഏറെ നാളുകളായി ഇന്ത്യ തേടുകയായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള ഓപ്പണറാണ് ജയ്‌സ്വാള്‍. വരുന്ന മത്സരങ്ങളിലും ഇതേ മികവ് ആവര്‍ത്തിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. 22കാരനായ താരം 3 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു.

ഈ പ്രായത്തിനുള്ളില്‍ ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടാന്‍ ജയ്‌സ്വാളിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി മാറാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് ജയ്‌സ്വാള്‍ നേടിയ 209 റണ്‍സ് പോലും നേടാത്തത് ജയ്‌സ്വാളിന്റെ ബാറ്റിങ് പ്രകടനം എത്രത്തോളം മികച്ചതായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

എന്നാല്‍ ജയ്‌സ്വാളിന് ലഭിച്ച നല്ല തുടക്കത്തെ മികച്ച രീതിയില്‍ അദ്ദേഹം മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്. പൃഥ്വി ഷാ ജയ്‌സ്വാളിനെപ്പോലെ വലിയ പ്രശംസ നേടിയെത്തിയ താരമാണ്. ഇപ്പോള്‍ ടീമില്‍ പോലുമില്ല. അടുത്ത വിരാട് കോലിയെന്ന് വിശേഷിപ്പിച്ച ശുബ്മാന്‍ ഗില്‍ ഇപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ ക്രിക്കറ്റില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Saturday, February 3, 2024, 14:01 [IST]
Other articles published on Feb 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+