Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ കഷ്ടകാലം! പരിക്ക് എല്ലാ പ്രതീക്ഷകളും തകര്‍ത്തു; ഇനി ഇന്ത്യന്‍ ടീം കാണില്ലേ?

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സഞ്ജു സാംസണിന്റെ കരിയറിലെ മറക്കാനാവാത്ത തിരിച്ചടിയാണ്. പ്രകടനംകൊണ്ട് നിരാശപ്പെടുത്തിയത് മാത്രമല്ല അഞ്ചാം മത്സരത്തിനിടെ പരിക്കും സഞ്ജുവിനെ വേട്ടയാടിയിരിക്കുകയാണ്. കൈവിരലിന് പരിക്കേറ്റ സഞ്ജുവിന് ആറ് ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൈവിരലിന് പൊട്ടലേറ്റ സഞ്ജുവിനോട് ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് കീഴില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ചികിത്സ തേടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഐപിഎല്‍ വരാനിരിക്കെ സഞ്ജുവിനേറ്റ പരിക്ക് താരത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇംഗ്ലണ്ട് പരമ്പരയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്ന് കരകയറാന്‍ സഞ്ജുവിന് മുന്നിലുള്ള എല്ലാ വഴികളും അടച്ചുകൊണ്ടാണ് പരിക്ക് താരത്തിന് പണികൊടുത്തിരിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ സഞ്ജു വൈകാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ചേരുമെന്നാണ് വിവരം. പരിക്ക് മൂലം സഞ്ജു സാംസണിന് നേരിടേണ്ടി വന്ന തിരിച്ചടികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രഞ്ജി ട്രോഫിയും പരിശീലന ക്യാംപും നഷ്ടമാവും

മോശം ഫോമിലുള്ള സഞ്ജുവിന് ഫോം വീണ്ടെടുക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു രഞ്ജി ട്രോഫി. നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും സഞ്ജു സാംസണും തമ്മിലുള്ള ഭിന്നത നിലനില്‍ക്കെ ഈ പ്രശ്‌നം അവസാനിപ്പിച്ച് സഞ്ജു രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. കേരളം ആറ് വര്‍ഷത്തിന് ശേഷം രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് ക്വാര്‍ട്ടറില്‍ കളിച്ച് ഫോം കണ്ടെത്താനായാല്‍ നിലവിലെ വിമര്‍ശനങ്ങള്‍ക്ക് വിരാമമിടാമായിരുന്നു.

പക്ഷെ പരിക്കിനെത്തുടര്‍ന്ന് സഞ്ജുവിന്റെ ഈ പ്രതീക്ഷകളും അവസാനിച്ചു. ഇത് കൂടാതെ ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന ക്യാംപിലേക്കെത്താനുള്ള സഞ്ജുവിന്റെ നീക്കവും പാളിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജു ടീമിലില്ല. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം നേരത്തെ പരിശീലനം നടത്താന്‍ സഞ്ജുവിന് മുന്നില്‍ അവസരമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പരിക്കേറ്റതോടെ സഞ്ജുവിന്റെ ഈ പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. ഇനി ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ സഞ്ജുവിന് എങ്ങോട്ടും പോകാനാവില്ല. ഇക്കാരണത്താല്‍ സഞ്ജുവിന് രഞ്ജി ട്രോഫിയും ഐപിഎല്‍ ക്യാംപും നഷ്ടമാവും.

sanju samson

രാജസ്ഥാനൊപ്പം ആദ്യ മത്സരങ്ങള്‍ കളിക്കാനാവില്ല

ലഭിക്കുന്ന വിവരം അനുസരിച്ച് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ സഞ്ജു സാംസണിന് നഷ്ടമാവും. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കാതെ പോയാല്‍ ടീമിനെയത് പ്രതികൂലമായി ബാധിച്ചേക്കും. രാജസ്ഥാന്റെ ആദ്യ മത്സരങ്ങളിലെ പ്രകടനങ്ങള്‍ മോശമായാല്‍ പിന്നീട് ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയെന്നത് ദുഷ്‌കരമാവും.

ആദ്യ മത്സരങ്ങള്‍ ടീം പ്രതീക്ഷിച്ച ജയം നേടാനാവാത്ത പക്ഷം രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ പ്രയാസമാവും. നായകനെന്ന നിലയില്‍ സഞ്ജു സാംസണെയത് പ്രതികൂലമായി ബാധിക്കും. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ സാധാരണ സഞ്ജു മികവ് കാട്ടാറുണ്ട്. മികച്ച തുടക്കം ലഭിക്കാത്ത പക്ഷം ബാറ്റ്‌സ്മാനെന്ന നിലയിലെ സഞ്ജുവിന്റെ പ്രകടനത്തേയും അത് ബാധിച്ചേക്കും. നിലവിലെ മോശം ഫോമിന്റെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ വിമര്‍ശനത്തിന് വഴിവെക്കും.

ഇന്ത്യന്‍ ടീമിലെ സീറ്റിനേയും ബാധിക്കും

നിലവില്‍ ടി20യിലെ ഓപ്പണറാണ് സഞ്ജു. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തോടെ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടുണ്ട്. ഫിറ്റ്‌നസ് പ്രശ്‌നം ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനത്തെ ബാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രയാസമാവും. യശ്വസി ജയ്‌സ്വാളിനൊപ്പം അഭിഷേക് ശര്‍മ ഓപ്പണറായേക്കും. വരാനിരിക്കുന്ന പരമ്പരകളില്‍ ശുബ്മാന്‍ ഗില്‍ കൂടുതല്‍ ശോഭിച്ചാല്‍ സഞ്ജുവിനെ മറികടന്ന് ശുബ്മാന്‍ ഓപ്പണറായും വന്നേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

Story first published: Wednesday, February 5, 2025, 11:20 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+