അഹമ്മദാബാദ്: ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ രണ്ടു വമ്പന്‍ റെക്കോര്‍ഡുകള്‍ ഒറ്റയടിക്കു തകര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൈയടക്കി വച്ചിരുന്ന രണ്ടു ബാറ്റിങ് റെക്കോര്‍ഡുകളാണ് ഈ കളിയില്‍ അദ്ദേഹം തിരുത്തിയിരിക്കുന്നത്. കരിയറിലെ മോശം ഫോമിലൂടെ കടന്നു പോവുകയായിരുന്ന കോലി മികച്ച തിരിച്ചുവരവാണ് പരമ്പരയിലെ അവസാനത്തെ കളിയില്‍ നടത്തിയത്.
പരിക്കു കാരണം ആദ്യ ഏകദിനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്ന അദ്ദേഹം രണ്ടാമത്തെ കളിയില്‍ തിരിച്ചെത്തിയെങ്കിലും അഞ്ചു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ അവസാന കളിയില്‍ ഫിഫ്റ്റിയുമായി കോലി കസറി. 52 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. 55 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

സച്ചിന്‍ ഇനി പിന്നില്‍
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ കൂടുതല്‍ ടീമുകള്‍ക്കെതിരേ 4000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേരത്തേ സച്ചിന്‍ ടെണ്ടുല്‍ക്കറിനു അവകാശപ്പെട്ടതായിരുന്നു. രണ്ടു ടീമുകള്‍ക്കെതിരേയാണ് അദ്ദേഹത്തിനു ഈ നേട്ടം കുറിക്കാനായത്. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവര്‍ക്കെതിരേയാണ് 4000ത്തിന് മുകളില്‍ റണ്‍സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത്.
എന്നാല്‍ സച്ചിനെ ഓവര്‍ടേക്ക് ചെയ്ത് ഏകദിനത്തില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് കോലി. മൂന്നു ടീമുകള്‍ക്കെതിരേ അദ്ദേഹം 4000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കി കഴിഞ്ഞു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയാണ് അദ്ദേഹത്തിന്റെ നേട്ടം. ഓസീസിനെതിരേ 5393 റണ്‍സും ലങ്കയ്‌ക്കെതിരേ 4076 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം.
ഏകദിന ക്രിക്കറ്റ് ചരിത്രമെടുക്കുകയാണെങ്കില്‍ നേരത്തേ ഒരു താരം മാത്രമേ മൂന്നു ടീമുകള്‍ക്കെതിരേ 4000 റണ്‍സ് തികച്ചിട്ടുള്ളൂ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ റിക്കി പോണ്ടിങാണിത്. ഇംഗ്ലണ്ട്, ശ്രീലങ്ക, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഇപ്പോള്‍ പോണ്ടിങിനൊപ്പം കോലിയും ഓള്‍ടൈം റെക്കോര്‍ഡില്‍ പങ്കാളിയായിരിക്കുകയാണ്.
മറ്റൊരു റെക്കോര്‍ഡും പഴങ്കഥ
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് കൂടി മൂന്നാം ഏകദിനത്തിനിടെ വിരാട് കോലി തിരുത്തിയിരിക്കുകയാണ്. ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ 16,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡ് നേരത്തേ സച്ചിന്റെ പേരില്‍ ഭദ്രമായിരുന്നു. 353 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം ഈ വമ്പന്‍ റെക്കോര്‍ഡിട്ടത്.

ഒരിക്കലും തകര്‍ക്കാനിടയില്ലെന്നു കരുതപ്പെട്ട ഈ റെക്കോര്‍ഡാണ് കോലി തകര്‍ത്തെറിഞ്ഞത്. 16,000 റണ്‍സിലെത്താന്‍ വെറും 340 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. കോലി, സച്ചിന്‍ എന്നിവര്‍ കഴിഞ്ഞാല്‍ എലൈറ്റ് ക്ലബ്ബില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസങ്ങളായ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ധനെയുമാണ്. യഥാക്രമം 360, 401 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇരുവരുടെയും നേട്ടം.
മികച്ച ടോട്ടലിലേക്ക്
ഇംഗ്ലണ്ടുമായുള്ള മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. 23 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 147 റണ്‍സെടുത്തിട്ടുണ്ട്.
78 റണ്‍സുമായി ശുഭ്മന്‍ ഗില്ലും എട്ടു റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസില്‍. നായകന്‍ രോഹിത് ശര്‍മ (1), വിരാട് കോലി (52) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. രണ്ടാം ഏകദിനത്തില്‍ ജയിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഈ കളിയില്‍ ഇറങ്ങിയത്.