രാജ്‌കോട്ട്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പോരാട്ടം മുറുകുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 445 റണ്‍സിനു ഇതേ നാണയത്തില്‍ തകര്‍പ്പന്‍ മറുപടിയാണ് ഇംഗ്ലണ്ട് നല്‍കിയിരിക്കുന്നത്. ടി20 ശൈലിയില്‍ അതിവേഗം റണ്‍സ് വാരിക്കൂട്ടുന്ന ഇംഗ്ലണ്ട് രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ 35 ഓവറില്‍ രണ്ടു വിക്കറ്റിനു 207 റണ്‍സെടുത്തു. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 238 റണ്‍സ് കൂടി വേണം.
സെഞ്ച്വറി നേടിയ ഇടംകൈയന്‍ ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനൊപ്പം (133*) ജോ റൂട്ടാണ് (9*) ക്രീസിലുള്ളത്. സാക്ക് ക്രോളി (15), ഓലി പോപ്പ് (39) എന്നിവരെയാണ് ഇന്ത്യ മടക്കിയത്. നേരത്തേ അഞ്ചു വിക്കറ്റിനു 326 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്കു 119 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.

ടീം ടോട്ടല്‍ 450 റണ്‍സിനു അരികില്‍ വരെയെത്തിച്ചത് ലോവര്‍ ഓര്‍ഡറില്‍ അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ (46), ആര്‍ അശ്വിന്‍ (37), ജസ്പ്രീത് ബുംറ (26) എന്നിവരുടെ വിലപ്പെട്ട സംഭാവനകളായിരുന്നു. മല്‍സരം പുനരാരംഭിക്കുമ്പോള്‍ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമായിരുന്നു ക്രീസില്‍. പക്ഷെ ടീം സ്‌കോറിലേക്കു അഞ്ചു റണ്‍സ് കൂട്ടിച്ചേത്തപ്പോഴേക്കും കുല്‍ദീപിനെയും ജഡേജയും അടുത്ത ഓവറില്‍ ഇന്ത്യക്കു നഷ്ടമായി (ഏഴിന് 331).
225 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടെ 112 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് 24 ബോളില്‍ നാലു റണ്‍സുമെടുത്ത് മടങ്ങി. ഇതോടെ ഇന്ത്യക്കു 400 റണ്‍സ് കടക്കാനാവുമോയെന്നും സംശയങ്ങളുയര്‍ന്നു. പക്ഷെ അശ്വിനും ജുറേലും ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യന്‍ ടോട്ടല്‍ 400 കടത്തുകയായിരുന്നു. ഈ ജോടി കരുത്താര്‍ജിക്കവെയാണ് അശ്വിനെ രെഹാന്‍ അഹമ്മദ് പുറത്താക്കിയത്. 89 ബോളില്‍ ആറു ഫോറുള്‍പ്പെടെ 37 റണ്‍സ് അദ്ദേഹം നേടി.
പിന്നാലെ ജുറേലും പുറത്തായി. കന്നി ടെസ്റ്റില്‍ കളിക്കുന്ന താരം 104 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 46 റണ്‍സുമായി തന്റെ സാന്നിധ്യമറിയിച്ചാണ് ക്രീസ് വിട്ടത്. തുടര്‍ന്ന് അവസാന വിക്കറ്റില്‍ ബുംറ- സിറാജ് ജോടി 30 റണ്‍സും കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ ടോട്ടല്‍ 445 റണ്‍സിലെത്തുകയായിരുന്നു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലും രെഹാന്‍ രണ്ടും വിക്കറ്റുകളെടുത്തു.
ജഡേജയെക്കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (131) സെഞ്ച്വറിയും അരങ്ങേറ്റക്കാരനായ സര്‍ഫറാസ് ഖാന്റെ (62) തീപ്പൊരി ഫിഫ്റ്റിയുമാണ് ആദ്യദിനം ഇന്ത്യയുടെ ഇന്നിങ്‌സിനു കരുത്തേകിയത്. 196 ബോളില്‍ 14 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. സര്‍ഫറാസാവട്ടെ വെറും 66 ബോളിലാണ് 62 റണ്‍സ് അടിച്ചെടുത്തത്. ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. യശസ്വി ജയ്സ്വാള്‍ (10), ശുഭ്മന്‍ ഗില്‍ (0), രജത് പാട്ടിധാര്‍ (5) എന്നിവരാണ് ആദ്യദിനം പുറത്തായ മറ്റുള്ളവര്‍.

ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. ആദ്യത്തെ സെഷനില്‍ തന്നെ മൂന്നു വിക്കറ്റിനു 33 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ജഡേജയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. നാലാം വിക്കറ്റില്‍ 204 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഇന്ത്യന്‍ ടോട്ടല്‍ 200 കടക്കുകയും ചെയ്യുകയായിരുന്നു.
ടീം സ്‌കോര്‍ 237ല്‍ നില്‍ക്കെ രോഹിത് പുറത്തായെങ്കിലും പിന്നീടെത്തിയ സര്‍ഫറാസുമായി ചേര്‍ന്ന് ജഡേജ വീണ്ടും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കി. 77 റണ്‍സാണ് ഈ ജോടി അടിച്ചെടുത്തത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച സര്‍ഫറാസ് അതിവേഗം ഇന്ത്യയെ മുന്നോട്ടു നയിക്കവെയാണ് നിര്‍ഭാഗ്യകരമായ റണ്ണൗട്ട് സംഭവിച്ചത്. ജഡേജ 99 നില്‍ക്കവെ സിംഗിളിനായി ശ്രമിക്കവെ സര്‍ഫറാസ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാട്ടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒാലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), രെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍