IND vs ENG: രാഹുലാണ് ഇന്ത്യയുടെ ബെസ്റ്റ്, മൂന്ന് പ്രകടനം കൊണ്ട് ഒന്നും മാറില്ല- വിക്രം റാത്തോര്‍
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഒരു റണ്‍സെടുത്ത രാഹുല്‍ അവസാന രണ്ട് ഇന്നിങ്‌സിലും പൂജ്യത്തിന് പുറത്താവുകയായിരുന്നു. രണ്ടാമാസത്തോളം പുറത്തിരുന്ന ശേഷമുള്ള മടങ്ങിവരവില്‍ താളം കണ്ടെത്താന്‍ രാഹുലിന് സാധിക്കുന്നില്ല. രാഹുലിനെതിരേ വിമര്‍ശനം ശക്തമാകവെ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍.
'എല്ലാവര്‍ക്കും കരിയറില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അവസാന ഒരു വര്‍ഷമായി കെ എല്‍ രാഹുലാണ് ടി20യിലെ ഞങ്ങളുടെ മികച്ച ബാറ്റ്‌സ്മാന്‍. 40ന് മുകളില്‍ ശരാശരിയും 145ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. മൂന്ന് പരാജയപ്പെട്ട ഇന്നിങ്‌സുകൊണ്ട് അവന്‍ മികച്ച ബാറ്റ്‌സ്മാന്‍ അല്ലാതാകുന്നില്ല. ടി20യില്‍ ഞങ്ങളുടെ ഏറ്റവും മികച്ചവന്‍ അവനാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഞങ്ങള്‍ക്കായി മികച്ച പ്രകടനമാണ് രാഹുല്‍ നടത്തിയത്'- വിക്രം റാത്തോര്‍ പറഞ്ഞു.

അതേ സമയം സാമൂഹ്യ മാധ്യമങ്ങളിലടക്കം രാഹുലിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി രാഹുലിനെ നിലനിര്‍ത്തിയതും വിമര്‍ശനത്തിന്റെ ശക്തി ഉയരാന്‍ കാരണമായി. ഇംഗ്ലണ്ടിനെതിരേ ടി20 സെഞ്ച്വറി നേടിയിട്ടുള്ള രാഹുല്‍ ടി20യില്‍ മികച്ച റെക്കോഡുള്ള താരവുമാണ്. എന്നാല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ പുറത്തിരുന്നു. കൂടാതെ പരിക്കും താരത്തെ വേട്ടയാടി.
രാഹുലിനെ വിമര്‍ശിക്കേണ്ട സമയമല്ല പിന്തുണ നല്‍കേണ്ട സമയമാണിതെന്നും ഇന്ത്യന്‍ ബാറ്റിങ് കോച്ച് അഭിപ്രായപ്പെട്ടു. 'ഒരു ടീമെന്ന നിലയില്‍ അവനെ പിന്തുണയ്‌ക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ട്. നിലവില്‍ അവന്‍ നേരിടുന്ന മോശം ഫോമില്‍ നിന്ന് തീര്‍ച്ചയായും അവന്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. കൂടുതല്‍ ഇടവേള വരുന്നത് പ്രശ്‌നമാകുന്നുണ്ട്. എന്നാല്‍ പരിശീലനം നല്‍കുക മാത്രമാണ് വഴി. നെറ്റ്‌സില്‍ ഒരുപാട് സമയം നല്‍കിയിരുന്നു. ഒരു പ്രകടനമോ ഒരു ഷോട്ട്‌കൊണ്ട് പോലും രാഹുലിനെപ്പോലുള്ള താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തും'- വിക്രം റാത്തോര്‍ പറഞ്ഞു.
മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജോസ് ബട്‌ലറാണ് (83*) കളിയിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications