IND vs ENG: നടപ്പിലാക്കിയത് ഗംഭീറിന്റെ തന്ത്രം! ഉപദേശിച്ചത് ഒരു കാര്യം; വെളിപ്പെടുത്തി തിലക്
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ രണ്ട് വിക്കറ്റിന്റെ ജയം നേടിയെടുത്തിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 165 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യ നാല് പന്ത് ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയായിരുന്നു. തിലക് വര്‍മയുടെ (72*) പ്രകടനമാണ് ഇന്ത്യക്ക് ആവേശ ജയമൊരുക്കിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ തിലക് വര്‍മ 55 പന്തില്‍ 72 റണ്‍സാണ് നേടിയത്. നാല് ഫോറും അഞ്ച് സിക്‌സുമാണ് തിലക് പറത്തിയത്.
ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനം നടത്തിയതോടെ തിലക് വര്‍മ കൈയടി നേടുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് തുടര്‍ സെഞ്ച്വറികള്‍ നേടിയ തിലക് വീണ്ടും മൂന്നാം നമ്പറില്‍ കസറിയിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ കെല്‍പ്പുള്ളവനാണ് തിലകെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. ഇപ്പോഴിതാ രണ്ടാം മത്സരത്തിലെ മാച്ച് വിന്നിങ് പ്രകടനത്തിന് കാരണമായ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് തിലക് വര്‍മ.
ഗംഭീര്‍ ഭായി നല്‍കിയ ഉപദേശം അനുസരിച്ചു
തന്റെ മാച്ച് വിന്നിങ് പ്രകടനത്തിന് പിന്നില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഉപദേശം കരുത്തായെന്നാണ് തിലക് വര്‍മ പറയുന്നത്. മത്സരത്തിന് മുമ്പ് ഗൗതം ഗംഭീറുമായി സംസാരിച്ചതിനെക്കുറിച്ചും തിലക് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വാഭാവികമായ ആക്രമണ ശൈലിയില്‍ കളിക്കാതെ മത്സരത്തിലെ സാഹചര്യത്തിനനുസരിച്ച് കളിക്കണമെന്നാണ് ഗംഭീര്‍ നിര്‍ദേശിച്ചതെന്നും ഇത് നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നുമാണ് തിലക് പറയുന്നത്.
'മത്സരത്തില്‍ പിച്ച് നല്ലതുപോലെ പേസര്‍മാരെ പിന്തുണക്കുന്നുണ്ടായിരുന്നു. ഒരുവശത്ത് വിക്കറ്റുകളും നഷ്ടമായി. മത്സരത്തിന് മുമ്പ് ഗൗതം ഗംഭീര്‍ സാറുമായി സംസാരിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് എന്ത് സംഭവിച്ചാലും മത്സരത്തിന്റെ സാഹചര്യം നോക്കി കളിക്കണമെന്നാണ്. എന്താണോ ടീമിന് ആവശ്യം അതിനനുസരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. ഒരോവറില്‍ 10 റണ്‍സ് വേണമെങ്കില്‍ അതിനനുസരിച്ച് ബാറ്റ് ചെയ്യും. യുക്തിപൂര്‍വ്വം ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്' തിലക് വര്‍മ പറഞ്ഞു.

സമ്മര്‍ദ്ദത്തിലാകാതെ രക്ഷകനായി
166 റണ്‍സ് ചെന്നൈയിലെ പിച്ചില്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ പ്രയാസമുള്ള സ്‌കോറല്ല. എന്നാല്‍ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒരുവശത്ത് തിലക് വര്‍മ ഒറ്റപ്പെട്ടുവെന്നതാണ് വസ്തുത. സഞ്ജു സാംസണ്‍ അഞ്ച് റണ്‍സെടുത്തപ്പോള്‍ ആദ്യ മത്സരത്തില്‍ ഹീറോയായ അഭിഷേക് ശര്‍മ 12 റണ്‍സെടുത്താണ് മടങ്ങിയത്. നായകന്‍ സൂര്യകുമാര്‍ യാദവിനും 12 റണ്‍സാണ് നേടാനായത്. ദ്രുവ് ജുറേല്‍ നാല് റണ്‍സെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഏഴ് റണ്‍സെടുത്തും മടങ്ങി.
ഇന്ത്യയുടെ പ്രധാനപ്പെട്ടവരെല്ലാം വേഗം കൂടാരം കയറിയപ്പോഴും ഒരുവശത്ത് സമ്മര്‍ദ്ദം കാട്ടാതെ തിലക് റണ്‍സുയര്‍ത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി പലവട്ടം മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ തിലക് വര്‍മക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെ ഇത്തരമൊരു സമ്മര്‍ദ്ദ സാഹചര്യത്തില്‍ നിന്ന് ഒറ്റക്ക് കൈപിടിച്ചുയര്‍ത്തുന്നത് ഇതാദ്യമായാണ്. ഇന്ത്യക്ക് ഭാവിയിലേക്കും വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറാന്‍ ഈ പ്രകടനത്തോടെ തിലക് വര്‍മക്ക് സാധിച്ചിരിക്കുകയാണ്.
ബിഷ്‌നോയിയോട് പറഞ്ഞത് എന്താണ്
എട്ട് വിക്കറ്റുകള്‍ വീണ ശേഷം രവി ബിഷ്‌നോയിയെ കൂട്ടുപിടിച്ചാണ് തിലക് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. അഞ്ച് പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ നിര്‍ണ്ണായകമായ 9 റണ്‍സാണ് ബിഷ്‌നോയ് നേടിയത്. അവസാന സമയത്ത് ബിഷ്‌നോയിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചും തിലക് തുറന്ന് പറഞ്ഞു. 'പന്തിന്റെ ലൈന്‍ നോക്കി കളിക്കണമെന്നാണ് ഞാന്‍ രവിയോട് പറഞ്ഞത്. നിങ്ങള്‍ കണ്ടതുപോലെ ഒരു ഫ്‌ളിക്ക് ഷോട്ടും ഒരു ഷോട്ട് ലിവിങ്‌സ്റ്റണെതിരേയും മനോഹരമായി നടത്തി. ഈ രണ്ട് ബൗണ്ടറികള്‍ വിജയത്തിലേക്കെത്തുന്നത് അല്‍പ്പം കൂടി എളുപ്പമാക്കി' തിലക് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications