Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി വിദേശത്ത്, ടെസ്റ്റ് പരമ്പര പൂര്‍ണ്ണമായും നഷ്ടമാകും! ഇന്ത്യക്ക് കടുത്ത തിരിച്ചടി

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്, ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോലിയുടെ അഭാവമാണ് വലിയ തിരിച്ചടി നല്‍കുന്ന കാര്യം. ആദ്യത്തെ രണ്ട് ടെസ്റ്റില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളുടെ പേരിലാണ് വിരാട് കോലി വിശ്രമമെടുത്തത്.

ആദ്യത്തെ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം വിരാട് കോലി തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കടുത്ത നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കോലിക്ക് പൂര്‍ണ്ണമായും നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. നിലവില്‍ കോലി വിദേശത്താണെന്നും മടങ്ങിവരവ് വൈകുമെന്നുമാണ് വിവരം. എന്നാല്‍ എന്ത് കാര്യത്തിനാണ് കോലി ഇടവേളയെടുത്തതെന്നത് ഇപ്പോഴും അവ്യക്തം.

അമ്മയുടെ അസുഖത്തിന്റെ ചികിത്സക്കായാണ് കോലി ഇടവേളയെടുത്തതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നുമെല്ലാം അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് കോലി ഇടവേളയെടുത്തതെന്നതാണ് ഇപ്പോഴും വ്യക്തമാകാത്തത്. ബിസിസി ഐയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

അനുഷ്‌ക ശര്‍മ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയാണെന്ന ചില വിവരങ്ങളും പുറത്തുവരുന്നുണ്ട്. കോലിയും അനുഷ്‌കയും മകള്‍ വാമികയും ചേര്‍ന്നാണ് വിദേശത്തേക്ക് പോയിരിക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ച ശേഷമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കോലി പെട്ടെന്ന് ഇടവേളയെടുത്തത്. അതുകൊണ്ടുതന്നെ പ്രശ്‌നം ഗുരുതരമാണെന്നുറപ്പ്. എന്നാല്‍ ശരിയായ കാരണം എന്താണെന്ന് ഇതുവരെ ആരും വെളിപ്പെടുത്തിയിട്ടില്ല.

virat kohli, anushka sharma

അതുകൊണ്ടുതന്നെ പല അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കോലി പൂര്‍ണ്ണമായും വിട്ടുനിന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്. കോലിയുടെ പകരക്കാരനായി ആരേയും പരിഗണിക്കാനാവില്ല. കോലിയുടെ അഭാവം ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കരുത്ത് കുറക്കും. ആദ്യ ടെസ്റ്റില്‍ കോലിയുണ്ടായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കാന്‍ സാധ്യത വളരെ കുറവായിരുന്നുവെന്ന് പറയാം.

ഇപ്പോള്‍ ഇന്ത്യയെ പരിക്കും വേട്ടയാടുന്നു. കെ എല്‍ രാഹുല്‍ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. എപ്പോഴാവും താരത്തിന്റെ തിരിച്ചുവരവെന്ന് ഇപ്പോള്‍ പറയാനാവില്ല. പരിക്ക് ഗുരുതമല്ലെന്നാണ് വിവരം. കോലിക്കൊപ്പം രാഹുലും വരുന്ന മത്സരം കളിക്കാതിരുന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ അത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. ഇന്ത്യയില്‍ ഇംഗ്ലണ്ട് ഇടവേളക്ക് ശേഷം ടെസ്റ്റ് പരമ്പര നേടിയെടുക്കാനുള്ള സാധ്യതയുമുണ്ട്.

വിരാട് കോലിയുടെ അഭാവം ഇംഗ്ലണ്ടിനും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇംഗ്ലണ്ട് ഏറ്റവും ഭയക്കുന്ന ബാറ്റ്‌സ്മാനാണ് കോലി. അതുകൊണ്ടുതന്നെ കോലി മടങ്ങിവന്നാല്‍ സന്ദര്‍ശകരെ അത് മാനസികമായി തളര്‍ത്തുമെന്നുറപ്പാണ്. എന്നാല്‍ കോലിയുടെ അഭാവം വരുന്ന മത്സരങ്ങളിലും ഇന്ത്യയെ തളര്‍ത്താനാണ് സാധ്യത കൂടുതല്‍. രണ്ടാം ഇന്നിങ്‌സില്‍ റണ്‍സ് പിന്തുടരുന്ന സാഹചര്യങ്ങളിലാണ് കോലിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നത്.

രോഹിത് ശര്‍മ മാത്രമാണ് നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയിലെ അനുഭവസമ്പത്തുള്ള താരം. മറ്റാരും 30 ടെസ്റ്റിലധികം കളിച്ചവരല്ല. ഇത് ഇംഗ്ലണ്ട് നന്നായി മുതലാക്കുന്നുമുണ്ട്. കോലി തിരിച്ചുവന്നിരുന്നെങ്കില്‍ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. അല്ലാത്ത പക്ഷം പരമ്പര കൈവിട്ടാല്‍ പോലും അത്ഭുതപ്പെടാനാവില്ല. എന്തായാലും കോലി ഇതുവരെ നാട്ടിലേക്ക് മടങ്ങിയെത്തിയിട്ടില്ല. കോലി ഇന്ത്യന്‍ ടീമിലേക്ക് വന്നാല്‍ ടീമിന്റെ ആത്മവിശ്വാസത്തിലടക്കം അത് വലിയ മാറ്റമുണ്ടാക്കിയേക്കും.

പരമാവധി മത്സരങ്ങള്‍ ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹിക്കുന്ന കോലി വിശ്രമമെടുത്തത് വളരെ അപൂര്‍വ്വം മത്സരങ്ങളില്‍ മാത്രമാണ്. വ്യക്തിപരമായ ആവശ്യത്തിനായി അദ്ദേഹം ഇടവേളയെടുക്കുകയും അത് വെളിപ്പെടുത്താന്‍ താല്‍പര്യം കാട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ അതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടാവുമെന്നുറപ്പാണ്.

Story first published: Friday, February 2, 2024, 7:25 [IST]
Other articles published on Feb 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+