രാജ്‌കോട്ട്: ആരൊക്കെ വന്നാലും ടെസ്റ്റില്‍ തന്റെ ആ ബാറ്റിങ് റെക്കോര്‍ഡിനൊപ്പമെത്താനോ, തകര്‍ക്കാനോ സാധിക്കില്ലെന്നു ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 15 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വീരുവിന്റെ റെക്കോര്‍ഡ് ഇപ്പോഴും ഇളക്കമില്ലാതെ തന്നെ തുടരുകയാണ്. ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളില്‍ ഒരു സെഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
ഇന്ത്യക്കെതിരേ ഇപ്പോള്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം അവസാന സെഷനില്‍ ടി20 ശൈലിയില്‍ ബാറ്റ് വീശിയിട്ടും ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനു ആ റെക്കോര്‍ഡിന് അടുത്തു പോലുമെത്താനായില്ല. എങ്കിലും എലൈറ്റ് ലിസ്റ്റില്‍ സെവാഗിനു പിറകില്‍ രണ്ടാംസ്ഥാനത്തേക്കു വരാന്‍ ഡക്കെറ്റിനു സാധിക്കുകയും ചെയ്തിട്ടുണ്ട്.

2009ല്‍ ശ്രീലങ്കയ്‌ക്കെതിരേ മുംബൈയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇടിവെട്ട് ഇന്നിങ്‌സുമായി സെവാഗ് ചരിത്രം കുറിച്ചത്. അന്നു ഒരു സെഷനില്‍ അദ്ദേഹം വാരിക്കൂട്ടിയത് 133 റണ്‍സാണ്. പിന്നീട് മറ്റൊരു താരത്തിനും ഇന്ത്യയില്‍ ഒരു സെഷനില്‍ ഇത്രയുമധികം റണ്‍സ് അടിച്ചെടുക്കാനായിട്ടില്ല. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയായിരുന്നു നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്നത്.
2013ല്‍ ഓസ്‌ട്രേലിയക്കെതിരേ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ഒരു സെഷനില്‍ ധോണി സ്‌കോര്‍ ചെയ്തത് 109 റണ്‍സായിരുന്നു. പക്ഷെ ഇപ്പോള്‍ രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ധോണിയുടെ ഈ റെക്കോര്‍ഡ് തകര്‍ത്ത് പുതിയ രണ്ടാംസ്ഥാനത്തിനു അവകാശിയായിരിക്കുകയാണ് ഡക്കെറ്റ്. 114 റണ്‍സാണ് ഒരു സെഷനില്‍ ഇംഗ്ലീഷ് ഇടംകൈയന്‍ ഓപ്പണര്‍ അടിച്ചെടുത്തത്.
ഡക്കെറ്റും ധോണിയും കഴിഞ്ഞാല്‍ ലിസ്റ്റില്‍ നാലാംസ്ഥാനത്തുള്ളത് മറുനാടന്‍ മലയാളി താരമായ കരുണ്‍ നായരാണ്. 2016ല്‍ ഇംഗ്ലണ്ടുമായി ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ടെസ്റ്റില്‍ കരുണ്‍ ഒരു സെഷനില്‍ നേടിയത് 108 റണ്‍സായിരുന്നു.

തലപ്പത്തു മാത്രമല്ല അഞ്ചാംസ്ഥാനത്തും വീരുവുണ്ട്. കരുണിന്റെ അതേ സ്‌കോര്‍ തന്നെ നേടിയാണ് അദ്ദേഹം ഒരിക്കല്‍ക്കൂടി എലൈറ്റ് ക്ലബ്ബില്‍ സാന്നിധ്യമറിയിച്ചത്. 2008ല്‍ സൗത്താഫ്രിക്കയുമായി ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ സെവാഗ് ഒരു സെഷനില്‍ 108 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.
ഇന്ത്യക്കു മികച്ച ലീഡ്
രാജ്‌കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മികച്ച ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. 126 റണ്‍സിന്റെ ആധികാരിക ലീഡാണ് ഇന്ത്യ കൈക്കലാക്കിയത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 445 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് മൂന്നാം ദിനം രണ്ടാം സെഷനില്‍ 319 റണ്‍സിനു പുറത്തായി. ബെന്‍ ഡക്കെറ്റിന്റെ (153) തീപ്പൊരി ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലീഷ് നിരയില്‍ മറ്റാരെയും കാര്യമായി പിടിച്ചുനില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.
വെറും 151 ബോളുകളിലാണ് 23 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടെ ഡക്കെറ്റ് 153 റണ്‍സുമായി ഇംഗ്ലണ്ട് ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. മറ്റാര്‍ക്കും ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ഫിഫ്റ്റി തികയ്ക്കാനായില്ല. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 41 റണ്‍സും ഓലി പോപ്പ് 39 റണ്‍സും നേടി പുറത്താവുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല.
ഇന്ത്യന്‍ ബൗളര്‍മാരില്‍ മിന്നിച്ചത് മുഹമ്മദ് സിറാജാണ്. നാലു വിക്കറ്റുകളുമായി അദ്ദേഹം ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുകയായിരുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം പിഴുതപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതം ലഭിക്കുകയും ചെയ്തു.