റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ് ദ്രുവ് ജുറേല്‍. ന് 177 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 307 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ജുറേലിന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ്. 149 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 90 റണ്‍സാണ് ജുറേല്‍ നേടിയത്. ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ജുറേല്‍ കാഴ്ചവെച്ചത്.
വലിയ അഭിനന്ദനം ജുറേലിന് ലഭിക്കുന്നുണ്ട്. പല പ്രമുഖരും ജുറേലിനെ അഭിനന്ദിക്കുമ്പോള്‍ സെവാഗിന്റെ അഭിനന്ദനം വൈറലായിരിക്കുകയാണ്. സര്‍ഫറാസ് ഖാനെ പരിഹസിച്ചാണ് സെവാഗ് ജുറേലിനെ അഭിനന്ദിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. എക്‌സില്‍ സെവാഗ് പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. 'മാധ്യമങ്ങളുടെ പ്രശംസയില്ല, കണ്ണീര്‍ കഥകളുമില്ല. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ പ്രതിഭകൊണ്ട്. നന്നായി കളിച്ചു ദ്രുവ് ജുറേല്‍. എല്ലാ ആശംസകളും' എന്നാണ് സെവാഗ് കുറിച്ചത്.
ഇതില്‍ സെവാഗ് സര്‍ഫറാസിന്റെ അരങ്ങേറ്റ സമയത്തെ അമിത സന്തോഷത്തേയും മാധ്യമ ശ്രദ്ധേയേയുമാണ് പരിഹസിച്ചതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സെവാഗ് ചെയ്തത് ശരിയായില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ജുറേലിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നതിന് സര്‍ഫ്രാസിനെ അപമാനിക്കേണ്ട കാര്യമില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. സര്‍ഫറാസ് മികച്ച റെക്കോഡുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി തവണ മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.
എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത് വളരെ വൈകിയാണ്. ഇതാണ് താരത്തിന്റെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം വൈകാരികമാകാന്‍ കാരണം. എന്നാല്‍ സെവാഗ് ഇതിനെ പരിഹസിച്ച് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സര്‍ഫറാസ് ആരാധിക്കുന്ന താരങ്ങളിലൊരാളാണ് സെവാഗ്. അതുകൊണ്ടുതന്നെ സെവാഗിനെപ്പോലൊരു താരത്തില്‍ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടാകുന്നത് മാനസികമായി യുവതാരത്തെ തളര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

എന്നാല്‍ സെവാഗ് സര്‍ഫറാസിനെ പരിഹസിച്ചതല്ലെന്നും പൊതുവായ മാധ്യമങ്ങളുടെ രീതിയെ പരിഹസിച്ചതാണെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. എന്തായാലും സെവാഗിന്റെ പോസ്റ്റ് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. പൊതുവേ യുവതാരങ്ങളെത്തുമ്പോള്‍ അവരുടെ കുടുംബ സാഹചര്യവും വളര്‍ന്നുവന്ന കഥയുമെല്ലാം ചര്‍ച്ചയാകാറുണ്ട്. സര്‍ഫറാസിനെ സംബന്ധിച്ചും ഇത്തരമൊരു കഥയുണ്ട്.
സര്‍ഫറാസിന്റെ പിതാവ് ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിക്കുകയും ഈ മോഹം നടക്കാതെ പോവുകയും ചെയ്ത താരമാണ്. അതുകൊണ്ടുതന്നെ മകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായത് സര്‍ഫറാസിന്റെ പിതാവിനെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. ഇക്കാരണത്താലാണ് സര്‍ഫറാസിന്റെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം വലിയ വാര്‍ത്തയായത്. ഒരു ക്രിക്കറ്റ് താരത്തിന്റെ കഠിനമായ കഷ്ടപ്പാടിന് ശേഷം ദേശീയ ടീമെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത് വലിയ വാര്‍ത്തയാകുന്നതില്‍ തെറ്റ് പറയാനാവില്ല.
ജുറേലിനും ഇത്തരമൊരു കഥയുണ്ടെങ്കിലും അധികം ചര്‍ച്ചയായിട്ടില്ല. ഇന്ത്യന്‍ താരമാകാനായി 13ാം വയസില്‍ വീടുനിട്ട് കോച്ചിങ് അക്കാദമിയിലെത്തിയ താരമാണ് ജുറേല്‍. അമ്മയുടെ മാല പണയംവെച്ചാണ് അദ്ദേഹം ആദ്യത്തെ ക്രിക്കറ്റ് കിക്കറ്റ് വാങ്ങിയത്. എന്നാല്‍ ഇതൊന്നും വലുതായി ചര്‍ച്ചയായിട്ടില്ല. സര്‍ഫറാസിന്റെ ജീവിത കഥ എല്ലാവര്‍ക്കും അറിയാമെങ്കിലും ജുറേലിന്റെ കഥ അധികമാര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.
എന്തായാലും രണ്ട് പേരും ഇന്ത്യന്‍ ടീമില്‍ വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നവരാണ്. രണ്ട് പേരും ഇതിനോടകം പ്രതിഭ കാട്ടിയിട്ടുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയെ ഭാവിയില്‍ അടക്കി ഭരിക്കുക ഇവരാണെന്ന് പറയാം. അതുകൊണ്ടുതന്നെ രണ്ട് പേരേയും ഇപ്പോള്‍ പിന്തുണക്കേണ്ടതായുണ്ട്.
സര്‍ഫറാസിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലാണ് കൂടുതല്‍ ഭാവി കല്‍പ്പിക്കപ്പെടുന്നതെങ്കില്‍ ജുറേലിന് മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനായേക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികവ് കാട്ടിയിട്ടുള്ള താരമാണ് ജുറേല്‍. വരുന്ന ഐപിഎല്ലിലും തിളങ്ങിയാല്‍ താരത്തെ ടി20 ലോകകപ്പിനുള്ള ടീമിലും പ്രതീക്ഷിക്കാം.