Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിനും ജഡ്ഡുവിനും സെഞ്ച്വറി, തീപ്പൊരിയായി സര്‍ഫറാസ്, ഇന്ത്യക്കു മികച്ച സ്‌കോര്‍

രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനു മികച്ച തുടക്കം. ആദ്യമൊന്നു പതറിയ ശേഷം പിന്നീട് കളിയിലേക്കു ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യ കരുത്തുകാണിച്ചത്. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 326 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (110*) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യയെ രക്ഷിച്ചത്. രോഹിത് 196 ബോളില്‍ 14 ഫോറുകളും മൂന്നു സിക്‌സറും പറത്തി.

ജഡേജയാവട്ടെ 212 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറും നേടി. കളി നിര്‍ത്തുമ്പോള്‍ ജഡേജയ്‌ക്കൊപ്പം നൈറ്റ് വാച്ച്മാനായ കുല്‍ദീപ് യാദവാണ് (1) ക്രീസിലുള്ളത്. എന്നാല്‍ ഇന്ത്യന്‍ നിരയില്‍ ഇവരേക്കാള്‍ ആരാധകരുടെ കൈയടി വാങ്ങിയത് അരങ്ങേറ്റക്കാരനായ യുവതാരം സര്‍ഫറാസ് ഖാനാണ്. ആറാം നമ്പറില്‍ ബാറ്റ് ചെയ്ത താരം ഇടിമിന്നല്‍ ഫിഫ്റ്റി കുറിച്ച ശേഷമാണ് ക്രീസ് വിട്ടത്.

ROHIT SHARMA

66 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കം 62 റണ്‍സാണ് സര്‍ഫറാസ് കന്നി മല്‍സരത്തില്‍ നേടിയത്. യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്മന്‍ ഗില്‍ (0), രജത് പാട്ടിധാര്‍ (5) എന്നിവര്‍ക്കൊന്നും ബാറ്റില്‍ തിളങ്ങാനായില്ല.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു ആദ്യത്തെ സെഷനില്‍ തന്നെ മുട്ടിടിക്കുകയായിരുന്നു. ജയ്‌സ്വാള്‍, ഗില്‍, പാട്ടിധാര്‍ എന്നിവരുടെ വിക്കറ്റ് 11 റണ്‍സിനിടെയാണ് ഇന്ത്യക്കു നഷ്ടമായത്. ഇതോടെ വിക്കറ്റ് പോവാതെ 21 റണ്‍സില്‍ നിന്നും ഇന്ത്യ മൂന്നു വിക്കറ്റിനു 33 റണ്‍സിലേക്കു കൂപ്പുകുത്തി. ഇന്ത്യ 200 റണ്‍സ് പോലും തികയ്ക്കുമോയെന്നു ആരാധകര്‍ ആശങ്കപ്പെട്ട നിമിഷം. സര്‍ഫറാസിനു പകരം അഞ്ചാം നമ്പറില്‍ ജഡേജയെ ഇന്ത്യ പ്രൊമോട്ട് ചെയ്യുകയായിരുന്നു. ഈ നീക്കം വന്‍ വിജയവുമായി മാറി.

204 റണ്‍സാണ് നാലാം വിക്കറ്റില്‍ ഈ ജോടി കൂട്ടിച്ചേര്‍ത്തത്. 33 റണ്‍സില്‍ ഒരുമിച്ച ജോടി 237ലായിരുന്നു വേര്‍പിരിഞ്ഞത്. ഇതിനിടെ രോഹിത് തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഈ സഖ്യം കളിയില്‍ ആധിപത്യം പുലര്‍ത്തി മുന്നേറവെയാണ് രോഹിത് പുറത്തായത്. മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ അദ്ദേഹത്തെ ബെന്‍ സ്റ്റോക്‌സ് പിടികൂടുകയായിരുന്നു.

തുടര്‍ന്നാണ് സര്‍ഫറാസിന്റെ വരവ്. ഒരു തുടക്കക്കാരന്റെ യാതൊരു പരിഭ്രമവുമില്ലാതെ ഇംഗ്ലീഷ് ബൗളര്‍മാരെ താരം കടന്നാക്രമിക്കുകയായിരുന്നു. അനായാസം താരം ഫോറുകള്‍ വാരിക്കൂട്ടുകയും ചെയ്തു. ഒടുവില്‍ 48 ബോളില്‍ സര്‍ഫറാസ് ഫിഫ്റ്റിയും കണ്ടെത്തുകയായിരുന്നു. പക്ഷെ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്താവാനായിരുന്നു താരത്തിന്റെ വിധി.

ജഡേജ 99ല്‍ നില്‍ക്കെ സിംഗിളെടുത്ത് അദ്ദേഹത്തെ സെഞ്ച്വറിയടിക്കാന്‍ ശ്രമിക്കവെ നോണ്‍ സ്‌ട്രൈക്കറായ സര്‍ഫറാസ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. ജഡേജ ആദ്യം സിംഗിളിനു യെസ് പറഞ്ഞ ശേഷം പിന്നീട് അതു വേണ്ടെന്നു വച്ചതാണ് സര്‍ഫറാസിന്റെ ഗംഭീര ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

SARFARAZ- JUREL

സര്‍ഫറാസിനെക്കൂടാതെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും ഈ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയിരുന്നു. ബൗളിങില്‍ മുകേഷ് കുമാറിനെ ഒഴിവാക്കിയ ഇന്ത്യ മുഹമ്മദ് സിറാജിനെ തിരികെ വിളിക്കുകയും ചെയ്തു. അക്ഷര്‍ പട്ടേലിനു ടീമില്‍ സ്ഥാനം നഷ്ടമായപ്പോള്‍ കുല്‍ദീപ് യാദവ് സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ടു ടെസ്റ്റുകളും നാലു ദിവസം കൊണ്ടു തന്നെ അവസാനിച്ചിരുന്നു. ഒന്നാം ടെസ്റ്റില്‍ ആദ്യത്തെ രണ്ടു ദിവസവും ആധിപത്യം നേടിയ ശേഷമായിരുന്നു ഇന്ത്യ 28 റണ്‍സിന്റെ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങിയത്. രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യ 106 റണ്‍സിന്റെ ആധികാരിക വിജയവുമായി പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാട്ടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒാലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), രെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

Story first published: Thursday, February 15, 2024, 5:45 [IST]
Other articles published on Feb 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+