ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ട് ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റ് മതിയാക്കാന്‍ ആഗഹിക്കുന്നതായി അദ്ദേഹം ബിസിസിഐയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇതേക്കുറിച്ച് വീണ്ടും ആലോചിക്കണമെന്നാണ് കോലിയോടു ബിസിസിഐ അഭ്യര്‍ഥിച്ചിരിക്കുന്നത്.
നിലവിലെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇപ്പോള്‍ കോലിയും ടെസ്റ്റ് മതിയാക്കാന്‍ ആലോചിക്കുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം 20ന് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹം ടെസ്റ്റിനോടു ഗുഡ്‌ബൈ പറയാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ നിന്നും കോലി ഇപ്പോള്‍ വിരമിക്കുന്നന്നത് തന്നെയാണ് ശരിയായ തീരുമാനമെന്നു പറയേണ്ടി വരും. ഇതിന്റെ കാരണങ്ങളറിയാം.

മോശം ഫോം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോള്‍ വളരെ മോശം ഫോമിലൂടെയാണ് വിരാട് കോലി കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന നിസംശയം പറയാം. കഴിഞ്ഞ കുറച്ചു പരമ്പരകളിലെ പ്രകടനങ്ങളും ഇതു തന്നെയാണ് ശരിവയ്ക്കുന്നത്. കരിയറിന്റെ സുവര്‍ണ കാലത്തു നിരവധി അവിസ്മരണീയ പ്രകടനങ്ങളൂടെ ആരാധകരെ ആവേശം കൊള്ളിച്ച താരമാണ് കോലി. പക്ഷെ ഇപ്പോള്‍ ഇതേ ആരാധകരെ അദ്ദേഹം വീണ്ടും വീണ്ടും നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
റെഡ് ബോള്‍ ക്രിക്കറ്റില്‍ നേരത്തേ സെഞ്ച്വറികള്‍ നേടുന്നത് ഹോബിയാക്കി മാറ്റിയിരുന്ന ബാറ്ററണ് കോലി. പക്ഷെ പ്രായം 36ലെത്തി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിനു ബാറ്റിങിലെ ഈ മാജിക്കല്‍ ടച്ച് നഷ്ടമായിരിക്കുകയാണ്. 2020 മുതലാണ് ടെസ്റ്റില്‍ കോലിയുടെ കരിയര്‍ ഗ്രാഫ് താഴേക്കു പോവാന്‍ തുടങ്ങിയത്.
അവസാനമായി കളിച്ച 39 ടെസ്റ്റുകളെടുത്താല്‍ വെറും മൂന്നു സെഞ്ച്വറികള്‍ മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. അതു മാത്രമല്ല, അവസാനത്തെ 10 ടെസ്റ്റുകളിലെ പ്രകടനം നോക്കിയാല്‍ കോലിയുടെ ബാറ്റിങ് ശരാശരി 22.47 മാത്രമാണ്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരുമായി നാട്ടിലും പുറത്തും കളിച്ച അവസാനത്തെ രണ്ടു പരമ്പരകളിലും ചെറിയ സ്‌കോറുകള്‍ക്കു അദ്ദേഹം തുടരെ പുറത്തായി കൊണ്ടിരിക്കുകയും ചെയ്തു.
2020 മുതല്‍ 2024 വരെയെടുത്താല്‍ അഞ്ചു സീസണിനിടെ കോലിയുടെ ബാറ്റിങ് ശരാശരി 30നു മുകളില്‍ പോയത് ഒരിക്കല്‍ മാത്രമാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു തന്നെയാണ് ഇതെല്ലാം ശരിവയ്ക്കുന്നത്.
ടീമിനെ ഉടച്ചു വാര്‍ക്കണം
കഴിഞ്ഞ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (2023-25) ഫൈനലിലെത്താനാവാതെ ഇന്ത്യ പുറത്തായിരുന്നു. അതിനു മുമ്പുള്ള രണ്ടു എഡിഷനുകളിലും റണ്ണറപ്പായിട്ടുള്ള ടീം കൂടിയാണ് ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള അടുത്ത ടെസ്റ്റ് പരമ്പരയോടെ 2025-27ലെ അടുത്ത ഡബ്ല്യുടിസി സൈക്കിളിനു തുടക്കമാവുകയാണ്.
അതുകൊണ്ടു തന്നെ പുതിയ ഡബ്ല്യുടിസി സൈക്കിളിനായി ടീമിനെ ഉടച്ചുവാര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും ഇതു തന്നെയാണ്. രോഹിത് ശര്‍മ ഏറ്റവും ഉചിതമായ സമയത്തു തന്നെയാണ് വഴി മാറിക്കൊടുത്തിരിക്കുന്നത്. ഇനി കോലിയുടെ ഊഴമാണ്. പുതിയ ലുക്കിലുള്ള അടുത്ത ടെസ്റ്റ് ടീമിനെ വാര്‍ത്തെടുക്കുന്നതിനായി അദ്ദേഹവും ഒഴിഞ്ഞു കൊടുത്തേ തീരൂ.

ഒരേ വീക്ക്‌നെസ് വേട്ടയാടുന്നു
വിരാട് കോലിയുടെ സമീപകാലത്തെ ടെസ്റ്റിലെ പുറത്താവലുകളെടുത്താല്‍ എല്ലാത്തിലും ഏറെക്കുറെ ഒരേ രീതിയിലാണ് അദ്ദേഹം ഔട്ടായിട്ടുള്ളതെന്നു കാണാം. കരിയറില്‍ നേരത്തേ ചില വീക്ക്‌നെസുകള്‍ വേട്ടയാടിയപ്പോള്‍ അവയെ അതിജീവിച്ച് മികച്ച തിരിച്ചുവരവുകള്‍ കോലി നടത്തിയിട്ടുണ്ട്. അതുകൊണ്ട് അധികകാലം ഒരു വീക്ക്‌നെസും അദ്ദേഹത്തിനു പ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നില്ല.
പക്ഷെ ഇപ്പോള്‍ ഒരു വീക്ക്‌നെസിനെ എത്ര ശ്രമിച്ചിട്ടും കോലിക്കു മറികടക്കാന്‍ സാധിക്കുന്നില്ലെന്നു കാണാം. ഓഫ്സ്റ്റംപിന് ഏറെ പുറത്തു കൂടി പോവുന്ന (ഫോര്‍ത്ത്- ഫിഫ്ത് സ്റ്റംപ്) ബോളുകളില്‍ എഡ്ജായി വിക്കറ്റ് സമ്മാനിക്കുന്നത് അദ്ദേഹം ഇപ്പോള്‍ ഒരു 'ഹോബിയായി' മാറ്റിയിരിക്കുകയാണ്. ഈ ബോളുകളില്‍ ഷോട്ട് കളിക്കാതെ വെറുതെ വിട്ടാല്‍ തീരുന്നതാണ് പ്രശ്‌നം. പക്ഷെ കോലിക്കു ഇതു സാധിക്കുന്നില്ല.
ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഒമ്പത് ഇന്നിങ്‌സുകളില്‍ എട്ടിലും ഒരേ രീതിയിലാണ് അദ്ദേഹം പുറത്തായത്. ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന പരമ്പരയില്‍ കളിച്ചാലും ഇതേ കെണിയൊരുക്കി കോലിയെ പൂട്ടുമെന്നുറപ്പാണ്. ഫോമില്ലായ്മയും പ്രായവും ഈ വീക്ക്‌നെസുമെല്ലാം പരിഗണിക്കമ്പോള്‍ വിരമിക്കല്‍ തന്നെയായിരിക്കും കോലിക്കു ഏറ്റവും ബെസ്റ്റ്.