IND vs ENG: മൊട്ടേറയിലെ ഇന്ത്യയുടെ വിക്കറ്റ് രാജാക്കന്‍മാര്‍ ആരൊക്കെ? ടോപ് ഫൈവ് ഇതാ
ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരത്തിനും വേദിയാകുന്നത് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയമാണ്.ആതിഥേയരായ ഇന്ത്യക്കും സന്ദര്‍ശകരായ ഇംഗ്ലണ്ടിനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന മൈതാനമാണിത്. കാരണം ഈ മൈതാനത്ത് കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങള്‍ ഇരു ടീമിലും കുറവാണ്.
ഇന്ത്യയുടെ ചേതേശ്വര്‍ പുജാര, വിരാട് കോലി, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് തുടങ്ങിയവരാണ് ഈ മൈതാനത്ത് കളിച്ചിട്ടുള്ള നിലവിലെ താരങ്ങള്‍. നിലവിലെ ഇംഗ്ലണ്ട് ടീമില്‍ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും മാത്രമാണ് ഇവിടെ കളിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്ക് ഇവിടുത്തെ മൈതാനത്തില്‍ ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് മൊട്ടേറിയില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ആദ്യ അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

അനില്‍ കുംബ്ലെ
സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ് മൊട്ടേറിയിലെ പിച്ച്. ഇവിടെ കൂടുതല്‍ വിക്കറ്റ് നേടിയത് മുന്‍ ഇന്ത്യന്‍ നായകനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയാണ്. 1994-2008 കാലയളവില്‍ 7 മത്സരം ഇവിടെ കളിച്ച കുംബ്ലെ 36 വിക്കറ്റാണ് വീഴ്ത്തിയത്. 115 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് പ്രകടനം മൂന്ന് തവണയും 1 തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ കുംബ്ലെയ്ക്ക് സാധിച്ചിട്ടുണ്ട്.

ഹര്‍ഭജന്‍ സിങ്
മറ്റൊരു ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്ങാണ് പട്ടികയിലെ രണ്ടാം സ്ഥാനത്ത്. 1999-2010 കാലയളവിനുള്ളില്‍ 7 മത്സരത്തില്‍ നിന്ന് 29 വിക്കറ്റാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. 62 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും 1 തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ ഹര്‍ഭജന് സാധിച്ചിട്ടുണ്ട്. ഇവിടെ റണ്‍സ് വഴങ്ങുന്നതില്‍ കുംബ്ലെയെക്കാള്‍ മികവ് കാട്ടാന്‍ ഹര്‍ഭജന് സാധിച്ചിട്ടുണ്ട്.

കപില്‍ ദേവ്
മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ഹീറോയുമായ കപില്‍ ദേവാണ് പട്ടികയിലെ മൂന്നാമന്‍. 1983-1994 കാലയളവില്‍ മൂന്ന് മത്സരം കളിച്ച് 14 വിക്കറ്റാണ് കപില്‍ വീഴ്ത്തിയത്. 83 റണ്‍സ് വഴങ്ങി 9 വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച പ്രകടനം. ഓരോ തവണ വീതം അഞ്ച് വിക്കറ്റ്,പത്ത് വിക്കറ്റ് പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

പ്രഗ്യാന്‍ ഓജ
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് പട്ടികയിലെ നാലാമന്‍.2010-2012 കാലയളവില്‍ 2 മത്സരം മാത്രം കളിച്ച ഓജ 13 വിക്കറ്റാണ് സ്വന്തമാക്കിയത്. 45 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഒരു തവണ മാത്രമാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ഓജയ്ക്കായത്. 2012ല്‍ നടന്ന ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പരയിലാണ് ഓജയുടെ നേട്ടം.

സഹീര്‍ ഖാന്‍
മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 2003-2012 കാലയളവില്‍ 4 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 68 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2012ല്‍ മൊട്ടേറയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും സഹീര്‍ ഖാന്‍ ടീമിലുണ്ടായിരുന്നു.

നിലവിലെ താരങ്ങളില്‍ ഉമേഷും അശ്വിനും
നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഉമേഷ് യാദവും ആര്‍ അശ്വിനും നേരത്തെ മൊട്ടേറയില്‍ കളിച്ചിട്ടുള്ളവരാണ്. ഇരുവരും 2012ലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് കളിച്ചത്. നാല് വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തു. 70 റണ്‍സിന് മൂന്ന് വിക്കറ്റാണ് ഉമേഷിന്റെ മികച്ച പ്രകടനം. 80 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അശ്ലിന്റെ മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications