ലോര്‍ഡ്‌സ്: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാന സെഷനില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ജോടികളെ അധിക്ഷേപിച്ച ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനു രൂക്ഷ വിമര്‍ശം. ഇംഗ്ലണ്ടിന്റെ ബൗളിങ് ഉപദേശകനും ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ പേസറുമായ ടീം സൗത്തിയാണ് ഗില്ലിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും മൂന്നാം ദിനം അവസാന സെഷനില്‍ സമയം പാഴാക്കാന്‍ ശ്രമിച്ചതാണ് ഗില്ലിനെയും ഇന്ത്യന്‍ ടീമിനെയും ക്ഷുഭിതരാക്കിയത്.
കൈയ്ക്കു പരിക്കേറ്റ് ക്രോളി ബ്രേക്കെടുത്തപ്പോള്‍ നിയന്ത്രണം വിട്ട ഗില്‍ മോശം വാക്കുകളുപയോഗിച്ച് ഇംഗ്ലീഷ് താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മല്‍സരശേഷം സംസാരിക്കവെയാണ് ഗില്ലിന്റെ പെരുമാറ്റത്തെ സൗത്തി കുറ്റപ്പെടുത്തിയത്.

എന്താണ് പരാതി?
എന്തിന്റെ പേരിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ടീമംഗങ്ങളുമെല്ലാം പരാതിപ്പെടുന്നതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നു ടിം സൗത്തി പറഞ്ഞു. അവര്‍ എന്താണ് പരാതപ്പെട്ടത് എന്നതിനെ കുറിച്ച് എനിക്കുറപ്പില്ല. ഇന്നലെ കളിയുടെ മധ്യത്തില്‍ ശുഭ്മന്‍ ഗില്‍ നിലത്തു കിടക്കുകയും മെഡിക്കല്‍ സംഘം മസാജ് നല്‍കുകയുമെല്ലാം ചെയ്തിട്ടുള്ളതാണ്.
നിങ്ങള്‍ ഒരു ദിവസത്തെ മല്‍സരത്തിന്റെ അവസാനത്തിലേക്കു കടക്കുമ്പോള്‍ ഇവയെല്ലാം കളിയുടെ ഭാഗം തന്നെയാണ്. ഒരു ദിവസമവസാനിപ്പിക്കാന്‍ ഏറ്റവും ആവേശകരമായ വഴി തന്നെയാണിതെന്നും സൗത്തി വ്യക്തമാക്കി.
അവസാന ഓവറിലെ നാടകീയ രംഗങ്ങളുടെ വീഡിയോ കാണാം
ക്രോളിയുടെ പരിക്കിനെ കുറിച്ച് രാത്രിയില്‍ വിലയിരുത്തുമെന്നും കുസൃതിച്ചിരിയോടെ അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്കിടെയും വളരെ നല്ല സ്പിരിറ്റോടെയാണ് ഇരുടീമുകളം ഈ പരമ്പരയില്‍ കളിച്ചു കൊണ്ടിരിക്കുന്നതെന്നും സൗത്തി ചൂണ്ടിക്കാട്ടി.

വിവാദത്തെ കുറിച്ച് രാഹുല്‍
ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും മനപ്പൂര്‍വ്വം സമയം പാഴാക്കാന്‍ ശ്രമിച്ചത് എന്തു കൊണ്ടാണെന്നു തനിക്കു മനസ്സിലാക്കാന്‍ സാധിക്കുമെന്നായിരുന്നു ഇന്ത്യന്‍ ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിന്റെ പ്രതികരണം.
ഒരു ഓപ്പണിങ് ബാറ്ററുടെ കാഴ്ചപ്പാടില്‍ അവര്‍ ചെയ്യാന്‍ ശ്രമിച്ചത് എനിക്കു മനസ്സിലാക്കാന്‍ കഴിയും. യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും, എല്ലാവര്‍ക്കും ഇതെല്ലാം മനസ്സിലാക്കാനും സാധിക്കും. ഞങ്ങള്‍ രണ്ടോവറുകള്‍ ബൗള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു.
കളി തീരാന്‍ അപ്പോള്‍ ആറു മിനിറ്റുകള്‍ ബാക്കിയുണ്ടായിരുന്നു. ഇത്രയും മിനിറ്റുകള്‍ ശേഷിക്കുമ്പോള്‍ ഏതു ടീമും രണ്ടോവര്‍ ബൗള്‍ ചെയ്യുമെന്നത് എല്ലാവര്‍ക്കുമറിയാം. പക്ഷെ അവസാനത്തേക്കും കാര്യങ്ങള്‍ അല്‍പ്പം നാടകീയമായി മാറിയതായും രാഹുല്‍ വിശദാക്കി.
അതേസമയം, ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ ജസ്പ്രീത് ബുംറയെറിഞ്ഞ ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. എത്രയും വേഗം കളിയാരംഭിച്ച് ശേഷിച്ച രണ്ടോവറുകള്‍ എറിയാനായിരുന്നു ഇന്ത്യയുടെ ശ്രമം. എന്നാല്‍ ഒരോവര്‍ മാത്രം ബാറ്റ് ചെയ്ത് കളി തീര്‍ക്കാനാനാണ് ഇംഗ്ലണ്ട് പദ്ധതിയിട്ടത്. അതുകൊണ്ടു തന്നെ തുടക്കം മുതല്‍ അവരുടെ ഭാഗത്തു നിന്നും മെല്ലെപ്പോക്ക് കാണാമായിരുന്നു.
ആദ്യത്തെ രണ്ടു ബോളുകള്‍ നേരിട്ട ശേഷം സൈറ്റ് സ്‌ക്രീനില്‍ പ്രശ്‌നമുണ്ടെന്നു കാണിച്ച് ക്രോളി അല്‍പ്പമയം വൈകിപ്പിച്ചു. ഈ സമയത്തു ബുംറയുടെ മുഖത്ത് അതൃപ്തി കാണാമായിരുന്നു. സ്ലിപ്പിലുണ്ടായിരുന്ന ഗില്ലും ഇന്ത്യന്‍ താരങ്ങളും രോഷതതോടെ പലതും വിളിച്ചു പറയുകയുമ ചെയ്തു. അഞ്ചാമത്തെ ബോള്‍ ക്രോളിയുടെ കൈയിലെ ഗ്ലൗസിലാണ് കൊണ്ടത്.
ഇതോടെ അദ്ദേഹം വീണ്ടും ബ്രേക്കെടുത്തു. ഈ സമയത്തു ഗില്ലും ഇന്ത്യന്‍ താരങ്ങളും അടുത്തേക്കു വന്ന് കൈയടിച്ചാണ് പരിഹസിച്ചത്. ക്രോളിയുടെ അടുത്തെത്തിയ ഗില്‍ വിരല്‍ ചൂണ്ടി സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഡക്കെറ്റും ഗില്ലിനു അടുത്തേക്കു വന്നു സംസാരിച്ചു. അവിടെ നിന്നു മാറിയ ശേഷവും ഇംഗ്ലീഷ് താരങ്ങളെ നോക്കി മോശം വാക്കുകളുപയോഗിച്ച് അദ്ദേഹം അധിക്ഷേപിക്കുന്നതും കാണാമായിരുന്നു.