IND vs ENG: 'ദുരന്തമാവുന്ന നായകന്‍', കോലിയുടെ വലിയ പിഴ, ഇന്ത്യക്ക് അടിതെറ്റിയ മൂന്ന് കാരണങ്ങളിതാ
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നു. ലോര്‍ഡ്‌സില്‍ നേടിയ 151 റണ്‍സ് ജയത്തില്‍ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ കോലിപ്പട 78 റണ്‍സിനാണ് ആദ്യ ഇന്നിങ്‌സില്‍ കൂടാരം കയറിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനങ്ങളെല്ലാം പിഴച്ചപ്പോള്‍ ലീഡ്‌സില്‍ നാണക്കേടിന്റെ പടുകുഴിയിലേക്ക് ഇന്ത്യ വീണു.
ടോസ് നേടി സാഹചര്യം മനസിലാക്കാതെ കോലി ബാറ്റിങ് തിരഞ്ഞെടുത്തത് മുതല്‍ ആദ്യ ദിനത്തിലെ നായകനെന്ന നിലയിലെടുത്ത പല തീരുമാനങ്ങളും ഫലപ്രദമാക്കാന്‍ അദ്ദേഹത്തിനായില്ല. ബാറ്റിങ്ങില്‍ ഇന്ത്യ വളരെ പ്രതീക്ഷവെച്ചെങ്കിലും രക്ഷകനാവാന്‍ ആര്‍ക്കുമായില്ല. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യക്ക് നിര്‍ണ്ണായകമായ ഓപ്പണിങ് കൂട്ടുകെട്ട് സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ മടങ്ങി.
ചേതേശ്വര്‍ പുജാര പതിവ് മോശം ഫോം നിലനിര്‍ത്തിയപ്പോള്‍ പിന്നാലെ എത്തിയ വിരാട് കോലി (7), റിഷഭ് പന്ത് (2), രവീന്ദ്ര ജഡേജ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. അജിന്‍ക്യ രഹാനെയും (18) രോഹിത് ശര്‍മയുമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട് നിന്നത്. വാലറ്റം ലോര്‍ഡ്‌സില്‍ ഇന്ത്യക്കായി കരുത്തുറ്റ പോരാട്ടം നടത്തിയെങ്കിലും ലീഡ്‌സില്‍ അത് ആവര്‍ത്തിക്കാനായില്ല. എന്തായാലും ലീഡ്‌സിലെ ഒന്നാം ഇന്നിങ്‌സ് ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന അധ്യായമായിരിക്കുകയാണ്. ആദ്യ ദിനത്തില്‍ ഇന്ത്യ വരുത്തിയ മൂന്ന് വലിയ പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് സിറാജിനെ വൈകി എറിയിച്ചു
ലോര്‍ഡ്‌സിലെ ഇന്ത്യയുടെ വിജയ ശില്‍പ്പിയെന്ന വിശേഷണം അര്‍ഹിക്കുന്ന ബൗളറാണ് മുഹമ്മദ് സിറാജ്. എട്ട് വിക്കറ്റുകളുമായി ഇന്ത്യക്കാരന്റെ ലീഡ്‌സിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സിറാജിനായിരുന്നു. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരടക്കം സിറാജിന്റെ ബൗളിങ്ങിനെ പ്രശംസിക്കുകയും നേരിടാന്‍ പ്രയാസമാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ ലീഡ്‌സില്‍ ഇന്ത്യ വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ട ശേഷം പന്തെറിയാന്‍ ഇറങ്ങുമ്പോള്‍ തുടക്കത്തിലേ തന്നെ വിക്കറ്റ് നേടാന്‍ മിടുക്കനായ സിറാജിനെ പരീക്ഷിക്കണമായിരുന്നു.
എന്നാല്‍ 18ാം ഓവറില്‍ മാത്രമാണ് കോലി സിറാജിന് പന്ത് നല്‍കിയത്. അപ്പോഴേക്കും ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിച്ച് കഴിഞ്ഞിരുന്നു. ഇഷാന്ത് ശര്‍മ ലൈനും ലെങ്തും കണ്ടെത്താതെ പ്രയാസപ്പെട്ടു. ജസ്പ്രീത് ബുംറക്കും വലിയ മൂര്‍ച്ചയില്ലായിരുന്നു. ന്യൂബോളില്‍ കൂടുതല്‍ തിളങ്ങാന്‍ കെല്‍പ്പുള്ള സിറാജിനെ വൈകി എറിയിച്ച് മോശം തീരുമാനമാണെന്നതില്‍ സംശയമില്ല.

ടോസ് തിരഞ്ഞെടുപ്പില്‍ പാളി
ഏറെ നാളുകള്‍ക്ക് ശേഷം അനുകൂലമായി ടോസ് ലഭിച്ചതിന്റെ സന്തോഷത്തിലാവാം കോലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് പലരും വിമര്‍ശിച്ച് ചൂണ്ടിക്കാട്ടുന്നത്. ലീഡ്‌സില്‍ 2002ല്‍ ഇന്ത്യ ജയിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്‌കോര്‍ നേടി ഇംഗ്ലണ്ടിനെതിരേ ഇന്നിങ്‌സ് ജയം നേടിയെടുക്കുകയായിരുന്നു. ഇത് ആവര്‍ത്തിക്കാനുള്ള ശ്രമമാണ് കോലി നടത്തിയതെങ്കിലും അവസരത്തിനൊത്ത് ഉയരാത്ത ബാറ്റിങ് നിര എല്ലാ പ്രതീക്ഷകളും തകര്‍ത്തു. ഇന്ത്യയുടെ സാഹചര്യവും ലീഡ്‌സിലെ സാഹചര്യവും വിലയിരുത്തുമ്പോള്‍ ആദ്യം പന്തെറിയുന്നതായിരുന്നു നല്ലത്.

ഇന്ത്യന്‍ താരങ്ങളുടെ ഷോട്ട് സെലക്ഷന്‍
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഷോട്ട് സെലക്ഷനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എല്ലാവരും തന്നെ മോശം ഷോട്ടിന് ശ്രമിച്ചാണ് പുറത്തായതെന്ന് പറയാതെ വയ്യ. കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെയെല്ലാം ഫുട് വര്‍ക്കിലെ പിഴവാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. രാഹുലും പുജാരയും കോലിയും ജെയിംസ് ആന്‍ഡേഴ്‌സന് മുന്നില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. എഡ്ജില്‍ തട്ടിയാണ് മൂന്ന് പേരും പുറത്തായത്. രോഹിത് ശര്‍മ സമാന പിഴവ് ആവര്‍ത്തിച്ചു. ഷോട്ട് ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ചാണ് ഇത്തവണയും പുറത്തായത്. ഇംഗ്ലണ്ടിലെ സ്വിങ്ങിങ് പിച്ചില്‍ ഈ ഫുട് വര്‍ക്കില്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് തിളങ്ങാനാവുക പ്രയാസമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications