ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ആര്‍ അശ്വിനും വിരാട് കോലിയും ചേര്‍ന്ന് നടത്തിയത്. മുന്‍നിര തകര്‍ന്നപ്പോള്‍ 94 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചു. ആര്‍ അശ്വിന്‍ (106) സെഞ്ച്വറിയും വിരാട് കോലി (62) അര്‍ധ സെഞ്ച്വറിയുമാണ് നേടിയത്. 86ന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് 286 എന്ന സ്‌കോറിലേക്ക് ഇന്ത്യയെത്തിയത്. ഇപ്പോഴിതാ കോലിയുടെയും അശ്വിന്റെയും പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.
കറങ്ങിത്തിരിയുന്ന പിച്ചിലെ മാസ്റ്റര്‍ ക്ലാസെന്നാണ് ഇരുവരുടെയും പ്രകടനത്തെ ലക്ഷ്മണ്‍ വിശേഷിപ്പിച്ചത്. 'ചില സമയങ്ങളില്‍ ഫ്‌ളാറ്റ് പിച്ചില്‍ നേടുന്ന 200 റണ്‍സിനേക്കാള്‍ ബുദ്ധിമുട്ടുള്ള പിച്ചില്‍ നേടുന്ന 50 റണ്‍സ് നിങ്ങള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കു. ഒരു ടേണിങ് പിച്ചില്‍ എങ്ങനെ കളിക്കണമെന്ന് കാണിച്ചുതന്ന കോലിയുടെ ഇന്നിങ്‌സ് മാസ്റ്റര്‍ ക്ലാസാണെന്ന് എനിക്കുറപ്പാണ്'-ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.
അശ്വിന്റെ ഇന്നിങ്‌സിനെയും ലക്ഷ്മണ്‍ ട്വിറ്ററിലൂടെ പ്രശംസിച്ചു. 'എന്തൊരു ഇന്നിങ്‌സാണ് അശ്വിന്റേത്. സിഡ്‌നിയില്‍ രണ്ടാം ഇന്നിങ്‌സില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തത് ഓര്‍മിപ്പിക്കുന്നു.ഇത്തരമൊരു പ്രതലത്തില്‍ പന്തുകൊണ്ടുള്ളതുപോലെ ബാറ്റുകൊണ്ടും നീ നല്‍കിയ സംഭാവന പ്രധാനപ്പെട്ടതാണ്. ഇത് തുടരുക' എന്നാണ് അശ്വിന്റെ പ്രകടനത്തെക്കുറിച്ച് ലക്ഷ്മണ്‍ പറഞ്ഞത്.

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ എറിഞ്ഞൊതുക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സിലാണ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിന്റെ തകര്‍പ്പന്‍ പ്രകടനം. 148 പന്തുകള്‍ നേരിട്ട് 14 ഫോറും 1 സിക്‌സുമാണ് അശ്വിന്‍ നേടിയത്. കോലി 149 പന്തുകള്‍ നേരിട്ട് 7 ബൗണ്ടറിയും നേടി.
ടെസ്റ്റില്‍ ഒരു മത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റും സെഞ്ച്വറിയും നേടിയതോടെ നിരവധി റെക്കോഡുകളും അശ്വിന്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അശ്വിന്‍. നേരത്തെ രവീന്ദ്ര ജഡേജയും കപില്‍ ദേവും അഞ്ച് വിക്കറ്റും അര്‍ധ സെഞ്ച്വറി പ്രകടനവും നത്തിയിട്ടുണ്ട്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 329 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 134ല്‍ ഒതുങ്ങി. 195 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 286 റണ്‍സ് നേടിയ ഇന്ത്യ 482 എന്ന വമ്പന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തുകയായിരുന്നു.