ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ജോ റൂട്ടിനൊപ്പം (138*) ബെന്‍ സ്റ്റോക്‌സും (17) ക്രീസിലുണ്ട്. ആദ്യ ദിനം തന്നെ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒന്നാം ദിനം ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് മൂര്‍ച്ച നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ഇപ്പോഴിതാ ആദ്യ ദിനത്തില്‍ ആര്‍ അശ്വിനെ ബൗള്‍ ചെയ്യിപ്പിച്ച രീതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.
'ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. കാരണം ചായക്ക് ശേഷം 20-21 ഓവറുകള്‍ക്ക് ശേഷമാണ് അശ്വിന്‍ പന്തെറിയാനെത്തുന്നത്. അത് തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ്. കാരണം ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ പ്രധാന വിക്കറ്റ്. കഴിയുന്നതും നേരത്തെ അത് വീഴ്‌ത്തേണ്ടതുണ്ട്'-ലക്ഷ്മണ്‍ പറഞ്ഞു. ആര്‍ അശ്വിന് വളരെ പരിചിതമായ മൈതാനമാണ് ചെന്നൈയിലേത്. തമിഴ്‌നാട് താരമായ അശ്വിന്‍ നിരവധി തവണ മികച്ച പ്രകടനം ഇവിടെ നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷയ്‌ക്കൊത്ത് അശ്വിന് ആദ്യ ദിനം നേട്ടമുണ്ടാക്കാനായില്ല. പന്തില്‍ പ്രതീക്ഷിച്ച അത്ര സ്വിങ്ങും ടേണും ലഭിക്കുന്നില്ലായിരുന്നു. അതിനാല്‍ത്തന്നെ ക്യാരം ബോളടക്കം പ്രതീക്ഷിച്ച ഫലത്തിലേക്കെത്തിയില്ല. ആദ്യ ദിനം ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതൊഴിച്ചാല്‍ അശ്വിന് തിളങ്ങാനായില്ല. രണ്ടാം ദിനവും അശ്വിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്.
'രണ്ടാം ദിനത്തില്‍ പുതിയ ബാറ്റ്‌സ്മാന്‍ എത്തുന്നതിനാല്‍ ബൂംറയും ഇഷാന്തും എറിഞ്ഞ് ആക്രമിക്കണം. ആദ്യ 30 മിനുട്ടിനുള്ളില്‍ സമ്മര്‍ദ്ദം കൊണ്ടുവരാന്‍ സാധിച്ചാല്‍ പ്രധാന സ്പിന്നറായ അശ്വിനെ ഇറക്കി സമ്മര്‍ദ്ദം ഉയര്‍ത്താന്‍ ശ്രമിക്കണം. പിന്നീട് നദീമിനെയും സുന്ദറിനെയും പരിഗണിക്കാം. വിക്കറ്റ് എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അനാവശ്യ റണ്‍സ് വഴങ്ങാതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കണം. കാരണം ഇവര്‍ റണ്‍സ് വഴങ്ങിയാല്‍ പരിചയസമ്പന്നരായ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദമാവും'-ലക്ഷ്മണ്‍ പറഞ്ഞു.
കുല്‍ദീപ് യാദവിനെ തഴഞ്ഞ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ച ഷഹബാസ് നദീമിന് മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ ശ്രീലങ്കയില്‍ ഇംഗ്ലണ്ട് പതറിയിരുന്നു. എന്നാല്‍ ചെന്നൈയില്‍ സ്പിന്നര്‍മാര്‍ക്ക് പ്രതീക്ഷിച്ച ടേണ്‍ ലഭിക്കാതെ വന്നതോടെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കളം കീഴടക്കുകയായിരുന്നു.