മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് അഞ്ചാം ദിനത്തിലേക്ക് കടക്കവെ ഡ്രൈവിങ് സീറ്റില്‍ ഇംഗ്ലണ്ടാണ്. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്ക് നാലാം ദിനം ബാറ്റിങ് തകര്‍ച്ച നേരിട്ടു. നാലാം ദിനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 154 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. റിഷഭ് പന്തും (14) ഇഷാന്ത് ശര്‍മയുമാണ് (4) ക്രീസില്‍.
കെ എല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), വിരാട് കോലി (20) എന്നിവര്‍ക്ക് തിളങ്ങാനാവാതെ പോയപ്പോള്‍ അജിന്‍ക്യ രഹാനെ (61), ചേതേശ്വര്‍ പുജാര (45) എന്നിവരുടെ ചെറുത്ത്‌നില്‍പ്പാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. അഞ്ചാം ദിനം ഇന്ത്യക്ക് എത്ര നേരം ബാറ്റ് ചെയ്യാന്‍ സാധിക്കും എന്നതിനെ ആശ്രയിച്ചാവും മത്സരഫലം.
ഇംഗ്ലണ്ടില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി നിരാശ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. ട്വിറ്ററില്‍ ട്രോളെന്ന രീതിയിലാണ് കാലാവസ്ഥയിലെ മാറ്റം ഇന്ത്യക്ക് തിരിച്ചടിയായെന്ന് ജാഫര്‍ ചൂണ്ടിക്കാട്ടിയത്. 'ആദ്യ മത്സരത്തില്‍ മഴ ഇംഗ്ലണ്ടിനെ രക്ഷിച്ചു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഇംഗ്ലണ്ട് ബാറ്റ് ചെയ്തപ്പോള്‍ നല്ല വെയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയപ്പോള്‍ വീണ്ടും മൂടിക്കെട്ടിയ അന്തരീക്ഷം' എന്ന് കുറിച്ചാണ് അദ്ദേഹം അതൃപ്തി വ്യക്തമാക്കിയത്.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിന് തൊട്ടരികില്‍ എത്തിയപ്പോഴാണ് വില്ലനായി മഴയെത്തിയത്. ഇതോടെ മത്സരം സമനിലയില്‍ പിരിയേണ്ടി വന്നു. രണ്ടാം ടെസ്റ്റിലും മഴയും ഈര്‍പ്പവും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇതേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഇത് ബാറ്റിങ്ങിനെ കൂടുതല്‍ ദുഷ്‌കരമാക്കി. പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വിങ്ങും വേഗവും നല്‍കി.
അഞ്ചാം ദിനം റിഷഭ് പന്തിന്റെ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടും. മഴ പെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മത്സരം സമനിലയില്‍ കലാശിച്ചേക്കും. അഞ്ചാം ദിനം രണ്ട് സെക്ഷനെങ്കിലും ഇന്ത്യക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ സമനില നേടുക പോലും പ്രയാസമായിരിക്കും