IND vs ENG: 'കോലിക്ക് ഈ പരമ്പരയില്‍ നഷ്ടമായത് അതാണ്', മോശം പ്രകടനത്തെക്കുറിച്ച് ലക്ഷ്മണ്‍
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കമാവുകയാണ്. ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ നാലാം മത്സരത്തില്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ ക്ഷീണത്തിലാണ് ഇന്ത്യ ഓവലിലിറങ്ങുന്നത്. തിരിച്ചുവരാനുള്ള ടീം കരുത്ത് ഇന്ത്യക്കുണ്ട്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് തലവേദന.
പ്രധാനമായും നായകന്‍ വിരാട് കോലിയുടെ പ്രകടനം. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിവര്‍ക്കൊന്നും സ്ഥിരതയോടെ തിളങ്ങാനാവുന്നില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. ഓവലില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താനായാല്‍ മാത്രമെ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുള്ളു. പേസ് ബൗളിങ് നിര ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന കാര്യം വിരാട് കോലിയുടെ മോശം ഫോമാണ്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ലീഡ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി കോലി മികവ് കാട്ടിയതിനാല്‍ ഓവലില്‍ പ്രതീക്ഷകളേറെയാണ്. ഇപ്പോഴിതാ കോലിയുടെ മോശം പ്രകടനത്തിന് പിന്നാലെ കാരണങ്ങളെക്കുറിച്ച് തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് വിവിഎസ് ലക്ഷ്മണ്‍.

'2018ല്‍ കോലിക്കുണ്ടായിരുന്ന ഫ്രണ്ട്ഫൂട്ടിലെ മികവ് ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. ഇത്തവണ ആദ്യ മത്സരം മുതല്‍ കോലി പ്രയാസപ്പെടാനുള്ള കാരണമതാണ്. 2018ല്‍ ഫസ്റ്റ് സ്റ്റംപിലേക്ക് വരെ അദ്ദേഹത്തിന്റെ വലത് കാല്‍ എത്തിയിരുന്നു. അത്രത്തോളം ചലിച്ചാണ് അദ്ദേഹം ഷോട്ടുകള്‍ കളിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അത് കാണാനാവുന്നില്ല' - ലക്ഷ്മണ്‍ പറഞ്ഞു.
വിരാട് കോലി പരമ്പരയില്‍ പുറത്തായത് ഏകദേശം ഒരേ രീതിയിലാണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഓഫ് സൈഡില്‍ തനിക്കുള്ള കുരുക്കാണെന്ന് കോലിക്ക് കൃത്യമായി അറിയാമെങ്കിലും സ്വയം തലവെച്ച് കൊടുക്കുകയാണ് ചെയ്യുന്നതെന്ന് പറയാം. ഫസ്റ്റ് സ്റ്റംപ് ലക്ഷ്യമാക്കിയെത്തുന്ന പന്തിലും ഔട്ട് സ്വിങ്ങറുകളിലുമാണ് കൂടുതല്‍ കോലിക്ക് പിഴക്കുന്നത്. കൂടുതലും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ നായകന്റെ മടക്കം. ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങ്ങാണ് കോലിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയും.

പഴയ അച്ചടക്കം കോലിക്ക് നഷ്ടപ്പെട്ടുവെന്ന് പറയാം. പന്തിനെ ഒഴിവാക്കാന്‍ കോലി പ്രയാസപ്പെടുകയാണ്. പഴയ രീതിയില്‍ മികച്ച ചലനം ഫുട് വര്‍ക്കില്‍ കൊണ്ടുവരാനായാല്‍ ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തിനെ ഒഴിവാക്കാന്‍ അനായാസമായി സാധിക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. 'ഷോട്ടിന് മുമ്പായി ചലിപ്പിക്കുന്ന കാലില്‍ വലത് കാല്‍ മിഡില്‍ സ്റ്റംപിന് നേരെയാണെങ്കില്‍ ഓഫ് സ്റ്റംപിന്റെ സ്ഥാനം കൂടുതല്‍ മനസിലാക്കാനും ശ്രദ്ധ കൊടുക്കാനും സഹായിക്കും. ഒരിക്കല്‍ തന്റെ താളത്തിലേക്കെത്തിയാല്‍ മോശം പന്തുകള്‍ക്ക് മുകളില്‍ ആധിപത്യം നേടിയെടുക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് കോലി. എന്നാല്‍ ബാറ്റിങ്ങിലെ പഴയ അച്ചടക്കം കോലിക്ക് കാട്ടാനാവുന്നില്ല. തുടക്കത്തിലേയുള്ള ചലനം നഷ്ടമാവുന്നതാണ് ഇതിന് കാരണം'-ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

കോലി സെഞ്ച്വറി നേടിയിട്ട് 51 ഇന്നിങ്‌സുകള്‍ പിന്നിട്ടിരിക്കുകയാണ്. ശരാശരി പ്രകടനം കോലിയില്‍ നിന്ന് ഉണ്ടാകുന്നുണ്ടെങ്കിലും സെഞ്ച്വറി പ്രകടനമായി ഈ സ്‌കോറിനെ മാറ്റാനാവുന്നില്ല. ഓവലില്‍ വലിയ ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാനാവില്ല. എന്നാല്‍ ഓഫ് സൈഡിലെ പിഴവ് നികത്തി ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെയാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ.
ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നേടണമെങ്കില്‍ വിരാട് കോലിയെ തുടര്‍ന്നും നിശബ്ദനായി ഇരുത്തേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞിരുന്നു. കോലിയെ പുറത്താക്കാന്‍ ഏറ്റവും മികച്ച പദ്ധതികള്‍ തന്നെ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വെല്ലുവിളികളെയെല്ലാം മറികടക്കാന്‍ കോലിക്കാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications